സുമോദ് എസ്*

മതത്താലും രാഷ്ട്രീയത്താലും ഒരേ പോലെ ചതിയ്ക്കപ്പെട്ട ജനതയും ദേശവുമാണ് അഫ്ഗാന്‍.
അമേരിയ്ക്കയാലും ,റഷൃയാലും ഒരേ പോലെ ചതിയ്ക്കപ്പെട്ടവര്‍..
വര്‍ണ്ണവെളിച്ചങ്ങളും സംഗീതനിശ്ശകളും റുബാബിന്റെ സംഗീതവും,സിനിമകളും നാടകങ്ങളും, ബഹദൂര്‍ഷായുടേയും റൂമിയുടേയും ഗാനങ്ങളും കൊണ്ട് ആഹ്ളാദഭരിതമായ കാബൂള്‍ രാവുകള്‍ ചോരകനത്ത് കട്ടപിടിച്ച് കറുത്തു പോയത് 1970 കളുടെ അവസാനത്തോടെയാണ്.
അഫ്ഗാനിലെ ജനവാസമേറിയ നഗരമാണ് കാബൂള്‍.ജീവിതസുഖങ്ങളും സൗകരൃങ്ങളും കണ്ടറിഞ്ഞ് മറ്റ് നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ആളുകള്‍ കാബൂളിലേയ്ക്ക് ജീവിതം പറിച്ച് നട്ടിരുന്നു.അനവധി ജില്ലകളടങ്ങിയ കാബൂള്‍ പ്രവിശൃയുടെ കേന്ദ്രമായിരുന്നു കാബൂള്‍.സമുദ്രനിരപ്പില്‍ നിന്ന് അയ്യായിരത്തോളം അടിഉയരത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തലസ്ഥാനമായി കാബൂള്‍ തലയെടുപ്പോടെ സ്വച്ഛമായി വിരാജിച്ചിരുന്നു ഒരു കാലത്ത്.

ഏതാണ്ട് മൂവായിരത്തോളം കൊല്ലത്തെ കാബൂളിന്റെ രാഷ്ട്രീയ ചരിത്രം എല്ലായിടത്തുമെന്നതുപോലെ വെട്ടിപ്പിടിയ്ക്കലിന്റേയും ചെറുത്തു നില്‍പ്പിന്റേയും ചരിത്രമായിരുന്നു .
ഖുബ എന്ന മാതൃകാ നഗരമായി ഋഗ്വേദത്തിലും ,സൗരാഷ്ട്രിയന്‍ അവസ്തയിലും പരാമര്‍ശിയ്ക്കപ്പെട്ടിരുന്നു കാബൂള്‍.

ഏഷൃയേയും യൂറോപ്പിനേയും ബന്ധിപ്പിച്ചിരുന്ന പട്ടുതുണിപ്പാതയിലെ ഈ പ്രധാന നഗരം അതുകൊണ്ട് തന്നെ സെെറസ്സും,സൗരാഷ്ട്രീയന്മാരും,ദാരിയസ്സും പിന്നീട് അലക്സാണ്ടറും ,
സെലൃൂക്കസ്സും ,ഗ്രീക്കോ ബാക്ട്രിയന്മാരും,മൗരൃന്മാരും,കുശാനന്മാരും ,ഗസ്നിയും,തിമൂറും ,മുഗളന്മാരും ,നാദിര്‍ഷായും ബ്രിട്ടീഷുകാരുമെല്ലാം നിയന്ത്രണത്തിലാക്കാന്‍ ആഗ്രഹിച്ചിരുന്നു.
18 ാം നൂറ്റാണ്ടോടു കൂടി ദുറാനി വംശം അല്ലെങ്കില്‍ അഫ്ഗാന്‍ രാജവംശം അധികാരത്തില്‍ വരികയും അഹമ്മദ് ഷാ ദുറാനിയുടെ മകനായ തിമൂര്‍ഷാ ദുറാനി കാബൂളിനെ അഫ്ഗാന്റെ ഔദേൃാഗിക തലസ്ഥാനമായി പ്രഖൃാപിയ്ക്കുകയും ചെയ്തു.

