ജലജാപ്രസാദ്*

പ്രിയമാനസാ ,
ഞാനാരായിരുന്നു എന്ന്
അങ്ങയെ
ഒരു വട്ടം കൂടി
ഓർമിപ്പിക്കണമെനിക്ക് ..
എല്ലാവരാലും എന്നും മറക്കപ്പെട്ടവളാണീ
ഊർമ്മിള
രാമായണം സീതായനവു മാണെന്ന് ഏവരെക്കൊണ്ടും പറയിച്ച
വാത്മീകിയാണെന്നെ
ആദ്യം മറന്നത്.
ജനകപുത്രിയായിട്ടും
ജാനകിയെന്ന പേർ .
എനിക്കു തരാൻ
അച്ഛൻ മറന്നു!
സ്വയംവരപ്പന്തലിൽ
മണവാട്ടിയാക്കാൻ
മറന്ന്
പ്രിയനേ,
എന്നെ നിനക്ക്
താതൻ ദാനമായേകി
ജ്യേഷ്ഠനൊപ്പം മരവുരിയുടുത്തപ്പോൾ
നീയും വരുന്നോ കൂടെയെന്നെന്നോടു ചോദിക്കാൻ നീ മറന്നു, !
പാദുകാഭിഷേക വേളയിൽ
കൊട്ടാരത്തിലേക്ക് ഭരതൻവശം
ഒരു സ്നേഹക്കുറിമാനം കൊടുത്തയക്കാനും
മറന്നു നീ
രാമനല്ലേ, ദേവനല്ലേ
പാതി ഒറ്റയ്ക്കല്ലേ,
കാട്ടിലേക്കരുതെന്നു പറയാൻ
അമ്മ മറന്നു !
പാതിവ്രത്യത്തിന്റെയാൾ രൂപമെന്നൊരാളും
പാരായണ ശേഷവും
ഉറക്കെപ്പറയാൻ മറന്നു
എങ്കിലും പ്രിയമാനസാ .
നിദ്രാവത്വമെന്ന വരം
അങ്ങെനിക്കു തന്നതെന്തിനെന്ന്
ആൾക്കാർ തെറ്റി വായിക്കുന്നത്
എനിക്കു സഹിക്കാവതല്ല

By ivayana