വി.ജി മുകുന്ദൻ*
വിളറിപിടിച്ച കാലത്തിന്റെ
കരാള ഹസ്തങ്ങൾ
ഇരുൾതീർത്ത ലോകത്തിപ്പോൾ
നമ്മൾ തമ്മിൽ കാണുന്നേയില്ല!.
ഇരുളൂതിക്കെടുത്തിയ ജീവിതങ്ങൾ
കനൽ കൂനകളിൽ നിന്നും
കൊമ്പുകൾ മുളച്ച്
തീതുപ്പുന്ന കണ്ണുകളുമായി
ഇരുട്ടിനെ തട്ടി തെറിപ്പിച്ച്
പുറത്തു ചാടുന്നു.
കൈകാലുകൾ നീട്ടിവളച്ച്
താണ്ഡവമാടുന്ന
വിശപ്പിന്റെ നഗ്നത
പെരുവിരലിൽ നിന്ന് കത്തുന്നു.
കടിച്ചുകീറുന്ന വാക്കുകൾ
അധികാരകേന്ദ്രങ്ങളിൽ
തുളച്ചുകേറുമ്പോൾ
നിശബ്‌ദതയുടെ എല്ലാ ആരവങ്ങളും
കത്തി ചാമ്പലാകുന്നു!.
കാലത്തിന് കുറുകെ പാഞ്ഞ്
മുന്നേറാനുള്ള ശ്രമത്തിൽ
ശാസ്ത്രലോകം
വീണ്ടും ഇരുട്ടിൽ തപ്പുന്നു!.
ഇരുൾ തുരന്ന് വരുന്ന
പ്രകാശവും കാത്ത്
വിറപൂണ്ടിരിക്കുന്നു
വിളറിപിടിച്ച കാലം…!!