അത്തം സൂര്യദേവന്റെ ജന്മനാളാണ്. അത്തം മുതലുള്ള എല്ലാ പൂക്കളങ്ങളിലും തുമ്പയും മുക്കുറ്റിയും പ്രധാന ഇനങ്ങളാണ്.ചിത്തിരപ്പൂക്കളത്തിൽ പ്രാധാന്യം വെളുത്ത പുഷ്‌പങ്ങൾക്കാണ്.ചോതി നാളിൽ പൂക്കളം മുക്കുറ്റിയാൽ നിറയണം.വിശാഖത്തിന് വൃത്താകൃതിയിൽ പൂക്കൾ ഇടകലർത്തിയാണു കളമൊരുക്കുക.അനിഴത്തിനു പൂക്കളം അഞ്ചുനിറത്തിലുള്ള പൂക്കൾകൊണ്ട് അഞ്ചുവരിയായി നിർമിക്കണം.
തൃക്കേട്ടയ്‌ക്കു പൂക്കളം ആറു നിറത്തിലുള്ള പൂക്കൾകൊണ്ടാവണമെന്നാണു വിശ്വാസം.മൂലത്തിന് മൂടുവോളംപൂ’ എന്നാണു പറയുക.പൂരാടത്തിനു പൂരപ്പറമ്പുവരെ’ നീളുന്ന പൂക്കളമാണ്. കാക്കപ്പൂവ് പ്രധാനവുമാണ്.ഉത്രാടനാളിൽ സമൃദ്ധമായി പൂക്കൾകൊണ്ടു പൂക്കളമൊരുക്കുന്നു.തിരുവോണനാളിൽ തൃക്കാക്കരയപ്പന്റെ വരവുമായി.
പണ്ടു നാട്ടുപൂക്കളായിരുന്നു പൂക്കളത്തിൽ. മഹാബലിയുടെ ഇഷ്‌ടപുഷ്‌പമാണു തുമ്പ. ചാണകം മെഴുകിയ തറയിൽ തുമ്പയും തുളസിയുംകൊണ്ട് ഒറ്റവരി അത്തത്തിന്, തിരുവോണമാകുമ്പോൾ അത് 10 വരിയാകും.അത്തപ്പൂക്കളത്തിന് തൃക്കാക്കരയപ്പനുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരൈതിഹ്യം ഉണ്ട് . അത്തം മുതൽ തിരുവോണം വരെ തൃക്കാക്കരയ്യപ്പന് എഴുന്നള്ളി ഇരിക്കുവാൻ വേണ്ടിയാണ് പൂക്കളം ഒരുക്കിയിരുന്നത് .
എന്നാൽ തൃക്കാക്കരയിൽ നിന്ന് ദൂരെ വസിക്കുന്നവർക്ക് തൃക്കാക്കരയപ്പന്റെ അടുത്ത് ചെന്ന് പൂക്കളം ഒരുക്കാൻ കഴിയാതെ വന്നപ്പോൾ , അവരുടെ സങ്കട നിവർത്തിക്കായി , വീടുകളിൽ തന്നെ പൂക്കളം ഒരുക്കി അതിൽ തന്നെ പ്രതിഷ്ഠിച്ചു ആരാധിച്ചു കൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുമതി നൽകി എന്നും അതിൽ പിന്നെയാണ് വീടുകളിൽ പൂക്കളം ഒരുക്കി തുടങ്ങിയത് എന്നും പറയപ്പെടുന്നു .
മഹാവിഷ്ണുവിന്റെ അവതാരമായ വാമനൻ , ചക്രവർത്തിയായിരുന്ന മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയതും , തന്റെ പ്രജകളെ കാണാൻ വർഷത്തിൽ ഒരു ദിവസം ഭൂമിയിലേക്ക് എഴുന്നെള്ളാൻ ചക്രവർത്തിക്ക് വാമനൻ അനുമതി നൽകിയെന്നും , അതിൻ പ്രകാരം ചിങ്ങ മാസത്തിലെ തിരുവോണം നാളിൽ എഴുന്നെള്ളുന്ന മാവേലിയെ സ്വീകരിക്കാൻ ആണ് പൂക്കളം ഒരുക്കുന്നതെന്നും കരുതപ്പെടുന്നു . .