ശിരസ്സിൽ ഭ്രാന്ത്പൂക്കുമ്പോൾ

അക്കാലത്ത് ഞാൻ ഒരു മുക്കുവനായി കടൽത്തീരത്തു ജീവിച്ചിരുന്നു. യവ്വനം എത്തും മുൻപേ മാതാപിതാക്കളെ നഷ്ടപ്പെട്ടതിനാൽ ഏകനായി ജിവിച്ചു. രാത്രി കാലങ്ങളിൽ കടലിൽ ചൂണ്ടയിട്ടും വലവീശിയും മീൻപിടിച്ച് നിത്യവൃത്തികഴിഞ്ഞുപോന്നു. ഒരു രാത്രിയിൽ ക്ഷീണം മൂലം വള്ളത്തിൽ കിടന്ന് ഉറങ്ങിപ്പോയി. ഇടക്കെപ്പോഴോ ആരോ തട്ടിവിളിക്കുന്നത് പോലെ തോന്നി കണ്ണുകൾ തുറന്ന് നോക്കുമ്പോൾ അതിസുന്ദരിയായൊരു മത്സ്യകന്യയെ സമീപത്ത് കണ്ടു. അവളായിരുന്നു എന്നെ തട്ടിവിളിച്ചത്. നിലാവിൻറ്റെ പ്രകാശവും അവളുടെ സൗന്ദര്യവും ഒരുമിച്ച്

ഹൃദയത്തിൽ നിറഞ്ഞപ്പോൾ അതൊരു തെളിഞ്ഞ സ്വപ്നമാണന്ന് കരുതി അതിൻറ്റെ തുടർച്ചകാണാൻ വീണ്ടും ഞാൻ കണ്ണടച്ചുകിടന്നു മയങ്ങി. വള്ളം ഉലയുകയും മുമ്പോട്ടുനീങ്ങുന്നതായും തോന്നി, അതോ ആകാശത്തേക്ക് പറന്നുയരുകയാണോ? അവളുടെ അതിസൗന്ദര്യം കാരണം അതൊരു സ്വപ്നമാണന്ന് തന്നെ ഞാൻ കരുതി. ഇടക്കെപ്പോഴോ വള്ളം മണൽത്തിട്ടയിലിടിച്ച് നിന്നു. അവൾ ദൂരേയ്ക്ക് നീന്തിപ്പോകുന്നതും ഞാൻ കണ്ടു.
സൂര്യന്റെ ഇളം ചൂടേറ്റാണ് ഞാൻ ഉണർന്നത്. ഞാൻ കണ്ണുകൾ തുറന്നു നോക്കുമ്പോഴാവട്ടെ. അതിദിവ്യതയോടെ പുഞ്ചിരിച്ച് എന്നെത്തന്നെ നോക്കിനിൽക്കുന്ന ഒരു മനുഷ്യനെ കണ്ടു. തേജോമയമായിരുന്നു അദ്ദേഹത്തിന്റെ മുഖം.

