റെജികുമാർ ചോറ്റാനിക്കര*

പകിടയുരുണ്ടും പലതുമറച്ചും
പലരുണ്ടീവിധമീയുലകിൽ..
പടരുകയാണീ തലമുറയിൽ
പനി പകരും പോലേ ദോഷങ്ങൾ..
പല നാളെങ്ങും കരളിൻ കഠിനത
പതിവിതു പോൽ നടമാടുന്നൂ..
പഴയൊരു കാലം കരുതും വിരുതും
പകരാനില്ലൊരു പകരക്കാർ..
പഴമയുമില്ലാ നെൽക്കതിരേതും
പതിരായ് പാടം കരയുന്നൂ..
പച്ച നിറങ്ങളിലാടി രസിച്ചൊരു
പച്ചിലപാടേ കൊഴിയുന്നൂ..
പനിനീരലകളുയർത്തും പുഴയും
പറയാതെങ്ങോ പായുന്നൂ..
പശ്ചിമദിക്കിൽ രാവിൻ ചിറകടി –
പലവുരു കേട്ടു മറക്കുന്നൂ..
പകരം തരുവാനുള്ളതു പാരിൽ
പതിയും പകലിൻ നാളങ്ങൾ..
പദനിസ്വനമോ കേൾക്കുന്നൂ പുതു –
പരിമളമെങ്ങും നിറയുന്നൂ..
പടിവാതിലിലൂടൊരു നവ ഗാനം
പരിചിതമാമൊരു രാഗത്തിൽ..
പഞ്ചിന്ദ്രിയമതിലുണരും മോഹ –
പരാഗം പോൽ കളിയാടുന്നൂ..
പലനാളങ്ങുമറഞ്ഞവയെല്ലാം
പതിയേയരികിൽ അണയുന്നൂ..
പകലിന്നാഴം പഴയൊരു രാവിൻ
പടിവാതിലിൽ വന്നെത്തുന്നൂ.

By ivayana