മകന് പതിനെട്ട് വയസ്സ് തികഞ്ഞ അന്ന് നാട്ടിലേക്കു വിളിച്ചത് Happy Birthday ആശംസിക്കാനായിരുന്നു.
നന്ദി പറഞ്ഞുകൊണ്ട് മകന്‍:

” അച്ചാ എനിക്ക് ടൂവീലര്‍ ലെെസെന്‍സെടുക്കണം.മുവ്വായിരം രൂപ അയച്ചു തരണം ”

നാളെ തിരിച്ചു വിളിക്കാമെന്ന് മകനോട് പറഞ്ഞ് അദ്ദേഹം ഫോണ്‍ വച്ചു.

അദ്ദേഹം ഒാര്‍ക്കുകയായിരുന്നു.

കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും,കൂട്ടുകാരെ ജീവനുതുല്യം സ്നേഹിക്കുകയും, അവര്‍ പറയുന്നത് താന്‍ പറയുന്നതിനേക്കാള്‍ മുഖവിലക്കെടുക്കുകയും ചെയ്യുന്ന മകന്‍.
പക്വതയില്ലാത്ത ഈ പ്രായത്തില്‍ ലെെസെന്‍സ് എടുക്കുക എന്നു പറഞ്ഞാല്‍ പുറത്തേക്കു പോകുവാനുള്ള അനുവാദം നല്കലുമാണ്. മാത്രവുമല്ല , കുട്ടികളുടെ അമിതവേഗതയും തുടര്‍ന്നുള്ള അപകടങ്ങളും നിത്യേനെ എന്നോണം കാണുന്നതും,കേള്‍ക്കുന്നതുമാണ്.
അദ്ദേഹം തീരുമാനിച്ചു.
കുറേകൂടി കഴിഞ്ഞിട്ടു മതി ലെെസെന്‍സ്.
പിറ്റേ ദിവസം തന്നെ രാമേട്ടന്‍ മകനെ പിണക്കേണ്ടെന്നു കരുതി നാട്ടിലേയ്ക്ക് വിളിച്ചിട്ടിങ്ങിനെ പറഞ്ഞു:

” മോനേ അച്ഛനിവിടെ കുറേ കടത്തിലാണ്.നമുക്ക് കുറച്ചു കഴിഞ്ഞ് എടുക്കാം”.

രണ്ടു ദിവസം കഴിഞ്ഞില്ല ഭാര്യയുടെ ശബ്ദ സന്ദേശം:

”അവന് അവന്റെ അളിയന്‍[മകളുടെ ഭര്‍ത്താവ്] കൊടുത്തു പണം.നിങ്ങള്‍ക്ക് എന്നുമുണ്ട് മക്കള് എന്തേലും ചോദിച്ചാല്‍ കടം കടം..”

ഭാര്യ പിണങ്ങേണ്ടെന്നു കരുതി, മരുമകനോട് പണം വാങ്ങിയ കാര്യം എന്തേ മുന്‍കൂട്ടി എന്നോട് പറയാതിരുന്നത് എന്ന് ചോദിച്ചില്ല.

ഒരുമാസത്തിനു ശേഷം വീണ്ടും മകന്റെ ശബ്ദ സന്ദേശം:

”അച്ചാ ഒരു ടുവീലര്‍ കൊടുക്കാനുണ്ട്.അതു ഞാന്‍ വാങ്ങട്ടെ.കുറഞ്ഞ വിലക്കു തരാന്നു പറഞ്ഞു”

പിന്നാലെ ഭാര്യയുടെ മെസ്സേജ്:
” ഇതെങ്കിലും മോന് വാങ്ങിച്ചു കൊടുക്ക്..എനിക്കറിയാം കടങ്ങളുണ്ട്.ബാങ്കില്‍ വീടിന്റെ ലോണടക്കണം.അവന്റെ കൂട്ടുകാര്‍ക്കെല്ലാം പുതിയ ബെെക്കുകളുണ്ട്. അവന് ക്ലാസ്സില്‍ പോകാനും വരാനും നല്ലതല്ലെ.? ”

കഴിഞ്ഞ പത്തു വര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും ഒരു പത്ത് പെെസപോലും
ശമ്പളവര്‍ധനവില്ല.
ചിലവും,ആവശ്യങ്ങളും കൂടി കൂടി വരുന്നു.
അല്‍പം ആശ്വാസത്തിനായി ടി വി വച്ചു.വാര്‍ത്ത വരുന്നു..പെട്രോളിന് വില ഇന്നും കൂടി. വണ്ടിയിലൊഴിക്കാനുള്ള ഇന്ധനത്തിനും ഞാന്‍ തന്നെ അയക്കേണ്ടേ..അദ്ദേഹം സ്വയം പിറു പിറുത്തു.

ഇതിനുമുന്‍പ് ഫോണിനു വേണ്ടിയായിരുന്നു അമ്മ മനസ്സ് കെഞ്ചിയത്.പിന്നീടത് നെറ്റ് റീ ചാര്‍ജിലേക്ക് വഴിമാറി..ഇനിയിത് പെട്രോളിലേക്കും..
ടി വി വാങ്ങിയപ്പോള്‍ കേബിളിന് പണം കൊടുക്കണം.പണ്ട് VCP കൊണ്ടു പോയിരുന്നു..അന്ന് കാസറ്റിന് പണം കൊടുക്കണം.ഒന്ന് വാങ്ങുമ്പോള്‍ കൂടെ മറ്റൊരു ചിലവും നമ്മളോടൊപ്പം കൂടുന്നു..

വളരെ കാലം പ്രവാസിയായി ജീവിച്ച അദ്ദേഹത്തിന് ഒരറ്റ ആഗ്രഹമേ ഒള്ളൂ നാട്ടില്‍ പോയി സ്ഥിരതാമസമാക്കണം എന്ന്. പക്ഷെ,
അത്തരം ഒരു ആഗ്രഹം മാത്രം നാട്ടിലുള്ള ഒരാളും അദ്ദേഹത്തോട് പറഞ്ഞില്ല….

By ivayana