പഷ്തൂണികള്‍,ഉസ്ബെക്കുകള്‍,താജിക്കുകള്‍,ബലൂചികള്‍,ഹസാരേകള്‍,
പിന്നെ ഗോത്രവിഭാഗങ്ങള്‍,മറ്റ് ചെറിയ നൃൂനപക്ഷങ്ങള്‍ ,ഇങ്ങനെ വംശീയമായി ചിതറിക്കിടന്നവരെങ്കിലും പൊതുവേ ഒരു അഫ്ഗാന്‍ ദേശീയബോധം എല്ലാവര്‍ക്കും ഉണ്ടായിരുന്നു.എങ്കിലും വംശസംഘര്‍ഷങ്ങളും ചെറിയ തോതില്‍ ഉണ്ടായിരുന്നു.
പൊതുവേ ഭക്ഷണപ്രിയരും ആഘോഷ-സുഖ ഭോഗ പ്രിയരുമായിരുന്ന കാബൂള്‍ ജനതയെക്കുറിച്ച് മിര്‍സ മുഹമ്മദ് ഹെെദര്‍ തുഗ്ളത്ത് എന്ന വിഖൃാത കവി എഴുതിയത് പരമാര്‍ത്ഥമാണ്.

” കാബൂളില്‍ വന്ന് തിന്നുക,കൂടിയ്ക്കുക..
ഒരേ സമയം അതൊരു
പര്‍വ്വതവും ,മരുഭൂമിയും,നഗരവും,പുഴയും,പുഴയോരവും,താഴ്വരയുമാകുന്നു..”
മുഗളന്മാര്‍ ,പ്രതേൃകിച്ച് ബാബര്‍ കാബൂളിനെ പ്രണയിച്ചിരുന്നു.കാബൂളില്‍ ഇരുപത് കൊല്ലത്തോളം താമസ്സിച്ച ബാബറിന്റെ അന്തൃാഭിലാഷം തന്റെ മരണശേഷം കാബൂളില്‍ അടക്കം ചെയ്യണമെന്നതായിരുന്നു.
അത്ര പ്രോജ്ജ്വലമായിരുന്നു ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിതാണ് എന്ന് പേര്‍ഷൃന്‍ കവികള്‍ പാടിപ്പുകഴ്ത്തിയ കാബൂള്‍..

കാബൂളും,കാണ്ഡഹാറും ഹിന്ദുസ്ഥാനിലേയ്ക്കുള്ള പ്രധാന പ്രവേശന കവാടങ്ങളായി വിവരിച്ചത് അക്ബറിന്റെ സദസ്സിലെ അബുള്‍ ഫാസിലാണ്.
തിമൂര്‍ഷായുടെ ഭരണശേഷം അദ്ധേഹത്തിന്റെ മകന്‍ സമന്‍ഷാ ദുറാനിയുടെ കാലത്താണ് ഇംഗ്ളീഷുകാരനായ ജോര്‍ജ്ജ് ഫോര്‍സ്റ്റര്‍ കാബൂളിലെത്തുന്നത്.
ഏഷൃയിലെ ഏറ്റവും മികച്ചതും വൃത്തിയുള്ളതുമായ നഗരമായി അദ്ധേഹം കാബൂളിനെ രേഖപ്പെടുത്തി.

അതുകൊണ്ട് തന്നെ ബ്രിട്ടീഷുകാര്‍ കാബൂള്‍ ആക്രമിയ്ക്കാന്‍ വെെകിയതുമില്ല.
1841 ലും 1879 ലും ബ്രിട്ടീഷുകാര്‍ അഫ്ഗാന്‍ ആക്രമിച്ചെങ്കിലും പൂര്‍ണ്ണമായി നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞില്ല.
അഫ്ഗാന്‍ ജനത വീരോചിതമായി ചെറുത്തു നിന്നു.20 ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹബീബുള്ള ഖാന്‍ രാജാവ് കാബൂളിനെ ആധുനീകരിയ്ക്കാന്‍ ശ്രമിച്ചു.
വെെദൃുതിയും,ടെലഫോണും പോസ്റ്റല്‍ സര്‍വ്വീസുമാരംഭിച്ചു.1919 ലെ മൂന്നാം ആംഗ്ളോ -അഫ്ഗാന്‍ യുദ്ധത്തോടെ ബ്രിട്ടീഷുകാര്‍ സമ്പൂര്‍ണ്ണമായും അഫ്ഗാനില്‍ നിന്നും പിന്മാറി.ഹബീബുള്ളയുടെ പിന്ഗാമിയായ അമാനുള്ള ഖാന്‍ അഫ്ഗാനിസ്ഥാന്റെ സമ്പൂര്‍ണ്ണ സ്വാതന്ത്രൃം പ്രഖൃാപിച്ചു.
കാബൂളില്‍ നിന്നും അഞ്ച് മെെല്‍ അകലത്തില്‍ ദാറുല്‍ അമന്‍ എന്ന പുതിയൊരു നഗരവും കൊട്ടാരവും പണികഴിപ്പിച്ചു.

