രാജേഷ് കൃഷ്ണ*
ലോക് ഡൗണായതു കൊണ്ട് പുറത്തേക്കൊന്നും ഇറങ്ങാതെ വീട്ടിൽ ചടഞ്ഞിരിക്കുകയാണ്, കസേരയിലേക്ക് ചാരിക്കിടന്ന് ടീപ്പോയിയുടെ മുകളിൽ കാലുകളുയർത്തിവെച്ച് ചിന്തകളിൽ മുഴുകിയിരുന്നു….
സുഹൃത്തുക്കളിൽ പലരും ഈ ലോകത്ത് നിന്ന് വിട പറഞ്ഞുപോയി, ആക്സിഡൻ്റും, അറ്റാക്കായും അസുഖം വന്നും പലരും യാത്രയായി, അടുത്ത കാലത്ത് കോവിഡ് ഒരു പ്രിയ സുഹൃത്തിനെയും കൊണ്ടുപോയി എന്നിട്ടും മതിവരാതെ മരണമെന്ന കോമാളി ചിരിക്കുകയാണ്…
അവൻ്റെ വീട്ടിലേക്ക് ഇന്നുവരെ ഞാൻ പോയിട്ടില്ല, അവനില്ലാത്ത വീട്ടിലേക്ക് എങ്ങനെ പോകും, എന്തുപറഞ്ഞ് അവരെ ആശ്വസിപ്പിക്കും എനിക്കറിയില്ല,…
“കോവിഡ് പിടിച്ചെന്നും കുറച്ചു സാധനങ്ങൾ വേണമെന്നും പറഞ്ഞ് അവൻ വിളിച്ചിരുന്നു, അതെല്ലാം വാങ്ങി അവൻ്റെ വീട്ടിൽ എത്തിച്ച് കൊടുത്തശേഷം ഇനി എന്താവശ്യമുണ്ടെങ്കിലും വിളിച്ചാൽ മതിയെന്ന് പറഞ്ഞ് പോന്നതാണ്…
കുറച്ചു ദിവസം കഴിഞ്ഞു അവൻ എന്നെ വിളിച്ചതൊന്നുമില്ല, ഇതിനിടയിൽ വിളിച്ചു ചോദിക്കാൻ ഞാനും മറന്നു, സുഖമായിട്ടുണ്ടാകുമെന്ന് കരുതി…
രാത്രിയാണ് എനിക്ക് ഫോൺ വന്നത് മരിച്ചെന്ന്, ഞാൻ ഞെട്ടിപ്പോയി, മരിച്ചോ, എങ്ങനെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല അന്നു രാത്രി ഞാനുറങ്ങിയിട്ടില്ല, പുലരുംവരെ വരാന്തയിൽ ലൈറ്റിടാതെ ഇരുട്ടിലേക്കും നോക്കി ഞാനിരുന്നു ഒരു പോള കണ്ണടക്കാതെ…
മരണത്തിൻ്റെ പിടിയിൽ നിന്നും പലതവണ കഷ്ടിച്ച് രക്ഷപ്പെടാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്, ആയുസിൻ്റെ നീളം കൊണ്ടോ സമയമാകാത്തതുകൊണ്ടോ ഞാനിന്നും ജീവിച്ചിരിക്കുന്നു…
മലപ്പുറത്തെ ഹോസ്പിറ്റലിൽ നിന്ന് തല ഓപ്പറേഷൻ ചെയ്യണമെന്നും എന്നാലും പ്രതീക്ഷയൊന്നുമില്ലെന്ന് പറഞ്ഞപ്പോൾ അവിടെ നിന്നും ഡിസ്ച്ചാർജ് ചെയ്ത് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ എന്നെ അഡ്മിറ്റ് ചെയ്തു…
തലയോട്ടിയിൽ രണ്ടു കണ്ണിൻ്റെ മുകളിലും നെറ്റിയുടെ നടുവിൽ മർമ്മഭാഗത്തുമാണ് പൊട്ടേറ്റത്,ധരിച്ചിരുന്ന കണ്ണട പൊട്ടി കൺപോളക്ക് മുകളിലേക്ക് തുളച്ചു കയറിയിരുന്നു പക്ഷെ കണ്ണിന് ഒരു പോറൽ പോലും പറ്റിയിരുന്നില്ല…
സ്കാനിങ്ങും മറ്റു പല ടെസ്റ്റുകളും ചെയ്തു, രക്ഷപ്പെടില്ലെന്ന് അവർ ഉറപ്പിച്ചു, അതുവരെ വീട്ടിലറിയിക്കാതെ എന്നെ നോക്കിയ സുഹൃത്തുക്കൾക്ക് വീട്ടിൽ പറയേണ്ടി വന്നു…
അബോധാവസ്ഥയിൽ കിടക്കുന്നതിനിടയിലും എനിക്കൊന്നും പറ്റിയില്ലെന്ന് ഒരു മന്ത്രം പോലെ ഉരുവിട്ടത് ഇന്നും എനിക്കോർമ്മയുണ്ട്…
മരണവും ജീവനും തമ്മിൽ നടത്തിയ പോരാട്ടങ്ങൾക്കൊടുവിൽ ഇരുട്ടിലാണ്ടു കിടന്ന എൻ്റെയുള്ളിൽവീണ ഒരു തുള്ളി വെളിച്ചത്തിൽ ഞാനുണർന്നു കണ്ണുതുറന്നപ്പോൾ മുകളിൽ ഒരു ഫാൻ കറങ്ങുന്നതാണ് കണ്ടത്…
