സുദർശൻ കാർത്തികപ്പറമ്പിൽ*
വന്നല്ലോ,വന്നല്ലോ,മിന്നിമറഞ്ഞൊരാ-
പൊന്നോണം പിന്നെയും മുന്നിൽ!
കിന്നരിമീട്ടിക്കിനാക്കളൊരായിരം
കിന്നരിച്ചെത്തുന്നിതെന്നിൽ!
ചിങ്ങക്കുളിരലതൂകും നിലാവത്തു,
തങ്ങളിൽ പാട്ടുകൾപാടി,
തിങ്ങിനകൗതുകത്തോടെ കൈകൾകൊട്ടി-
യങ്ങനെയാട്ടങ്ങളാടി,
മുത്തശ്ശിയോടൊപ്പം കൂടിയമ്മുറ്റത്തൊ-
രത്തക്കളവുമെഴുതി,
മുത്തോലും മുല്ലപ്പൂമാല്യവുമായ്മണി-
മുത്താകുംകണ്ണന്നുചൂടി,
നാട്ടുമാങ്കൊമ്പത്തുകെട്ടിയോരൂഞ്ഞാലിൽ
കൂട്ടത്തോടങ്ങിരുന്നാടി,
ആവണിമുറ്റത്തായോടിയണഞ്ഞിടും,
മാവേലിമന്നനെത്തേടി,
പാലടപ്പായസ സദ്യയുമുണ്ടൊട്ടു,
ചേലിൽ കുസൃതികൾ കാട്ടി,
കോടിയുടുത്തു,കവിതയുരുക്കഴി-
ച്ചാടലേതേതുമകറ്റി,
പത്തോണമുണ്ടു,മദിച്ചുംരസിച്ചും ഹാ!
തത്തിക്കളിച്ചങ്ങുനീങ്ങി,
ചിങ്ങമാസത്തിൻ പുലരികൾപിന്നെയു-
മങ്ങനെയെത്തുന്നുനീളേ!
കേരളനാടിൻ മഹത്വങ്ങളാലോല-
മാരൊരുമാത്ര പാടാത്തൂ!
കേരളമെന്നപേർ കേൾക്കിൽ നാമാദ്യമാ-
യോരുന്നതൊന്നേ,പൊന്നോണം!