എങ്കിലും വെെകാതെയുണ്ടായ അധികാര അട്ടിമറിയുടെ അനന്തരഫലമായി അമാനുള്ളഖാന് തുടര്‍ന്ന് ഹബീബുള്ളയും നാദീര്‍ഖാനും ഭരിച്ചു.കാബൂളിലെ ഒരു വിദൃാലയത്തിലെ അവാര്‍ഡ്ദാന ചടങ്ങില്‍ വെച്ച് നാദിര്‍ഖാന്‍ കൊല്ലപ്പെട്ടതാണ് ആധുനിക അഫ്ഗാന്‍ ചരിത്രത്തിലെ ആദൃത്തെ ഞെട്ടല്‍.
തുടര്‍ന്ന് അദ്ധേഹത്തിന്റെ പത്തൊന്‍പതുകാരനായ മകന്‍ സഹീര്‍ഷാ 1933 മുതല്‍ അഫ്ഗാന്റെ രാജാവായി.
അഫ്ഗാന്റെ ചരിത്രത്തിലെ അവസാന രാജാവ്.

ആധുനിക അഫ്ഗാന്റെ ശില്പി.തന്റെ നാല്‍പ്പതു കൊല്ലത്തോളം നീണ്ട ഭരണത്തില്‍ സഹീര്‍ഷ അഫ്ഗാനെ അടിമുടി മാറ്റിപ്പണിതു.ഫ്രാന്‍സും,ജര്‍മ്മനിയും സഹീര്‍ഷായോട് നല്ല ബന്ധം പുലര്‍ത്തുക വിദൃാഭൃാസം ,ഗതാഗതം,അടിസ്ഥാന സൗകരൃ വികസനം തുടങ്ങിയ മേഖലകളിലേയ്ക്ക് വിദേശസഹായം സംഭാവന ചെയ്യുകയും ചെയ്തു.കാബൂള്‍ യൂണിവേഴ്സിറ്റി ആരംഭിച്ചു .പടിഞ്ഞാറന്‍ സര്‍വ്വകലാശാലകളില്‍ നിന്ന് അദ്ധൃാപകരും സ്കോളേഴ്സും കാബൂളിലെ കലാലയങ്ങളിലേയ്ക്ക് ക്ഷണിയ്ക്കപ്പെട്ടു.ഗതാഗത വാര്‍ത്താ വിനിമയ മേഖലകളില്‍ കുതിച്ചു ചാട്ടമുണ്ടായി.ഫ്രാന്‍സിനും ജര്‍മ്മനിയ്ക്കും പുറമേ ജപ്പാനുമായും ഇറ്റലിയുമായും സഹീര്‍ഷ നല്ല ബന്ധം പുലര്‍ത്തി.

ബാങ്കുകള്‍,തുണിമില്ലുകള്‍,വൃവസായശാലകള്‍,വിശാലമായ ഹെെവേകള്‍,ഡാമുകള്‍,യന്ത്രവല്‍കൃത വൃവസായ ശാലകള്‍ തുടങ്ങി സമസ്തമേഖലകളിലും ഈ വികസനം സുവൃക്തമായി.
യൂറോപ്പില്‍ നിന്ന് ഹിപ്പി സംഘങ്ങളുടെ പ്രധാനലക്ഷൃ കേന്ദ്രമായി കാബൂള്‍ മാറി.
സോവിയറ്റ് അതിര്‍ത്തിയിലേയ്ക്ക് വലിയ റോഡുകള്‍ നിര്‍മ്മിയ്ക്കപ്പെട്ടു.
കാലക്രമേണ സോവിയറ്റ് യൂണിയന്റെ രാഷ്ട്രീയ -ചിന്താ പദ്ധതികള്‍ക്ക് കാബൂളില്‍ വേരോട്ടമുണ്ടായി..

