രചന : അഡ്വ. കെ. സന്തോഷ് കുമാരൻ തമ്പി .
ട്രഷറി ആഫീസിന്റെ വരാന്തയിൽ നിന്ന് അകത്തേയ്ക്ക് കയറുന്നത് വിലക്കിക്കൊണ്ട് കസേരകൾ അടുക്കി നിരത്തിയിരിക്കുന്നു.
” ഈശ്വരാ …. ഇന്നും കാശില്ലേ ….?
ഇങ്ങനെ തുടർന്നാൽ ഇതെവിടെച്ചെന്നു നിൽക്കും ! “
ഗംഗാധരന്റെ മുഖത്ത് സങ്കടവും രോഷവും നിഴലിച്ചു നിന്നു.
കൈയ്യിലിരിക്കുന്ന ചെക്ക് ലീഫും പാസ്സുബുക്കും കൗണ്ടറിൽ നൽകാനാഞ്ഞ് മുന്നോട്ട് കുതിച്ച് തടയണയാക്കിയിരിക്കുന്ന കസേരകളിലൊന്ന് പിന്നിലേക്ക് വലിച്ചപ്പോൾ അകത്തു നിന്നും ശിപായിയുടെ ശകാരം വീണ്ടും തുടർന്നു.
” ഇത് … എന്താ .. ഇത്
പറഞ്ഞാൽ മനസ്സിലാകില്ലേ..?
മലയാളത്തിൽ പറഞ്ഞാൽ മനസ്സിലാകത്തില്ലെങ്കിൽ ഇനി ഇംഗ്ലീഷിൽ പറയാം.
അകത്തോട്ട് കേറരുതന്നല്ലേ പറഞ്ഞത് “
ശകാരം കേട്ട് മറുപടി പറയാതെ , ദൂരെ മാറി നിൽക്കുന്നവർക്കിടയിലേയ്ക്ക് ഗംഗാധരനും ഒഴിഞ്ഞു നിന്നു .
എല്ലാം പരിചിത മുഖങ്ങൾ.
സ്ക്കൂൾ അദ്ധ്യാപകർ മുതൽ സർക്കാർ സർവീസിലെ വിവിധ വകുപ്പുകളിൽ നിന്ന് വർഷങ്ങൾക്കു മുമ്പ് വിരമിച്ചവർ വരെയുണ്ട് കൂട്ടത്തിൽ.
സാമൂഹ്യ അകലം മറന്ന് രോഷം ഉള്ളിലടക്കി സൊറ പറഞ്ഞ് ചിലർ രസിക്കുന്നു.
കൂട്ടത്തിൽ കോയാക്കുഞ്ഞിനെ കണ്ടപ്പോൾ ഗംഗാധരന് തെല്ലൊരാശ്വാസമായി.
ഇരുവരും ഒരേ പ്രായക്കാർ . കുടിപള്ളിക്കൂടം മുതൽ പ്രൈമറി ക്ലാസ്സു വരെ ഒന്നിച്ച് പഠിച്ചവർ.
കോയാക്കുഞ്ഞ് എൺപതാം വയസ്സിലും ഒന്നൊന്നര താരമാണ്.
മുണ്ടു മടക്കിക്കുത്തി ഒരു മുറിബീഡിയും ചുണ്ടിൽ തിരുകി ഷർട്ടിനുമുകളിലായി തോളിൽ ഒരു കുട്ടി തോർത്ത് മടക്കിയിട്ട് വഴിയിൽക്കാണുന്ന എല്ലാവരോടും കുശലം പറഞ്ഞ് ചൂളത്തെരുവ് ചന്തയിൽ നിന്ന് കിഴക്കോട്ട് എന്നും ഒരു നടത്തമുണ്ട്.
വെട്ടിത്തുറന്ന് എന്തും പറയും.
ആരോടും ദ്യേഷ്യമില്ല.
ഇഷ്ടമുള്ളോരെ “കയും .. പൂവും ” ചേർത്തേ പേരു പോലും വിളിക്കൂ.