സ്വപ്നത്തുടർച്ചയിൽ ഞാൻ ആകാശലോകത്തുള്ള ഏതോ സ്വർഗത്തിലെത്തിയെന്നും ആ സ്വർഗത്തിൻറ്റെ കാൽക്കാരനായിരിക്കും ആ പുരുഷൻ എന്ന് എനിക്ക് തോന്നി. ഞാൻ ചാടിയെണീറ്റ് അദ്ദേഹത്തെ താണുവണങ്ങി. അപ്പോൾ എന്നെ പിടിച്ച് എണീപ്പിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു: യുവാവേ ഞാൻ ഒരു മനുഷ്യനാണ്. കുറച്ചു കാലമായി ഈ ദ്വീപിൽ താമസിച്ചുവരുന്നു. ഈ ദ്വീപിലെ വൃക്ഷഫലങ്ങൾ ആയിരുന്നു എൻറ്റെ ഭക്ഷണം. ഇപ്പോൾ അവയുടെ ഫലസമൃദ്ധിയുടെ കാലം കഴിഞ്ഞു. അതുകൊണ്ട് നീ എന്നെ അക്കരയ്ക്ക് എത്തിക്കണം. അപ്പോഴാണ് അദ്ദേഹത്തെ ഞാൻ ശരിക്കും ശ്രദ്ധിക്കുന്നത്. ഭക്ഷണം കഴിക്കാതെ ക്ഷീണിതനായിരുന്നു അദ്ദേഹം. ഞാൻ എനിക്ക് കഴിക്കാൻ വെച്ചിരുന്ന ഭക്ഷണം എടുത്ത് അദ്ദേഹത്തിന് കഴിക്കാൻ കൊടുത്തു. അന്ന് കിട്ടിയ വലിയ മത്സ്യത്തിൽ ഒരെണ്ണം എടുത്ത് തീയിൽ ചുട്ടു കഴിക്കാൻ തയാറാക്കി.
അദ്ദേഹം ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ, ഞാൻ ചോദിച്ചു, അങ്ങയുടെ മുഖത്ത് ഇത്രയേറെ തേജസ്സും ശാന്തതയും സന്തോഷവും കളിയാടാൻ കാരണമെന്താണ്? അങ്ങയെ കണ്ടപ്പോൾ ദൈവദൂന്മാരിലാരോ ആണെന്നാണ് ഞാൻ കരുതിയത്. അദ്ദേഹം പറഞ്ഞു: മനുഷ്യൻറ്റെ ആനന്ദം അവൻറ്റെ ആത്മാവിൽ കൂടികൊള്ളുന്നു. ആത്മബോധമുള്ളവന് ആനന്ദത്തിനായ് മറ്റൊരാളെ ആശ്രയിക്കേണ്ടിവരുന്നില്ല. ആത്മാവ് ദൈവനിർമ്മിതമാണ്, അത് സ്വയം ആനന്ദമാണ്. അതുകൊണ്ട് തന്നെ മനുഷ്യരെ ദൈവദൂന്മാരാക്കി മാറ്റാൻ ആത്മബോധത്തിന് സാധിക്കും.
അദ്ദേഹം പറഞ്ഞത് പൂർണ്ണമായും മനസ്സിലായില്ല എങ്കിലും ഒരു കാര്യം എനിക്ക് മനസ്സിലായി. ആനന്ദം പുറത്തു നിന്നല്ല, ആത്മാവിൽ നിന്നുകണ്ടെത്തുമ്പോൾ മനുഷ്യരെ അത് ദൈവദൂദന്മാരാക്കിമാറ്റുമെന്ന്.

ഞാൻ പറഞ്ഞു: അങ്ങയുടെ മുഖത്തെ തേജസ് കാണുമ്പോൾ ശരിയാണന്ന് തോന്നുന്നു. പക്ഷേ അമ്മ പറയാറുണ്ടായിരുന്നു നമ്മുടെ സന്തോഷം നമ്മുടെ അപ്പനാണ് എന്ന്. അപ്പൻ മരിച്ചപ്പോൾ ആണ് അത് സത്യമാണ് എന്ന് ഞാൻ ഗ്രഹിച്ചത്. അമ്മകൂടീ മരിച്ചപ്പോഴാവട്ടെ അത് പൂർണ്ണമായും ശരിയാണ് എനിക്ക് തോന്നി. നമ്മുടെ സന്തോഷം നമ്മുടെ ചുറ്റും ഉള്ളവരിൽ നിക്ഷിപ്തമാണ് എന്നാണ് എൻറ്റെ അഭിപ്രായം.