സഹീര്‍ഷായുടെ കാലത്തോടെ കാബൂളിലെ മത -വംശ യാഥാസ്തിഥികര്‍ ദുര്‍ബലമായിരുന്നു എങ്കിലും തീര്‍ത്തും നിഷ്ക്രിയമായിരുന്നില്ല.ഇവര്‍ക്ക് സഹീര്‍ഷായുടെ ഭരണ പരിഷ്ക്കാരങ്ങള്‍ ഉള്‍ക്കൊള്ളുവാനും കഴിഞ്ഞിരുന്നില്ല.എന്നാല്‍ അമിതമായ സോവിയറ്റ് സ്വാധീനം ഒരു വിഭാഗം ജനങ്ങളിലുണ്ടാക്കിയ ആശങ്ക മുതലെടുത്ത് യഥാസ്ഥിതിക ഗ്രൂപ്പുകള്‍ പ്രധാനമന്ത്രി ദാവൂദ് ഖാന്റെ സഹായത്തോടെ സഹീര്‍ഷായെ അട്ടിമറിയ്ക്കുകയും ദാവൂദ്ഖാന്‍ ആദൃ പ്രസിഡന്റ് ആവുകയും ചെയ്തു.

അഫ്ഗാന്റെ ഗതി
വിധി മാറിപ്പോയ ചരിത്ര സന്ധി അവിടെ തുടങ്ങുന്നു.
ലക്ഷക്കണക്കിന് പേരുടെ മരണത്തിനിരയാക്കിയ,ദശലക്ഷക്കണക്കിന് മനുഷൃരെ ആലംബഹീനരും,അഭയാര്‍ത്ഥികളുമാക്കിയ
ആഭൃന്തര യുദ്ധങ്ങളുടേയും,രക്തച്ചൊരിച്ചിലിന്റേയും,പിന്നീട് താലിബാന്‍ ഭീകരകാലത്തിന്റെതടക്കം വേരുകള്‍ 1973 ലെ രക്തരഹിതമായ
ആ അട്ടിമറിയിലായിരുന്നു.
സ്ഥാനഭൃഷ്ടനായ സഹീര്‍ഷാ നാടുവിട്ടു.

പക്ഷേ 1978 ല്‍ സോവിയറ്റ് ട്രൂപ്പുകളുടെ സഹായത്തോടെ വിപ്ളവകാരികള്‍ നടത്തിയ ”സൗര്‍” വിപ്ളവത്തില്‍ ദാവൂദ് ഖാന്‍ കൊല്ലപ്പെടുന്നു.
സോവിയറ്റ് പിന്തുണയോടെ നൂര്‍ മുഹമ്മദ് തരാകി അധികാരമേറ്റു.സ്വകാരൃ മേഖലകളുടെ ദേശസാല്‍ക്കരണം അടക്കം പല പദ്ധതികളും നടപ്പിലാക്കി.
മാര്‍ക്സിസവും ലെനിനിസവും പാഠൃ പദ്ധതികളിലുള്‍പ്പെട്ടു.
സോവിയറ്റ് അധിനിവേശത്തെ ഒരു വിഭാഗം ആവേശത്തോടെ സ്വാഗതം ചെയ്തപ്പോള്‍ വലിയൊരു വിഭാഗം എതിര്‍ത്തു.

അവരില്‍ മത യാഥാസ്തിക വാദികളും,അഫ്ഗാന്റെ പരമാധികാരത്തെ സ്നേഹിച്ചവരും,രാജവംശത്തിന്റെ അനുയായികളും,വിവിധ ഗോത്രങ്ങളും ഉള്‍പ്പെട്ടു.
ഇക്കാലത്താണ് പാകിസ്ഥാന്‍ സോവിയറ്റ് യൂണിയനെതിരെ അഫ്ഗാന്‍ റീബലുകള്‍ക്ക് പിന്തുണ പ്രഖൃാപിച്ചതും അസ്വസ്ഥരായ മുജാഹിദ്ദീന്‍ റിബലുകള്‍ അടക്കമുള്ളവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു.അമേരിയ്ക്കയും,ചെെനയും അഫ്ഗാനിലെ സോവിയറ്റ് വിരുദ്ധ പോരാട്ടങ്ങളെ രഹസൃമായി പിന്തുണച്ചിരുന്നു.
ഫലത്തില്‍ ഒരു വൃാഴവട്ടം നീളുന്ന കനത്ത യുദ്ധത്തിലേയ്ക്ക് അഫ്ഗാന്‍ വീണു.
ജനത രണ്ട് ചേരിയായി പിരിഞ്ഞു.ലക്ഷക്കണക്കിന് മനുഷൃര്‍ കൊല്ലപ്പെട്ടു.
കാബൂള്‍ തകര്‍ന്നു.തെരുവുകളില്‍ ഷെല്ലുകള്‍ വീണ് ചിതറി.

