സുനു വിജയൻ*
“ഹലോ “
“ശശാങ്കൻ ചേട്ടനാണോ “
“ആരാ വിളിക്കു ന്നേ? ഈ നമ്പർ എവിടുന്നു കിട്ടി “
“ചേട്ടാ ഇതു ഞാനാ ഗ്രേസി . ചേട്ടൻ മെസ്സേജ് അയച്ചാരുന്നല്ലോ.അതെന്നാ വളരെ അത്യാവശ്യമായി വിളിക്കണം എന്നു പറഞ്ഞ് എനിക്ക് മെസ്സേജ് അയച്ചിട്ട് ഞാൻ ആരാ എന്നു ചോദിക്കുന്നെ . ഇത് പുതിയ നമ്പർ ആണോ. മീറ്റിങ്ങു വല്ലതും ഉണ്ടോ ചേട്ടാ.”
“മീറ്റിങ്ങൊന്നും ഇല്ല. എനിക്ക് ഗ്രേസിയുടെ ഒച്ച ഒന്നു കേൾക്കണം എന്നുതോന്നി. അതാ മെസ്സേജ് വിട്ടേ . ഈ നമ്പർ ഞാൻ പുതിയതായിട്ട് എടുത്തതാ. വളരെകുറച്ചു പേർക്കേ ഈ നമ്പർ അറിയത്തുള്ളൂ.”
“ചേട്ടൻറെ ഒച്ച തീരെ പതിഞ്ഞാണല്ലോ കേൾക്കുന്നേ. വീട്ടിലാണോ അതോ പുറത്തോ. എന്തു പറ്റി ചേട്ടാ ഇതെന്നാ പുതിയ നമ്പർ എടുത്തേ “
“ഏയ് വീട്ടിലല്ല. ഞാൻ കമ്മറ്റി ഓഫീസിലാ. എനിക്ക് വളരെ വേണ്ടപ്പെട്ടവരോട് മാത്രം സംസാരിക്കാനാ ഈ നമ്പർ.ഞാൻ ഇച്ചിരി ഒച്ച കുറച്ചാ പറയുന്നേ. ഗ്രേസിക്ക് മാത്രം കേൾക്കാൻ ഈ ഒച്ച മതി.ഞാൻ കെട്ടിപിടിച്ച് ആ കാതിൽ പറയുന്നതായി കരുതിയാൽ മതി.”
“കരുതുന്നതിനൊന്നും തെറ്റില്ല. ഫോണിൽ അല്ലേ. ഞാൻ വീട്ടിലാ. പിള്ളേർക്ക് ഓൺലൈൻ ക്ലാസ്സുണ്ടായിരുന്നു. ക്ലാസ്സു കഴിഞ്ഞപ്പോൾ എട്ടുമണിയായി. പിള്ളേരിപ്പോൾ ടി വി യുടെ മുന്നിലാ.പുള്ളിക്കാരൻ എട്ടര ആകുമ്പോൾ വരും.ചേട്ടൻ വേഗം പറ. പിന്നെ പാർട്ടിയുടെ സംസ്ഥാന നേതൃനിരയിലേക്ക് ഉയർന്നപ്പോൾ ഞങ്ങളെയൊന്നും മറന്നു പോകരുത്.ഇനി ചേട്ടനെ പഴയപോലെ എപ്പോഴും കാണാനൊന്നും പറ്റത്തില്ലല്ലോ “
“ആരെ മറന്നാലും ഞാൻ എന്റെ ഗ്രേസിയെ മറക്കില്ല. അതിനെനിക്ക് കഴിയില്ല. കാര്യം എനിക്ക് വയസ്സ് അമ്പതിഎട്ടായി. ഗ്രേസിയെക്കാൾ പത്തിരുപതു വയസ്സ് എനിയ്ക്ക് മൂപ്പുണ്ട്. പക്ഷെ ആ മൂപ്പ് കരുത്തു കൂട്ടുന്നതല്ലാതെ കുറക്കില്ല കേട്ടോ “
“ചേട്ടൻ എന്നാ പറഞ്ഞു വരുന്നേ “
“ഓ ഒന്നും അറിയാത്തപോലെ. ഗ്രേസിക്കറിയാവല്ലോ എനിക്ക് ഗ്രേസിയെ ജീവനാ. എന്റെ സാഹചര്യം പറ്റാത്തത് കൊണ്ടാ അല്ലങ്കിൽ ഞാൻ രണ്ടും കല്പിച്ചു കൂടെ പൊറുപ്പിച്ചേനെ. ഇതിപ്പോൾ സംസ്ഥാനം അറിയുന്ന ഒരു രാഷ്ട്രീയക്കാരനായി പോയില്ലേ. പോരാത്തതിന് മൂന്നു പെമ്പിള്ളേരുടെ തന്തയും.”