കഴിഞ്ഞ മാസം താർസീസിൽ പോയപ്പോൾ ഞാൻ ഒരു യവനസുന്ദരിയെ കണ്ടു. ഹോ എന്തായിരുന്നു അവളുടെ ചന്തം. പൗർണ്ണമിച്ചന്ദ്രിക സമുദ്രത്തിൽ വീണതുപോലെ കരയിൽ വീണപൗർണ്ണമീ നിലാവാണവൾ. അവളെ ഒന്നോർക്കുമ്പോൾ തന്നെ എന്തൊരു സന്തോഷമാണ് ഹൃദയം നിറയേ. ഏകാന്തതകളിൽ, എൻറ്റെ ഹൃദയം നിറക്കുന്നത് അവളാണ്. എന്തൊരു ആഹ്ലാദമാണ് അവളേക്കുറിച്ച് ഉള്ള ചിന്ത എന്നിൽ നിറക്കുന്നത്. അവൾ സ്വന്തമായാൽ കൂടുതൽ ആഹ്ലാദകദമായിരിക്കും എൻറ്റെ ജീവിതം എന്ന് എനിക്ക് തോന്നുന്നു. അതാണ് ഏറ്റവും അനായസകരമായ സന്തോഷം എന്ന് ഞാൻ കരുതുന്നു. എനിക്ക് അതു മതി.

വെയിൽ കനക്കുംമുമ്പേ ഞങ്ങൾ അവിടെ നിന്നും തിരിച്ചു നാട്ടിൽ എത്തി. അദ്ദേഹം കരക്കിറങ്ങി എങ്ങോട്ടോ പോയ് മറഞ്ഞു. ഞാൻ ആവട്ടെ വീണ്ടും മീൻ പിടിച്ച് ജീവിച്ചുപോന്നു. അങ്ങനെ താർസീസിൽ കണ്ട സുന്ദരിയെ ഞാൻ സ്വപ്നം കണ്ടു. അവളെ കാണണമെന്നുള്ള അതിയായ ആഗ്രഹം മൂലം പുലർച്ചെ താർസീസിലേക്ക് നടന്നുപോയി. നഗരപ്രാന്തത്തിലെത്തിയപ്പോൾ ഒരു വിലാപഗാനം എൻറ്റെ കാതുകളിൽ പതിച്ചു. അതെൻറ്റെ പ്രണയനിയുടെ ഭവനത്തിൽ നിന്നാണന്നറിഞ്ഞപ്പോൽ തെല്ലൊരു സന്തോഷം തോന്നി, ശവശരീരം കാണുന്നതിനൊപ്പം ഒട്ടൊരുനേരം അവളെയും കണ്ടുനിൽക്കാമല്ലോ എന്നൊരു ചിന്ത വന്നുകടന്നുപോയി. ഞാൻ മെല്ലെ ആ ഭവനത്തിൽ പ്രവേശിച്ചു മരിച്ചയാളെ കണ്ടപ്പോൾ എൻറ്റെ ഹൃദയം തകർന്നു പോയി. അപ്രതീക്ഷിതമായി മരിച്ചപോയത് എൻറ്റെ പ്രണയനിയായിരുന്നു.

ഹൃദയം നടുവേ കീറിയെറിയുന്നതുപോലെ ഞാൻ മുറിഞ്ഞുപോയി അവളുടെ ചേതനയില്ലാത്ത ശരീരം കണ്ട്. ശൂന്യമായമനസ്സോടെ വേദനതിങ്ങിവിങ്ങുന്ന ആത്മാവോടെ അവിടെ നിന്നും ഇറങ്ങി ഞാൻ നടന്നു. ഹൃദയഭാരം എത്രയെന്ന് വർണ്ണിക്കാനാവില്ല. നട്ടുച്ചയ്ക്ക് കാർമേഘം മൂടി ആകാശവും ഭൂമിയും അന്ധകാരമയമയമായതുപോലെ എൻറ്റെ ഉള്ളം ഇരുണ്ടുപോയി.
ഞാൻ അങ്ങനെ വേദനയോടെ നടക്കുമ്പോഴാണ്