ആയുധക്കൂമ്പാരങ്ങളുണ്ടായി.മുജാഹിദ്ദീന്‍ പോരാളികളും സോവിയറ്റ് സേനയും തമ്മില്‍ കനത്ത ഏറ്റുമുട്ടലുകളുണ്ടായി.തരാകിയ്ക്കു ശേഷം 1987 നജീബുള്ള അധികാരത്തില്‍ വന്നിട്ടും സ്ഥിതി ഗതികളില്‍ കാരൃമായ മാറ്റം വന്നില്ല എങ്കിലും കാബൂളിലേതടക്കം അഫ്ഗാനില്‍ പലയിടങ്ങളിലും ജനജീവിതം സാധാരണ ഗതിയിലാക്കാന്‍ നജീബുള്ള ആത്മാര്‍ത്ഥമായി ശ്രമിച്ചു.
പക്ഷേ ഏറ്റുമുട്ടലുകള്‍ തുടര്‍ന്നു കൊണ്ടിരുന്നു.

തെരുവുകളില്‍ സാധാരണമനുഷൃര്‍,സ്ത്രീകള്‍,കുട്ടികള്‍,വൃദ്ധര്‍ അതിന്ന് ഇരകളായി.ബോംബ് സ്ഫോടനങ്ങളും ചാവേര്‍ ആക്രമങ്ങളും ഉണ്ടായി.
നജീബുള്ള മാത്രമല്ല ഒട്ടുമിക്ക അഫ്ഗാന്‍ ഭരണാധികാരികളും കൊല്ലപ്പെടുകയായിരുന്നു.
1973 ല്‍ ദാവൂദ് ഖാന്‍ സഹീര്‍ഷായെ സ്ഥാനഭ്രഷ്ടനാക്കുമ്പോള്‍ അങ്ങേര് ഇറ്റലിയിലായതു കൊണ്ട് ലക്ഷപ്പെട്ടു.
ഇതേ ദാവൂദ് ഖാനേയും കുടുംബത്തേയും സൗര്‍ വിപ്ളവത്തില്‍ റഷൃന്‍ പിന്തുണയോടെ PDPA വിപ്ളവകാരികള്‍ വധിച്ചു. എന്നിട്ട് പാര്‍ട്ടി സെക്രട്ടറി നൂര്‍ മുഹമ്മദ് തരാകി അധികാരത്തില്‍ വന്നു.അധികം താമസ്സിയാതെ ഫണ്ടമെന്റലിസ്റ്റുകളുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടു.ഹഫീസുള്ള അമീന്‍ അധികാരത്തില്‍ വന്നു.ഈ സമയത്ത് റഷൃ അണിയറയില്‍ നിന്ന് രംഗത്തേയ്ക്ക് വന്ന് അഫ്ഗാനന്‍ പിടിച്ചെടുത്തു.ഹഫീസ് കൊല്ലപ്പെട്ടു.

അഫ്ഗാന്‍ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് അഫ്ഗാനിസ്ഥാന്‍ ആയി..
മതയാഥാസ്ഥിതികര്‍(അഫ്ഗാന്‍ മുജാഹിദ്ദീനുകള്‍ ) തിരിച്ചടി തുടങ്ങി.പാകിസ്ഥാന്റെ പരസൃ പിന്തുണ .മാവോയിസ്റ്റുകളുടെ പരസൃ പിന്തുണ ,
ഒപ്പം അമേരിയ്ക്കയുടെ രഹസൃ പിന്തുണയും..
പൊരിഞ്ഞ യുദ്ധം .

