Marath Shaji*

“അതേയ് … നോക്കൂ …
എന്തെങ്കിലുമൊന്നു പറയുന്നേ….” മാരസ്യാർ അദ്ദേഹത്തിന്റെ കവിളിൽ പതിയെ തലോടിക്കൊണ്ടിരുന്നു.
ശ്മശ്രുക്കൾ വളരാൻ തുടങ്ങിയ താടിയിൽ പിടിച്ച് പതുക്കെ ഇളക്കി അവർ.
മൃതപ്രായനായി കണ്ണുകളടച്ച് കിടക്കുന്ന മാരാരുടെ കൺപോളകൾ പതിയെ ചലിച്ചു. തുറക്കാൻ ശ്രമിച്ചിട്ടും ആവുന്നില്ല. വീണ്ടും പതിയെ മയക്കത്തിലേക്ക് …….

കണ്ണുകൾ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു മാരസ്യാർക്ക് . കണ്ണീരിറ്റിറ്റുവീഴുന്നത് മാരാരുടെ കൈപടത്തിലേക്കായിരുന്നു. ഇറ്റുവീഴുന്ന തണുപ്പറിഞ്ഞപ്പോൾ മാരാരുടെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു. ഉള്ളിലെ ഓർമ്മകൾ ശബ്ദമായി പുറത്തുവന്നില്ല.
“ന്നാലും ഒരു വാക്ക്പോലും പറയാതിറങ്ങി പോകുമോ ? ആ നിഴൽ തണലിലല്ലേ താനെന്നും നിന്നിട്ടുള്ളത്”. ഓർത്തപ്പോൾ മാരസ്യാർക്ക് സങ്കടം സഹിക്കാൻ കഴിയാതെയായി. കൈപ്പടം മുറുക്കി പിടിച്ചുഏങ്ങിയേങ്ങി കരഞ്ഞു.

രാജൻ അടുത്ത് ചെന്ന് അമ്മയുടെ തോളിൽ കൈവെച്ചു. “അമ്മേ..”
അയാളുടെ വിളികേട്ട് അവർ പതുക്കെ തിരിഞ്ഞു നോക്കി.
സങ്കടങ്ങൾ രണ്ടു പേരേയും കരയിച്ചു.
“ഇത്രേം വല്യ വ്യാധിയാണോടാ അച്ഛന് ?” അമ്മയുടെ ചോദ്യം രാജനെ ധർമ്മസങ്കടത്തിലാക്കി. പറയാനും പറയാതിരിക്കാനും വയ്യാത്ത അവസ്ഥയിലായി അയാൾ.
“അമ്മ വിഷമിക്കരുത്. അച്ഛന് …..” മുഴുവനാക്കാൻ പോലും അയാൾക്കായില്ല.
കൊച്ചുകുഞ്ഞിനെപ്പോലെ അയാൾ വാവിട്ടു കരഞ്ഞു.

“എല്ലാവരും ഒന്നു പുറത്തിറങ്ങിക്കേ… ഡോക്ടർ റൗണ്ട്സിന് വരുന്നുണ്ട്”. വാതിൽ കടന്നു വന്ന നഴ്സ് എല്ലാവരോടുമായി പറഞ്ഞു.
അമ്മമ്മയുടെ കൈപിടിച്ച് എഴുന്നേല്പിച്ചു വിഷ്ണു. എല്ലാവരും പുറത്തേക്കിറങ്ങി, രാജൻ മാത്രം റൂമിൽ നിന്നു.
“കാണാനുള്ളവരെയൊക്കെ അറിയിച്ചേക്കു …..”
പരിശോധന കഴിഞ്ഞ ഡോക്ടർ രാജനോടായി പറഞ്ഞു.
ഹൃദയം വിങ്ങിയ വേദനയോടെ രാജൻ തലയാട്ടി. മരുന്ന് കുറിച്ച് വെച്ച് ഡോക്ടർ പുറത്തേക്ക് പോയി.

“അദ്ദേഹം ന്താ പറഞ്ഞത്?” ഡോക്ടർ പോയതും അകത്തേക്ക് വന്ന മാരസ്യാർ രാജനോട് ചോദിച്ചു.
“അറിയിക്കേണ്ടവരെ അറിയിച്ചോളാൻ …..” അയാളുടെ തൊണ്ട കനത്തു വിങ്ങി.
“ന്റെ ഭഗോതീ…… ഒരൂസംപോലും മുടക്കാതെ ശംഖുവിളിച്ചും കൊട്ടി പാടി സേവ ചെയ്തിട്ടും ന്റെ മാരാരെ കാക്കാൻ നിനക്കായില്ലല്ലേ ….ഒരുമ്പെട്ടോളെ നിന്നെ എനിക്കിനി കാണണ്ട”. തൊണ്ടകീറി പ്രാകി മാരസ്യാർ അലമുറയിട്ടു.

