വിനോദ്.വി.ദേവ്*

കവിതയ്ക്ക് മുലമുറിച്ച്
എറിഞ്ഞുകൊടുക്കേണ്ടി
വന്നിട്ടില്ല.,
അന്തർജ്ജനങ്ങളെപ്പോലെ,
തടിച്ചുകൊഴുത്ത മുലയുംകാട്ടി
ഒതുങ്ങിനിന്ന
കാലത്തെങ്ങും
ആരും
മുലക്കരം ചോദിച്ചിട്ടില്ല.,
അന്ന് കവിത
വെളുത്തുതുടുത്ത്,
പോർമുലയിൽ കുങ്കുമംചാർത്തി
ലജ്ജാവനമ്രലോലയായി
രാജാക്കൻമാരുടെ മുന്നിൽ
നിൽക്കുമായിരുന്നു.
അന്ന് കവിത
വയലിൽ പണിയെടുത്തിട്ടില്ല.,
അടിമനുകം ചുമന്നിട്ടില്ല.,
തെരുവിൽ അലഞ്ഞിട്ടില്ല.,
കൂലിക്കുവേണ്ടി പിണങ്ങിയിട്ടില്ല.,
കൊടിപിടിച്ചിട്ടില്ല.,
സ്ഥിതിസമത്വസ്വപ്നങ്ങൾ
കണ്ടിട്ടില്ല.
അന്ന് കവിത
അന്ത “ഹന്ത “യ്ക്കു പട്ടുംവളയുംവാങ്ങിച്ചു
വെളുത്തുതുടുത്തു
പ്രത്യേകംപണിയിച്ച
ഇരിപ്പിടത്തിൽ ഇരുന്നിരുന്നു.,
അല്ല ,ആസനസ്ഥയായിരുന്നു.
അന്ന്
മുല തടിച്ചുകൊഴുത്തിരുന്നെങ്കിലും
കവിതയ്ക്ക് കരമൊടുക്കേണ്ടിവന്നിട്ടില്ല
വെട്ടിമുറിക്കേണ്ടി വന്നിട്ടില്ല.
പിന്നീടാണ് കവിത കറുത്തുപോയത്.,
വയൽപ്പാട്ടു പാടിയത്.,
തെരുവിൽ അലഞ്ഞത്.,
പട്ടിണി കിടന്നത് .,
പൈപ്പുവെള്ളം മോന്തിയത്.,
സമരഗീതികൾ പാടിയത്.,
കൊയ്ത്തരിവാൾ ഏന്തിയത്.
മാത്രമോ മുലമറച്ച്
റൗക്കയണിഞ്ഞത്.
അക്കാലത്തൊക്കെ
കവിതയുടെ മുലകൾ
ശുഷ്കിച്ചുകൂമ്പിപ്പോയിരുന്നു.
കവിതയുടെ മുലകൾ
ഇന്നും വെട്ടിമാറ്റപ്പെട്ടിട്ടില്ലെങ്കിലും
തലയ്ക്കുമുകളിൽ
തുരുമ്പിച്ച വാളുകൾ
തൂങ്ങിനിൽക്കുന്നുണ്ട്.

By ivayana