“ചേട്ടനെന്നെ അത്രക്കിഷ്ടമാണോ. പക്ഷെ ഞാനും ഒരുത്തന്റെ ഭാര്യയാ. എനിക്കും ഉണ്ട് രണ്ടു പിള്ളേര്. ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങി പ്രവർത്തിക്കുന്നത് അങ്ങേർക്കു തീരെ പിടുത്തമില്ല. പിന്നെ പിള്ളേര് വളർന്നു വരുവല്ലേ.. അവരുടെ അഡ്മിഷൻ കാര്യം ഒക്കെ വരുമ്പോൾ ഒരു പിടിപാടൊക്കെ ഉള്ളത് നല്ലതാണെന്നു പറഞ്ഞാ അങ്ങേരു ഇപ്പോൾ ഒന്നും മിണ്ടാത്തെ.”
“അതിനല്ലേ ഞാൻ ഉള്ളത്. ഗ്രേസിക്ക് വേണ്ടി ഞാൻ എന്തും ചെയ്യും. എനിക്ക് നിന്നെ അത്രക്കിഷ്ടമാ. പങ്കജത്തിനെ ഒന്നിനും കൊള്ളില്ല. ഭാര്യയാണ് എന്നു പറഞ്ഞിട്ട് കാര്യമൊന്നുമില്ല മൂന്നു പിള്ളേരുണ്ടായത് എന്റെ മിടുക്ക് കൊണ്ട്. പിന്നെ വല്ലിടത്തും കൊണ്ടു കളയാൻ പൂച്ചക്കുഞ്ഞല്ലല്ലോ. അതുകൊണ്ട് അങ്ങനെ മുന്നോട്ടു പോകുന്നു.”
“പക്ഷെ നിന്റെ കാര്യം അങ്ങനെയല്ല. നീ എന്റെ കാമുകിയാ. എനിക്ക് സ്നേഹിക്കാനും, പ്രണയിക്കാനും, സ്വപ്‌നങ്ങൾ കാണാനും, സമ്മാനങ്ങൾ വാങ്ങി നൽകാനും, എന്നും മനസ്സുകൊണ്ട് കെട്ടിപ്പുടിച്ചുറങ്ങാനുമുള്ള എന്റെ കാമുകി. എന്താ അങ്ങനെയല്ലേ “
“കാമുകിയൊക്കെ ആകാം. പക്ഷെ ഞാൻ ഒരുത്തന്റെ കെട്ടിയോൾ ആണെന്ന് ചേട്ടനറിയാവല്ലോ. അപ്പോൾ എനിക്ക് ഒത്തിരി പരിമിതികളൊക്കെയുണ്ട്. അത് ചേട്ടൻ മനസ്സിലാക്കിയാൽ മതി. ഞാൻ പറഞ്ഞത് ശരിയല്ലേ “
“പൊന്നേ അതൊക്കെ എനിക്കറിയാം. നമുക്കിപ്പോൾ ശാരീരികമായി ഒന്നിനും പറ്റത്തില്ലായിരിക്കാം. പക്ഷെ ഞാൻ പാർട്ടിയിൽ നിന്നെ ഉയർത്തിക്കൊണ്ട് വരും. നമുക്ക് നമ്മുടെ മാത്രമായ ആ നിലാവുള്ള തണുപ്പുള്ള രാത്രികൾക്കായി കാത്തിരിക്കാം. നീയുംകൂടി നല്ല ഒരു സ്ഥാനത്തു കയറിയാൽ പിന്നെ നമുക്ക് ആരെയും പേടിക്കണ്ടല്ലോ .”