തൊട്ടടുത്ത് കസാരയിലിരുന്ന് ബാലൻ മനോരമയിലെ തുടർക്കഥ വായിക്കുന്നു…
കൈയുയർത്തി ഞാൻ ബാലനെ തോണ്ടി വിളിച്ചു, മുഖമുയർത്തിയ ബാലൻ എന്നെ പകച്ചു നോക്കി…
“ഞാനെവിടെയാണ് “…
“ബേബീ മെമ്മോറിയൽ ഫോസ്പ്പിറ്റലിൽ”…
“എനിക്കെന്താണ് പറ്റിയത് “…
” ബൈക്കാക്സിഡൻ്റ് “…
“എവിടെ വെച്ച് “…
“മലപ്പുറത്ത് കോഴിച്ചെന ചുരത്തിലെ വളവിൽവെച്ച്, നിൻ്റെ ബൈക്ക് റോഡിൽ നിന്നും താഴേക്ക് വീണതാണ് “…
“എന്നിട്ട് ബൈക്ക് എന്തു ചെയ്തു”…
“കമ്പനിയിൽ കൊടുത്തിട്ടുണ്ട് “…
അവൻ എൻ്റെ കൈ പിടിച്ച് എന്നെത്തന്നെ കണ്ണിമക്കാതെ നോക്കിയിരിക്കുകയാണ്, പെട്ടെന്ന് ഞെട്ടിയുണർന്നപോലെ അവനെഴുന്നേറ്റു…
”ഞാൻ ഡോക്ടറെ വിളിക്കട്ടെ “…
വേഗം നടന്നവൻ വാതിൽതുറന്ന് പുറത്തേക്ക് പോയി, കുറച്ചു നിമിഷങ്ങൾ കഴിഞ്ഞു കാണും രണ്ട് സിസ്റ്റർമാരും ഡോക്ടറും ബാലൻ്റെയൊപ്പം അകത്തു വന്നു…
അവരെൻ്റെ നാടിപിടിച്ചും നെഞ്ചിൽ സ്റ്റത്ത് വെച്ച് ഹൃദയമിടിപ്പ് പരിശോധിച്ചും എന്നെ അത്ഭുതത്തോടെ നോക്കി…
ഒടുവിൽ ഡോക്ടർ ചിരിച്ചു കൊണ്ട് എൻ്റെ കൈ പിടിച്ച് കണ്ണുകളിലേക്ക് നോക്കി…
“രാജേഷ് നീ അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുന്നു”…
അദ്ദേഹത്തിൻ്റെ വാക്കുകൾ കേട്ട് ഞാനും ചിരിച്ചു, എൻ്റെ കയ്പ്പത്തി ശക്തിയായ് പിടിച്ചമർത്തി ഡോക്ടർ എഴുന്നേറ്റ് പുറത്തേക്ക് നടന്നു കൂടെ സിസ്റ്റേഴ്സും…
മരണത്തെ തോൽപ്പിച്ചിരിക്കുന്നു,
ജീവിതം മരണത്തിലേക്കുള്ള യാത്രയാണ്. അതിനിടയിൽ കിട്ടുന്ന കുറച്ചു സമയങ്ങൾക്കുള്ളിൽ എന്തെല്ലാം കളിച്ചു രസിക്കാനുണ്ട്, ചെയ്തു തീർക്കാനുണ്ട്…
ഈ കൊറോണ കാരണം പുറത്ത് പോകാനാകാതെ വീട്ടിൽ അടച്ചിരുന്ന സമയത്താണ് ജീവിതത്തോട് മടുപ്പ് വന്നത്, വെറുപ്പ് തോന്നിയത്, മനസിനും ശരീരത്തിനും പ്രായം ബാധിച്ചു തുടങ്ങിയത്…
മസ്ക്കിനുള്ളിലെ ചൂടും നിശ്വാസ വായുവും വലിച്ചുകയറ്റി എത്രസമയം പുറത്ത് നിൽക്കും, ഇത്തിരി പ്രാണവായുവിന് വേണ്ടി മാസ്ക്കൊന്ന് താഴ്ത്തിയാൽ ഫൈനിടാൻ പിടിച്ച് പറിക്കാരെപ്പോലെ തിരഞ്ഞു നടക്കുന്ന പോലീസും മജിസ്ട്രേറ്റും…
ഈ മടുപ്പിനും മരവിപ്പിനുമിടക്ക് സാമ്പത്തിക പ്രതിസന്ധിയും കൂടി വരുന്നു, ഒരു ഭാഗത്ത് കൊറോണയും മറുഭാഗത്ത് നിയമപാലനമെന്ന പേരിൽ നിയമലംഘനം നടത്തുന്ന അതികൃതരും, ചെകുത്താനും കടലിനും നടുക്ക് എന്ന് കേട്ടിട്ടേയുള്ളൂ, ഇപ്പോൾ അനുഭവിച്ചറിയുന്നു…
ഇനിയെത്രനാൾ കഴിഞ്ഞാലാണ് വീണുപോകുന്നതുവരെയെങ്കിലും നിയന്ത്രണങ്ങളൊന്നുമില്ലാതെ ശുദ്ധവായുശ്വസിച്ച് ഈ ലോകത്ത് പാറിപ്പറന്നു നടക്കാൻ കഴിയുക…
എത്ര നാൾ.