“അമ്മ എന്തൊക്കെയാ പറയുന്നത് ? വയ്യാണ്ട് കിടക്കുന്ന ആൾക്കിത്തിരി സമാധാനം കിട്ടാനെങ്കിലും മിണ്ടാതിരിക്കു….”ലീല മാരസ്യാരോടായി പറഞ്ഞു.
“എനിക്കു വയ്യെന്റെ ലീലേ …..എനിക്കിതു കാണാൻ വയ്യാ…. ഉണ്ണാനും ഉടുക്കാനുമില്ലാതെ അരപട്ടിണിയും മുഴുപട്ടിണിയും താണ്ടി ഇത്രോക്കെ ആയപ്പോ ഒരുരുള നിറച്ചുണ്ണാൻ ന്റെ മാരാരേ …. ങ്ങൾക്ക് യോഗല്യാണ്ടായീലോ ……” പതം പറഞ്ഞ് കരയുന്ന മാരസ്യാരുടെ നിലവിളി ശബ്ദം അവിടെയാകെ മുഴങ്ങി.

വിവരങ്ങൾ അറിഞ്ഞ് നാട്ടിലുള്ളവർ പലരും മാരാരെ കാണാൻ ആശുപത്രിയിലെത്തി.
വിവരങ്ങൾ ചോദിച്ചറിഞ്ഞ കരുമത്തിലെ ബാലൻ നായർ പറഞ്ഞു “ഇനിപ്പോ എല്ലാവരും കൂടി ആശുപത്രീല് നില്ക്കണോ? ഒന്നോ രണ്ടോ പേര് നിന്നാ പോരേ ? വീട്ടിലും ആള് വേണ്ടേ? എന്തെങ്കിലും അത്യാവശ്യം വന്നാലോ?”
പറഞ്ഞത് ശരിയാണെന്ന് എല്ലാവർക്കും തോന്നി.
“ബാലൻ നായർ പറഞ്ഞതാ ശരി”. കേട്ട് നിന്ന അരയാളത്തിലെ മണിയേട്ടനും പറഞ്ഞു.
“വിഷ്ണു …. നീ അമ്മായിയേം അമ്മമ്മേം കൊണ്ട് വീട്ടിൽ പൊയ്ക്കോ.

അത്യാവശ്യം വല്ലതുമുണ്ടെങ്കിൽ ഞാൻ തങ്കപ്പു വൈദ്യരുടെ വീട്ടിലെ ഫോണിൽ വിളിച്ചു പറയാം. അമ്പലത്തിലെ ചടങ്ങുകളൊന്നും മുടക്കണ്ട”. രാജൻ വിഷ്ണുവിനോട് പറഞ്ഞു.
എല്ലാം മൂളിക്കേട്ടു നിന്ന വിഷ്ണു തലയാട്ടിയെങ്കിലും അവിടം വിട്ടു പോകാൻ മനസ്സനുവദിക്കുന്നില്ലായിരുന്നു അവന്. അവൻ കട്ടിലിനരികിൽ ചെന്ന് നിന്നു. പകുതി ദേഹം പുതപ്പിട്ടു മുടിയ മുത്തച്ഛനെ നോക്കി നിന്നു. രണ്ട് ദിവസം കൊണ്ട് കണ്ടാൽ തിരിച്ചറിയാത്ത വിധം ആളാകെ മാറിപ്പോയി. മുഖത്ത് നിറഞ്ഞ താടിരോമങ്ങൾ. അവൻ പതിയെ കാൽപാദങ്ങളിൽ തൊട്ടു . തിരിച്ചറിയുന്ന സ്നേഹത്തിന്റെ ഇമയനക്കം മാരാരുടെ മുഖത്തുണ്ടായി.
മുത്തച്ഛൻ എന്നതിനപ്പുറം അച്ഛന്റെ സ്നേഹ വാത്സല്യങ്ങൾ മുഴുവൻ തന്നു തന്നെ വളർത്തിയ ഒരാളാണ്. ഉറങ്ങാൻ കിടക്കും മുമ്പ് താനുറങ്ങിയോയെന്ന് എന്നും വന്നു നോക്കുന്ന സ്നേഹത്തോടെ മുടിയിൽ തലോടിക്കൊണ്ട് പോകുന്ന ആ സ്നേഹക്കാറ്റിനെക്കുറിച്ചോർത്തപ്പോൾ അവന്റെ ഉള്ളം വിങ്ങി. കണ്ണുകൾ നിറഞ്ഞു. ആരും കാണാതെ കണ്ണുതുടച്ചു.