“അതൊന്നും എനിക്കറിയത്തില്ല. ചേട്ടന് ഒരു കാമുകി പോരെ. അതിന് കുഴപ്പമില്ല. പിന്നെ രാഷ്ട്രീയത്തിൽ ഉയർച്ചയിൽ എത്തുമ്പോൾ ഉത്തരവാദിത്തം കൂടും. ആൾക്കാർ കൂടുതൽ ശ്രദ്ധിക്കും ശശാങ്കൻ ചേട്ടൻ പറയുന്നതു പോലെ അങ്ങനെ നല്ല സ്ഥാനത്ത് എത്തിയാൽ വഴിമാറി നടക്കുന്നവരൊന്നുമല്ല പെണ്ണുങ്ങൾ. ഞാൻ പറഞ്ഞന്നേയുള്ളൂ “
“പിള്ളേര് സീരിയൽ കണ്ടു കഴിഞ്ഞു. അങ്ങേരിപ്പോൾ വരും. വരുമ്പോളേ ചൂട് കടുംകാപ്പി കിട്ടിയില്ലേൽ പിന്നെ എന്റെ മെക്കിട്ടു കേറും. ഞാൻ വക്കുവാ. പിന്നേ നേരവും കാലവും നോക്കിയേ എന്നെ വിളിക്കാവുള്ളൂ. മീറ്റിങ്ങിനു വരുമ്പോൾ തുണി പറിഞ്ഞു പോകുന്നപോലെ എന്നെ നോക്കരുത്. അവിടെ വേറെയും മനുഷ്യന്മാരുള്ളതാ അവരൊന്നും പൊട്ടന്മാരല്ല.”
“നോക്കാതിരിക്കാൻ പറ്റാഞ്ഞിട്ടല്ലേ ചക്കരെ.. എന്നാ വച്ചോ. ഉമ്മ “
“അമ്മേ ദേ അച്ഛൻ വന്നു. ഈ അമ്മ പര്യംപുറത്തു പോയി ഇതാരെ ഫോൺ വിളിക്കുവാ.”
മകൾ വിളിച്ചു പറഞ്ഞതു കേട്ട് ഗ്രേസി വേഗം അടുക്കളയിലേക്ക് കടുംകാപ്പി ഇടാനോടി.
സ്റ്റീഫന് കടുംകാപ്പി കൊടുത്തപ്പോൾ അയാൾ ചോദിച്ചു
“ആരാരുന്നെടി ഫോണിൽ “
“അത് സൗദിയിൽ നിന്നും ആൻസി വന്നിട്ടുണ്ട്. മേമ്മേടെ മോൾ. അവൾ വിളിച്ചതാ “
“ഇച്ചായന് കപ്പ പന്നിനെയ്യൊഴിച്ചു കടുകു വറുത്തു വക്കാം.മീൻ വറുത്തത് കുറച്ചേ ഉളളൂ. കുളിച്ചിട്ടു വാ.”
“കുറച്ചു കഴിയട്ടെ. നീ ആ ഫോണിങ്ങു തന്നെ. ഞാൻ ആ രഘുവിനോട് നാളെ കടയിലെ ഫാൻ ഒന്നു വന്നു നോക്കാൻ പറയട്ടെ. അവന്റെ നമ്പർ നിന്റെ ഫോണിലാ. കടേലെ ഫാൻ കേടായി “
ഫോൺ അവിടെ വച്ച് അടുക്കളയിലേക്ക് പോയ ഗ്രേസിയുടെ ഫോണിൽ സ്റ്റീഫൻ എന്തോ പരതി.
പിറ്റേന്നു വൈകിട്ട് ചാനലായ ചാനലുകളിൽ മുഴുവനും പാർട്ടിയിൽ ഉന്നത സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട ശശാങ്കന്റെ രതി ലീലകൾ ഇങ്ങനെയും എന്ന പേരിൽ ഒരു ഫോൺ സംഭാഷണം കത്തി പടർന്നു. ചർച്ചകൾ, തർക്കങ്ങൾ, നിറം പിടിപ്പിച്ച അനേകം കഥകൾ. ചാനലുകളിൽ ചാകര.ഫോൺ സംഭാഷണം എങ്ങനെ ചോർന്നു എന്നതിനു അഭ്യുഹങ്ങൾ ഏറെ.ഗ്രേസിയുടെ ഭർത്താവു തന്നെ മറുപക്ഷത്തിനു ചോർത്തിക്കൊടുത്തതാണ് എന്നും പറയുന്നു.