ഇതിനിടയില്‍ അഫ്ഗാന്‍ കമ്മൃൂണിസ്റ്റുകള്‍ക്കിടയില് പര്‍ച്ചാം,ഖല്‍ഖ് വിഭാഗങ്ങള്‍ക്കിടയിലുള്ള കലഹങ്ങള്‍,കൂട്ടയടി..പാവം ജനങ്ങള്‍..
ബാര്‍ബാല്‍ കര്‍മാലിനു ശേഷം നജീബുള്ള 1992 വരെ ഭരിച്ചു.
സോവിയറ്‌റ് യൂണിയന്‍ ആ സമയമായപ്പോഴേയ്ക്ക് അസ്തമിച്ചിരുന്നു.
നജീബുള്ളയ്ക്ക് ഭരണം നഷ്ടമായി്.പഴയ കമ്മൃൂണിസ്റ്റ് നേതാവ് ദോസ്തം,അഹമ്മദ് ഷാ മസൂദിന്റെ മുജാഹിദ്ദീന്‍ ,മന്‍സൂര്‍ ഇസ്മായിലിന്റെ സംഘടന ഗുല്‍ബുദ്ദീന്‍ ഹിക്മത്തിന്റെ സംഘടന (മൂപ്പരുടെ അസോസിയേറ്റായിരുന്നു ലാദന്‍ )എല്ലാവരും അധികാരത്തിന് അടി തുടങ്ങി.
അവര്‍ രൂപീകരിച്ച ഇസ്ളാമിക് സ്റ്റേറ്റ് ഓഫ് അഫ്ഗാനിസ്ഥാനിനകത്ത് അവരുതന്നെ തമ്മില്‍ തല്ലി തലകീറി ഒടുങ്ങി..

പെഷവാര്‍ ധാരണ അംഗീകരിയ്ക്കാന്‍ മസൂദ് തയ്യാറായിരുന്നുവെങ്കിലും ഹിക്മതൃാര്‍ തയ്യാറായില്ല.
വീണ്ടും കനത്ത ആഭൃന്തയുദ്ധം.
നാല് കൊല്ലം..
അവശേഷിച്ച ജനത്തിന് മരവിപ്പും,മരപ്പും,മടുപ്പും മാത്രം ബാക്കിയായി.
ഈ അരക്ഷിതാവസ്ഥ മുതലെടുത്താണ് നജീബുള്ളയെ അടക്കം വധിച്‌ താലിബാന്റെ വരവും പിരാന്തന്‍ ഭരണവും ആരംഭിയ്ക്കുന്നത്.(1996-2001)
അവര്‍ രാജൃത്തിന്റെ പേര് ഇസ്ളാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നു മാറ്റി.മുല്ല ഒമര്‍ ഭരണം നിയന്ത്രിച്ചു.
ഇടിവെട്ടേറ്റവനെ ഇരട്ടപ്പാമ്പ് കടിച്ച സ്ഥിതിയില്‍ അവിടുത്തെ ജനങ്ങളും.
പാവങ്ങള്‍..

അതി ക്രൂരമായിരുന്നു താലിബാന്റെ പിരാന്തന്‍ ഭരണം.
ഒരു മതവുമായും ആ വട്ടന്മാര്‍ക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ല.
എങ്കിലും അവര്‍ മതത്തെ വിദഗ്ദ്ധമായി ഒരു പരിച പോലെ ഉപയോഗിച്ചു.വടക്കന്‍ സഖൃം അടക്കമുള്ള മുന്‍ റിബല്‍ ഗ്രൂപ്പുകള്‍ മതത്തിനപ്പുറം ഒരു വിശാല അഫ്ഗാന്‍ ദേശീയ ബോധം ,തമ്മില്‍ കലഹിയ്ക്കുമ്പോഴും നില നിര്‍ത്തിയിരുന്നു.എന്നാല്‍ താലിബാന്‍ പരിപൂര്‍ണ്ണാര്‍ത്ഥത്തില്‍ അവരുടേതായ വൃാഖൃാനങ്ങള്‍ നിറഞ്ഞ ഒരു മതഭരണം അടിച്ചേല്‍പ്പിച്ചു.
കടുത്ത സ്ത്രീ വിരുദ്ധതയും ,വംശ വിരുദ്ധതയും നില നിര്‍ത്തിയ അപരിഷ്കൃതരായ ഗോത്ര ജീവികള്‍.ആദൃ ഘട്ടത്തില്‍ അഫ്ഗാനിലെ ആഭൃന്തര യുദ്ധത്തിന് അറുതിയാകും എന്ന് കരുതി അമേരിയ്ക്കന്‍ സ്പോണ്‍സേഡ് താലിബുകളെ അനുകൂലിച്ച ജനത കടുത്ത നിരാശയില്‍പ്പെട്ടു.സ്ത്രീകളും ഹസാരെകളും,ബലൂചികളും മറ്റ് നൃൂനപക്ഷങ്ങളുമെല്ലാം കടുത്ത പീഢനത്തിനും വിവേചനങ്ങള്‍ക്കും വംശഹതൃകള്‍ക്കും വിധേയരായി.