താനൊരിക്കലും കരയരുതെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒരാളാണ് മുത്തച്ഛൻ. താനെന്തൊക്കെ കാണിച്ചാലും ചിരിച്ച് മാത്രം കാണുന്ന ഒരാൾ. വേലക്കും പൂരത്തിനുമൊക്കെ തന്നേയും തോളത്തിരുത്തി കൊണ്ടുപോയിരുന്ന ഒരാൾ. സ്നേഹം നിറച്ച മധുര പലഹാരങ്ങൾ കൊണ്ടുവരുന്ന മുത്തച്ഛനെ ഓർമ്മകളിൽ നിറച്ചു അവൻ.

അമ്മമ്മ നീട്ടിയ ഗംഗാജലം തുളസിയിലയിൽ കോരി നാവിലിറ്റിച്ചപ്പോൾ അവന്റെ ഉള്ളം തേങ്ങി. മടപൊട്ടിയൊഴുകിയ തോടു പോലെയായി കണ്ണുകൾ. നിലയ്ക്കാത്ത നീരുറവയോടെ അവൻ അദ്ദേഹത്തിന്റെ കാല്ക്കൽ മുട്ടുകുത്തി ഇരുന്ന് ശിരസ്സ് മുട്ടിച്ചു. കൈകളെടുത്ത് തന്റെ കവിളിൽ മുട്ടിച്ചു. തളർന്ന് തണുത്തു പോയ കൈകൾക്ക് അപ്പോഴും സ്നേഹത്തിന്റെ തൂവൽ ചൂടുണ്ടായിരുന്നു.കൈവെള്ളയിൽ വിതുമ്പിപ്പോയ ചുണ്ടമർത്തി വെച്ചു. കൈയ്യെടുത്ത് തലയിൽ വെച്ചവൻ തേങ്ങിത്തേങ്ങി കരഞ്ഞു.

കടവാവലുകൾ ചിറകടിച്ചു പറന്നു പോകുന്ന ശബ്ദംകേട്ടാണ് അവൻ ഞെട്ടിയുണർന്നത്. ജനൽ വാതിൽ വഴി പുറത്തേക്ക് നോക്കി. നിലാവ് അസ്തമിക്കാൻ തുടങ്ങുന്നു. നനിച്ചീറുകൾ പറന്നു പോയ കാറ്റിൽ ആലിലകൾ വിറക്കുന്നുണ്ട്. അവന് വല്ലാതെ ഭയം തോന്നി. പടിഞ്ഞാററ്റത്തു നിന്നും ഇടക്കിടെ ഒരു ടോർച്ച് വെട്ടം തെളിയുന്നുണ്ട്. ആരോ നടന്നു വരുന്നതാണെന്ന് മനസ്സിലായി. വേഗം താഴേക്കിറങ്ങിച്ചെന്നു. അമ്മമ്മയേയും അമ്മായിയേയും വിളിച്ചുണർത്തി. പുറത്തെ ലൈറ്റിട്ടു വാതിൽ തുറന്നു. പടികടന്നുവരുന്ന ആളെ മനസ്സിലായി. തങ്കപ്പു വൈദ്യരുടെ വീട്ടിലെ പണിക്കാരൻ ലൂയിസ് മാപ്ലയായിരുന്നു അത്.

അയാൾ അവരോടായി പറഞ്ഞു
“രാജൻ കമ്മ്ള് വൈദ്യരോടെക്കെ വിളിച്ചിട്ടുണ്ടാർന്നു. മാരാര് കമ്മ്ള് പോയീന്ന് …..”
“മുത്തച്ഛാ………!! “

പിറ്റേന്നിറങ്ങിയ പത്രങ്ങളിലെ ചരമ കോളങ്ങളിൽ ഇങ്ങനെയൊരു വാർത്ത കൂടി ചേർത്തു.
പ്രശ്സ്ത മേളവിദഗ്ദൻ കണ്ടംകുളങ്ങര മാരാത്ത് രാമൻകുട്ടി മാരാർ(81) നിര്യാതനായി. മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവിലെ അടിയന്തിര മാരാരായിരുന്നു . ഭാര്യ കാർത്ത്യായനി മാരസ്യാർ മക്കൾ രാജൻ, ഗാഥ.
പെരുവനംകുട്ടൻ മാരാർ, കേളത്ത് കുട്ടപ്പമാരാർ, പരയ്ക്കാട് തങ്കപ്പ മാരാർ, പേരാമംഗലം ഗിരിജൻ മാരാർ, പെരുവനം സതീശൻ , വെളുപ്പായനന്ദനൻ , ദേവസ്വം പ്രസിഡന്റ് സിദ്ധാർത്ഥൻ കാട്ടുങ്ങൽ , രാജു മാരാത്ത് തുടങ്ങി കലാ സാംസ്ക്കാരിക രംഗത്തെ ഒട്ടനവധി പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് ഭാരതപ്പുഴയുടെ തീരത്ത്.

Marath Shaji

By ivayana