ആർക്കും എന്തും കൊടുക്കും.
പെൻഷൻ വാങ്ങിച്ചാൽ ഒരു ചെറിയ സംഖ്യ ഏതെങ്കിലും രോഗികൾക്ക് അവരുടെ വീട്ടിൽ കൊണ്ടുചെന്ന് കൊടുക്കും .
ഒരാളും അറിയില്ല.
പ്രായമേറിയതോടെ ഒരു വിറയലിന്റെ പ്രശ്നം സാരമായുണ്ട്.
25 കൊല്ലം മുമ്പ് സർക്കാർ സർവ്വീസിൽ നിന്ന് അയാൾ പ്യൂണായിട്ടാണ് വിരമിച്ചത്.
” എടാ … എന്താടാ … പ്രശ്നം ?
ഇന്നും കാശില്ലേടാ …..”
ഗംഗാധരൻ ചോദിച്ചതിന് കോയാക്കുഞ്ഞിന്റെ മറുപടി ഉടൻ വന്നു.
” ഒന്നു പോടാ … അവിടുന്ന് ..!
നിനക്കെന്തിനാടാ കാശ്
ട്രഷറീക്കെടക്കെട്ടടാ
നീ പണ്ട് ഞങ്ങളേം നിർത്തിയതല്ലിയോടാ ഇതുപോലെ ആപ്പീസ് വരാന്തയിൽ “
ഇങ്ങനെ കയർത്തിട്ട് ഗംഗാധരന്റെ തോളിൽ കൈയ്യിട്ട് കോയാകുഞ്ഞ് പറഞ്ഞു.
” അവിടെ എന്തോ സെറുവറ് പോലുള്ള സാധനം ചീത്തയായെടാ.
നീ വാ നമുക്കൊരു ചായ കുട്ടിച്ചിട്ട് വരാം.”
കോയാകുഞ്ഞ് തമാശയ്ക്കു പറഞ്ഞതാണെങ്കിലും ചില വാക്കുകൾ ഗംഗാധരനെ നൊമ്പരപ്പെടുത്തി.
ചായ കുടിക്കുന്നതിനിടയിൽ ഒരു നിമിഷം അയാൾ ആ സംഭവം ഓർത്തെടുത്തു.
മുപ്പത് വർഷങ്ങൾ പിന്നിലേയ്ക്ക് മനസ്സ് സഞ്ചരിച്ചു.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. കോരിച്ചൊരിയുന്ന ഇടവപ്പാതി .
ഗംഗാധരൻ അന്ന് ട്രഷറി ഓഫീസിൽ ക്ലർക്കായി ജോലി ചെയ്യുന്ന സമയം.
ജീവനക്കാരുടെ സംഘടനാ ഭാരവാഹിയായിരുന്നതിനാൽ മേലുദ്യോഗസ്ഥന്മാർ പോലും ഗംഗാധരന്റെ മുമ്പിൽ പഞ്ചപുഞ്ചമടക്കി നിന്നിരുന്നു.
തോന്നുന്ന സമയത്ത് ഓഫീസിലെത്തിയാലും നേതാവിന് ഒപ്പിടാൻ ഹാജർ ബുക്കിലെ കോളം ചെമന്ന മഷി പുരളാതെ ഒഴിഞ്ഞു നിൽക്കും.
നേതാവിനായി കരുതിയ കസേര സന്തോഷം കൊണ്ട് തുള്ളിച്ചാടി.
ഏതെങ്കിലുമൊരു നേരത്ത് നേതാവ് ഇരുന്നെങ്കിലായി, ഇല്ലെങ്കിലായി.
ഭാരം താങ്ങികളായ മറ്റു കസേരകൾക്ക് നേതാവിന്റെ കസേരയോട് അസൂയ തോന്നി.
വറീതിന്റെ മകൾ ഫിലോമിനയ്ക്ക് പേറ്റുനോവ് തുടങ്ങി മണിക്കൂറുകൾ കഴിഞ്ഞു.