പഴയ ആ ദ്വീപ് നിവാസിയെ ഞാൻ കണ്ടത്.. എന്താണന്നറിയില്ല, അദ്ദേഹത്തെ ദൂരെനിന്ന് കണ്ടപ്പോൾ തന്നെ എന്തെന്നില്ലാത്ത ഒരു സന്തോഷം എൻറ്റെ ഹൃദയത്തിൽ നിറഞ്ഞു. കാർമേഘം കനംതിങ്ങിയ ആകാശത്ത് കാറ്റടിച്ച് കാർമേഘമെല്ലാം ദിക്ക് വിട്ട് പോയ് മറഞ്ഞ് നട്ടുച്ചസൂര്യൻ തെളിഞ്ഞു പ്രകാശിക്കുന്നതുപോലെ എൻറ്റെ ഹൃദയത്തിൽ എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞു നിന്നു. എൻറ്റെ ദുഖങ്ങൾ എല്ലാം എവിടെപ്പോയി മറഞ്ഞുവെന്ന് ഞാൻ അത്ഭുതപ്പെട്ടു.
ഞാൻ ഉള്ളമേ ചിന്തിച്ചു, ഇതൊരു അത്ഭുതമായിരിക്കുന്നല്ലോ! എത്രപെട്ടന്നാണ് എന്നെ മരണകരമായ ദുഖത്തിൻറ്റ ആഴത്തിൽ നിന്നും ഈ മനുഷ്യൻ രക്ഷിച്ചിരിക്കുന്നത്. ഇവനെ കാണുമ്പോൾ സകലദുംഖങ്ങളും മാഞ്ഞുപോകുന്നുവെങ്കിൽ ഈ മനുഷ്യൻ ഉള്ളിൽ അനുഭവിക്കുന്ന ആനന്ദം എത്ര വലുതായിരിക്കും.

എനിക്കും അത് സ്വന്തമാക്കണം.
“ഹൃദയമുറിവുകൾ സമ്മാനിക്കുന്ന മനുഷ്യബന്ധങ്ങളേക്കാൾ നല്ലതല്ലേ ആത്മാനന്ദം നിറച്ചുതരുന്ന ദൈവസ്നേഹം.”
ഇത് ചിന്തിച്ചുറച്ച് ഞാൻ ഓടിച്ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയും പാദങ്ങളിൽ നമസ്ക്കരിച്ച് എനിക്കും ആന്തരീകാനന്ദം പകർന്നു തരണം എന്നപേക്ഷിച്ചു. അദ്ദേഹം എന്നെ പിടിച്ച് എണീപ്പിച്ചിട്ട് പറഞ്ഞു: ആന്തരീകാനന്ദം അനായാസേന ലഭിക്കുന്ന ഒന്നല്ല. അതിന് അഭ്യാസം വേണം എന്ന് പറഞ്ഞു നടന്നകന്നു. അദ്ദേഹത്തെ അങ്ങനെ വിടാൻ എനിക്ക് ഉദ്ദേശില്ലായിരുന്നു. ഞാൻ അദ്ദേഹത്തെ പിന്തുടർന്നു.

കാലങ്ങളങ്ങനെ കഴിഞ്ഞുപോയി; ഒരു രാത്രി ഒരു മരുഭൂമിയിൽ, ഈന്തപ്പനകളുടെ നിഴലിൽ ഞങ്ങൾ വിശ്രമിക്കുകയായിരുന്നു. പാതിരാത്രിയായിക്കാണും അദ്ദേഹം എന്നെ തട്ടിവിളിച്ചു. ഞാൻ കണ്ണുതുറന്നു നോക്കുമ്പോൾ അകലെ തെളിഞ്ഞു നിൽക്കുന്ന ഒരു നക്ഷത്രം ചൂണ്ടിക്കാണിച്ചിട്ട് അദ്ദേഹം ചോദിച്ചു : നീ ആ നക്ഷത്രം കാണുന്നുണ്ടോ? ഉവ്വ് ഗുരുദേവാ ആ നക്ഷത്രം ഞാൻ കാണുന്നുണ്ട് എന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം എൻറ്റെ കണ്ണുകൾ രണ്ടും അദ്ദേഹത്തിന്റെ കൈകൾ കൊണ്ട് പൊത്തിപ്പിടിച്ചിട്ട് ചോദിച്ചു ഇപ്പോൾ നീ ആ നക്ഷത്രത്തെ കാണുന്നുണ്ടോ എന്ന്? അത്ഭുതം തന്നെയെന്ന് പറയാം അപ്പോഴും ആ നക്ഷത്രം എനിക്ക് കാണാമായിരുന്നു.

