അശോകൻ പുത്തൂർ*
കാലത്തും
വൈകീട്ടും കാണും.
മിണ്ടിത്തലോടാൻ
ഒരു ഞൊടി മാത്രം.
തൂത്ത് തുടച്ച്
ജന്മം തുലഞ്ഞുപോയവർ നമ്മൾ.
ചൂലെന്നും ചവിട്ടിയെന്നും
ചെല്ലപ്പേര്….,…..
രണ്ടുനേരവും
എല്ലാടവും ഓടിയെത്തണം.
കാര്യംകഴിഞ്ഞാൽ
മൂലയ്ക്കലാണ് സ്ഥാനം.
നീയോ വാതുക്കനേരെ
മലർന്നു കിടക്കും
മൂലയ്ക്കലിരുന്ന്
എന്നും കാണാറുണ്ട്
നിന്റെ പിടച്ചിലും ഞരക്കവും.
വരണോരും പോണോരും
നിന്നെയിങ്ങനെ
ചവിട്ടിക്കുഴയ്ക്കുന്നത് കാണുമ്പോ
നെഞ്ചുപൊട്ടാറുണ്ട്……….
തൂക്കാനും തുടയ്ക്കാനും
ചവിട്ടിക്കുഴയ്ക്കാനും
പെൺപിറപ്പുപോലൊരു വസ്തു
ചില ദിവസം
നിന്നെ തൊട്ടുതലോടി
കടന്നുപോകുമ്പോഴുള്ള മണം
ഡേറ്റോളിന്റെയും പുൽതൈലത്തിന്റെയും
എന്നെ മത്തുപിടിപ്പിക്കാറുണ്ട്.
അന്നേരം ആഞ്ഞുപുൽകാനും
പുന്നാരിക്കാനും കൊതിക്കാറുണ്ട്.
ഒന്നു നിലത്തു വെച്ചിട്ടുവേണ്ടേ……………..
എന്നു മുതലാണ്
നമ്മൾ പ്രണയിച്ചു തുടങ്ങിയത്?
തിളച്ചവെള്ളത്തിൽ പുഴുങ്ങി
തലങ്ങും വിലങ്ങും എന്നെക്കൊണ്ടുതല്ലി
കുത്തിത്തിരുമ്പി
നിന്നെ വെളുപ്പിക്കുമ്പോഴോ?
അലക്കുകല്ലിൻ ചുവട്ടിലിട്ട്
ചവിട്ടിക്കുഴക്കുമ്പോഴാണോ……..
ഏയ്….. അന്നൊന്നുമല്ല
നിന്നെ പ്രണയിച്ചു തുടങ്ങിയത്.
ഒരു കർക്കിടകരാത്രിയിൽ
തിമർത്തുപെയ്യണ മഴയത്ത്
ഒരു പൂച്ചക്കുറിഞ്ഞി എന്നെ തട്ടിയിട്ടത്
നിന്റെ ദേഹത്തേക്കായിരുന്നു
അന്ന് തണുത്തുവിറച്ചു കിടക്കവേ
ഒരു കാറ്റിന്റെ മൂളക്കത്തോടെ
നീയെന്നെ പുതപ്പിച്ചത്
ഓർമ്മയില്ലേ…… ഓർമ്മയില്ലേ……………
അന്നുതൊട്ടാണ്
എന്നേക്കാളേറെ ഞാൻ
നിന്നെ ഇഷ്ടപ്പെട്ടുതുടങ്ങിയത്…….
ഒരു വാക്ക്
ഒരു നോക്ക്
ഒരു ചേർത്തുപിടിക്കൽ
ചെറിയ പുഴുത്ത ജന്മങ്ങൾക്ക്
ഇതൊക്കെ ജന്മസാഫല്യമാണ്.
പ്രാണനോളംപോന്ന സന്തോഷങ്ങൾ………
പിഞ്ഞിത്തേഞ്ഞ്
ചുള്ളിയൊടിഞ്ഞ്
നമ്മളിലൊരാളെ വലിച്ചെറിയുമ്പോ
മഞ്ഞത്തും
വെയിലത്തും കിടന്ന് ഓർക്കാൻ
ഇതൊക്കെയേ ഉണ്ടാവൂ……….
കരയല്ലേ പൊന്നേ
…… ന്റെ മുത്തല്ലേ..