Zehraan Marcelo*

ബ്ലാക്ക് ബോർഡിലെ
ശതമാന ചിഹ്നത്തിന്റെ
തുറിച്ചുനോട്ടം!
ചുവന്ന റമ്മിലേക്ക് വീണുപടരുന്ന
ഐസുകട്ടകൾ…
നടന്നുതേഞ്ഞ ചെരിപ്പിനടിയിലെ
വൃത്തങ്ങൾ…
പിഞ്ഞിയ കറൻസി നോട്ടിലെ
പൂജ്യങ്ങൾ…
ഒരു മാദകനടിയുടെ തുടയിടുക്ക്
ലക്ഷ്യമാക്കിയ സ്വയംഭോഗത്തിന്റെ
അവസാന ഇറ്റുവീഴ്ച്ചകൾ…
ബീഡിപ്പുക കാർന്നുതിന്ന
ഹൃദയത്തിന്റെ സുഷിരങ്ങൾ…
വിഭ്രാന്തിയുടെ തടവറക്കമ്പികളെ
വിറയലോടെ ചേർത്തുപിടിക്കുന്ന
മെലിഞ്ഞ രണ്ടു കരങ്ങൾ…
ബ്ലാക്ക് ബോർഡിലെ
ശതമാനക്കണക്കുകളിലേക്ക്
അസ്ത്രങ്ങളയയ്ക്കുകയാണ്
കണക്കുകൾ പിഴച്ചുപോയവന്റെ
കവിതയിലെ പൂർണവിരാമചിഹ്നങ്ങൾ!
അറിയാമോ,
കണ്ണുകളടച്ചാലും തുറന്നാലും
ബ്ലാക്ക് ബോർഡ് വെറും
ബ്ലാക്ക് ബോർഡ് മാത്രമാണ്…

By ivayana