പള്ളിയിൽ മണികണ്ഠൻ*
വിട്ടകന്നീടുവാനാണെങ്കിലന്നു നീ
എന്തിനെൻ ഹൃത്തടം സ്വന്തമാക്കി
മായ്ച്ചുകളയുവാൻ മാത്രമായെന്തിനെൻ
ചിത്രം നീ നിന്നിൽ വരച്ചുവച്ചു.
പിരിയുവാനാകാതെ തിരപോലെ ഞാൻ നിന്റെ
വിരിമാറിലേക്കോടിയെത്തിയിട്ടും
കരയുന്നൊരെന്നെ നീ കരപോലെ പിന്നെയും
തഴയുവാൻ ഞാനെന്തു തെറ്റ് ചെയ്തു.
ഇനിയെന്റെ വീണയിൽനിന്നൂർന്നുവീഴുവാൻ
മധുനാദമില്ല, ഞാൻ മാറിനിൽക്കാം
ഇനി നമ്മളൊന്നെന്ന ചിന്തയിൽനിന്ന് ഞാൻ
പതിയേ പതിയേ പടിയിറങ്ങാം..
വിട്ടകന്നീടുവാനാണെങ്കിലന്നുനീ
എന്തിനെൻ ഹൃത്തടം സ്വന്തമാക്കി
മായ്ച്ചുകളയുവാൻ മാത്രമായെന്തിനെൻ
ചിത്രം നീ നിന്നിൽ വരച്ചുവച്ചു.