രാജശേഖരൻ ഗോപാലകൃഷ്ണൻ*
മുറ്റത്തു ചേറുമീ വാവു –
ബലിച്ചോർ
കൊത്തിക്കഴിക്കുവാൻ
പോരേണ്ടവരോ?
ചാണകവട്ടത്തിൽ ചേറും
ചോറിനായ്
ചരിഞ്ഞെന്നെ നോക്കി
ചാടിപ്പോരേണ്ട.
എച്ചിലു തിന്നും കാക്ക –
കളായെന്നെ,
പാൽച്ചോറുണ്ണിച്ചോരെ
കാണ്മതസഹ്യം!
ജീവൻ പൊലിഞ്ഞൊരെൻ
പൂർവ്വികരെല്ലാം
ജീവൽത്തുടിപ്പാർന്നെന്നിൽ
മിടിക്കുമ്പോൾ
ഓർമ്മകളിലവർ
മാഞ്ഞു പോകില്ല
ഊർജ്ജസ്വലരവർ
സ്വർഗ്ഗത്തിൽ വാഴും.
പ്രതീകങ്ങളിൽ മാത്രം
മൂല്യം കാണും
പ്രാക്തന മതാചാര-
ഭ്രാന്തേ, വിട!