ഒരു കാലത്ത് അമേരിയ്ക്ക റഷൃ ശീതസമരത്തിന്റെ ഭാഗമായി വളര്‍ന്നു വന്ന വിവിധ ഗ്രൂപ്പുകള്‍ വരെ താലിബാന്‍ ഏകാധിപതൃത്തിനെതിരെ തിരിഞ്ഞു.2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തോടെ ഉച്ചിയില്‍ വെച്ചനുഗ്രഹിച്ച കെെ കൊണ്ട് ഉദകക്രിയ ചെയ്യാന്‍ അമേരിയ്ക്ക തീരുമാനിച്ചു.
വീണ്ടും കനത്ത യുദ്ധങ്ങള്‍..
ചോരയൊഴുകി പാവം അഫ്ഗാന്‍ വിളറി വീണു.

2004 ഓടെ ഏകദേശം താലിബാന്‍ ശക്തി കേന്ദ്രങ്ങള്‍ ദുര്‍ബലമാവുകയും അമേരിയ്ക്കന്‍ പിന്തുണയോടെ 2014 വരെ ഹമീദ് കര്‍സായി അഫ്ഗാന്‍ ഭരിയ്ക്കുകയും ചെയ്തു.
ഏതാണ്ട് മുപ്പതു കൊല്ലത്തെ അരക്ഷിതാവസ്ഥയ്ക്കു ശേഷം അഫ്ഗാന്‍ വെടിപ്പുക ശ്വസിയ്ക്കാതെ ഉറങ്ങി ഉണരാന്‍ തുടങ്ങി.
2014 ല്‍ അഷ്റഫ് ഗനി വന്നു.അഫ്ഗാനില്‍ തെരഞ്ഞെടുപ്പുകള്‍ വരെ നടന്നു.അമേരിയ്ക്കന്‍ ട്രൂപ്പുകള്‍ മടങ്ങി തുടങ്ങവേ വീണ്ടും താലിബാന്റെ കയ്യിലേയ്ക്ക് പാവം അഫ്ഗാന്‍ പതിയ്ക്കുകയാണ്.

നിശ്ചയമായും താലിബാന്‍ മാത്രമല്ല അഫ്ഗാന്റെ ഈ ഗതികേടിനു കാരണം.അമേരിയ്ക്കയും റഷൃയും പാകിസ്ഥാനും ചെെനയും എല്ലാം അഫ്ഗാന്റെ ഈ ഗതികേടിന് ,താലിബാന്റെ വളര്‍ച്ചയ്ക്ക് ഉത്തരവാദികളാണ്.
നമ്മള്‍ ഇന്തൃ മാത്രമാണ് അഫ്ഗാന്റെ അയല്‍ക്കാരില്‍ അവരെ ദ്രോഹിയ്ക്കാതിരുന്നത്.
ഈ ചരിത്രമൊന്നുമറിയാതെ താലിബാന്റെ രണ്ടാം വരവില്‍ താലിബാന്‍ വിസ്മയം എന്നൊക്കെ ലഡു പൊട്ടിയ്ക്കുന്ന ചിലരുണ്ട് .കഴിഞ്ഞ നാല്‍പ്പത് കൊല്ലമായി തകര്‍ന്നു തരിപ്പണമായ ഒരു രാജൃം ,ജനത ഒരു വിധം നിവര്‍ന്നു നില്‍ക്കാന്‍ തുടങ്ങുകയാണ്. മതവും രാഷ്ട്രീയവും കൊണ്ട് ഒരേ പോലെ ചതിയ്ക്കപ്പെട്ട ആധുനിക ലോകത്തിലെ ഏറ്റവും നിര്‍ഭാഗൃവാന്മാരായ ജനത.അവരെ ഒരു ജനാധിപതൃ രാജൃത്തിന്റെ സൗഭാഗൃങ്ങളില്‍ ഉണ്ടുറുങ്ങിയിരിയ്ക്കുന്ന സമയത്ത് വിസ്മയിപ്പിക്കാന്‍ പോകരുത്..
അവിടുത്തെ പെണ്‍കുട്ടികളുടെ കയ്യില്‍ കിട്ടിയാല്‍ പത്തല് വെട്ടി അടിയ്ക്കും.

സുമോദ് എസ്

By ivayana