ഇനി നീ ഉള്ളിലേക്ക് നോക്കുക എന്നുള്ള ഗുരുദേവൻറ്റെ ശബ്ദം അങ്ങ് ദൂരെയെങ്ങുന്നുനിന്നോ ഞാൻ കേട്ടു. ഗുരുദേവൻറ്റെ ശബ്ദം കേട്ടതും എൻറ്റെ അകക്കണ്ണുകൾ അകത്തേയ്ക്ക് തിരിച്ചു. ഞാൻ ഉള്ളിലേക്ക് നോക്കിയപ്പോൾ ഉള്ള് ശൂന്യമായിരിക്കുന്നത് കണ്ടു അത്ഭുതപ്പെട്ടു. അപ്പോൾ മുകളിൽ നിന്നും നീലയും വെള്ളയുംകലർന്ന പ്രകാശകണങ്ങൾ ഉള്ളിലേക്ക് ഒഴുകിനിറഞ്ഞു,, ശരീരത്തിൻറ്റെ ഓരോ അണുവും പ്രകാശമയമായി മാറിയത് ഞാൻ അറിഞ്ഞു. പെടുന്നനവെ ഒരു മഹാപ്രകശത്തിൽ ഞാൻ ലയിച്ചു. ഞാൻ നോക്കുമ്പോൾ എൻറ്റെ ശരീരം മരുഭൂമിയിൽ കിടക്കുന്നു: അതിശയംതന്നെ ഞാൻ നോക്കിക്കണ്ട നക്ഷത്രമായി ഞാൻ മാറിയിരിക്കുന്നു. എത്രനേരം ആ ദിവ്യാനുഭവത്തിൽ ലയിച്ചു നിന്നു എനിക്ക് ഓർമ്മയില്ല, അളവില്ലാത്ത ആനന്ദത്തിൻറ്റെ ഉടമയാണ് ഓരോ ആത്മാവും എന്ന് ഞാൻ തിരിച്ചറിഞ്ഞു.

വീണ്ടും ദൂരെനിന്ന് ഗുരുദേവൻറ്റെ ശബ്ദം ഞാൻ കേട്ടു: മകനേ തിരിച്ചു വരിക എന്ന്. ഞാൻ കണ്ണുതുറന്നു നോക്കുമ്പോൾ ഗുരുദേവൻ എൻറ്റെ സമീപത്ത് നിൽക്കുന്നുണ്ട്, ആനന്ദമധുരം ശരീരത്തിൽ നിന്നും വിട്ടുപോയിട്ടില്ല, പുറത്ത് നിന്നും ലഭിക്കുന്ന സന്തോഷം എത്രതുച്ഛമെന്നും ആന്തരീകാനന്ദം എത്രമഹത്തരമെന്നും ഞാൻ തിരിച്ചറിഞ്ഞു. ആ ദിവ്യസ്നേഹത്തിനായി ഗുരുദേവനോട് നന്ദിപറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ പാദങ്ങളെ തഴുകി എൻറ്റെ കണ്ണീർക്കണങ്ങൾ നന്ദി പറഞ്ഞു. കണ്ണീർക്കണങ്ങളലല്ലാതെ മറ്റെന്തിനാണ് ഇത്ര ആഴത്തിൽ നന്ദിപറയാനാവുക.

By ivayana