ശശാങ്കനെ പാർട്ടി പുറത്താക്കി. ഒന്നിനും കൊള്ളാത്ത പങ്കജം എന്ന അയാളുടെ ഭാര്യ അയാൾക്കുവേണ്ടി ചോറും രുചിയുള്ള കറികളും തയ്യാറാക്കി അയാളെ ഊട്ടി. മനസ്സിൽ അവർ കരഞ്ഞിരുന്നിരിക്കാം. പക്ഷേ പങ്കജത്തിന്റെ കണ്ണുകൾ ഒരിക്കലും നിറഞ്ഞില്ല. കെട്ടിച്ചു വിട്ട മൂന്നു പെണ്മക്കളും അമ്മയെ മാറി മാറി വിളിച്ചു. അവരാരും അച്ഛന്റെ പഞ്ചാര വർത്തമാനം ടി വി യിൽ കേട്ടതിനെക്കുറിച്ച് കാര്യമായി ഒന്നും ആ അമ്മയോട് ചോദിച്ചില്ല.
ഗ്രേസി ഞായറാഴ്ച കുർബാനക്ക് പോകാതെയായി. അല്ലങ്കിലും ഇപ്പോൾ കൊറോണ ആയതിനാൽ പള്ളിയിൽ പോക്ക് കുറവാ. സ്റ്റീഫൻ കടയൊക്കെ ഒന്നു പരിഷ്ക്കരിച്ചു. പുതിയ സ്റ്റാഫിനെയൊക്കെ നിയമിച്ചു.ഗ്രേസി സ്റ്റീഫൻ വാങ്ങിക്കൊണ്ടു വരുന്ന പന്നിയിറച്ചി നെയ്യുരുക്കിമാറ്റി ഉലർത്തി അയാൾക്ക് വിളമ്പി. രാത്രിയിൽ അയാൾ വരുമ്പോൾ എന്നും ചൂട് കട്ടൻ കാപ്പി തയ്യാറാക്കി നൽകി.അവരുടെ കുട്ടികൾക്ക് പഠിക്കാൻ സ്റ്റീഫൻ പുതിയ ഫോണു കൾ വാങ്ങി നൽകി.
കോവിഡ് പടരുന്ന സാഹചര്യത്തിൽ സ്റ്റീഫന്റെ പേപ്പർ മാർട്ടിൽ ആളുകൾക്ക് പ്രവേശനം നിഷേധിച്ചു. ഉച്ചക്ക് ലഞ്ച് സമയത്ത് മുക്കാൽ ഭാഗം താഴ്ത്തിയ കടയുടെ ഷട്ടറിനുള്ളിൽ സ്റ്റീഫനും കടയിലെ ജോലിക്കാരി രജനിയും ഒരുമിച്ചു ഭക്ഷണം കഴിച്ചിട്ട് കടയുടെ പിന്നിലെ ചെറിയ സ്റ്റോർ റൂമിൽ ഒരുമിച്ചു കിടന്നു വിശ്രമിക്കുമ്പോൾ രജനിയുടെ കാതിൽ പ്രേമപൂർവ്വം സ്റ്റീഫൻ പറയും.
“നിന്റെ കല്യാണത്തിന് ഞാൻ നിനക്കൊരു പൊന്നാരഞ്ഞാണം വാങ്ങി നൽകും. പക്ഷേ നീ കല്യാണം കഴിഞ്ഞാലും എന്റെ കടയിൽ ജോലിക്ക് വരണം “
അതു കേട്ട് ആകെ പൂത്തുലഞ്ഞ് രജനി സ്റ്റീഫനെ മുറുകെ പുണരും.
പാർട്ടിയിൽ വീണ്ടും അഴിച്ചു പണി നടന്നു. ശശാങ്കനെ പാർട്ടി തീരെ കൈവെടിഞ്ഞില്ല. വെറും ഒരു അവിഹിതം ആയതിനാൽ താകീതു നൽകി തിരിച്ചെടുത്തു.