വയറ്റാട്ടിയുടെ ശ്രമങ്ങൾ വിഫലമായതോടെ നേരേ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോരുകയായിരുന്നു.
സർജറി മുറിയിലേയ്ക്ക് ഫിലോമിനയെ കയറ്റുമ്പോൾ വെറും കയ്യോടെ നിന്ന വറീത് ആദ്യം വിളിച്ചത് കോയാകുഞ്ഞിനെയായിരുന്നു.
” കോയാക്കുഞ്ഞേ നീയെനിക്കൊരു ഉപകാരം ചെയ്യുമോടാ
വീട്ടിൽ ഞാനൊരു ചെക്ക് ഒപ്പിട്ടു വെച്ചിട്ടുണ്ട്.
അതു വാങ്ങി ഒരു രണ്ടായിരം രൂപ ട്രഷറിയിൽ നിന്നെടുത്ത് ഒന്നാശുപത്രി വരെ എത്തിയ്ക്കുമോടാ “വറീതിന്റെ ആവശ്യപ്രകാരം ട്രഷറിയിൽ നിന്നും പണമെടുത്തു നൽകാൻ കോയാ കുഞ്ഞെത്തുമ്പോൾ ക്യാഷ് കൗണ്ടറിലെ ഒഴിഞ്ഞു കിടക്കുന്ന കസേരയ്ക്കഭിമുഖമായി നീണ്ട നിര ഇടം പിടിച്ചിരുന്നു.
സംഘടനാ ചർച്ചകളുടെ ഇടവേളകളിൽ മാത്രം ജോലി ചെയ്യുന്ന ഗംഗാധരനായിരുന്നു അന്ന് ക്യാഷ് കൗണ്ടറിന്റെ ചുമതലക്കാരൻ.
നീണ്ട നിര കണ്ടിട്ടും സീറ്റിലിരുന്ന് പണിയെടുക്കാതെ കറങ്ങി നടന്ന ഗംഗാധരനെ എതിർക്കാൻ പണം വാങ്ങാൻ എത്തിയവർക്കോ ട്രഷറി ആഫീസർക്കോ പോലും ധൈര്യമുണ്ടായില്ല.
മണിക്കൂറുകൾ നീണ്ട കാത്തുനിൽപ്പിനൊടുവിൽ കോയാ കുഞ്ഞ് പണവും വാങ്ങി വറീതിനെ ഏൽപ്പിക്കാൻ ആശുപത്രിയിൽ എത്തിയപ്പോഴേയ്ക്കും ഫിലോമിന ഇഹലോകവാസം വെടിഞ്ഞിരുന്നു.
ഇങ്ങനെ ഒരു സംഭവം പോലും ഗംഗാധരൻ അറിയുന്നത് പെൻഷൻ പറ്റി പിരിഞ്ഞ ദിവസം നൽകിയ യാത്രയയപ്പിൽ ആരോ നടത്തിയ പ്രസംഗത്തിൽ നിന്നാണ്.
സംഘടനാ പ്രവർത്തനത്തിന്റെ മറവിൽ സഹജീവികളെ ഭീഷണിപ്പെടുത്തി ജോലി ചെയ്യാതെ ശമ്പളം പറ്റിയ കാലഘട്ടത്തെയോർത്ത് ഗംഗാധരൻ സങ്കടപ്പെട്ടു.
” എടാ .. ഗംഗാധരാ , നീ ഒന്നെണീച്ചു വാടാ …
നീ എന്നാ ചിന്തിച്ചോട്ടിരിക്കുവാ .
ആൾക്കാരു കാശു വാങ്ങാൻ കേറിതൊടങ്ങിയടാ …”
കോയാക്കുഞ്ഞിന്റെ വിളി കേട്ട് ചായ ഗ്ലാസ്സ് മേശമേൽ വെച്ച് ഗംഗാധരൻ പെൻഷൻ തുക വാങ്ങാൻ ധൃതിയിൽ നടന്നു.
അടുത്തെത്തിയപ്പോൾ ക്യാഷ് കൗണ്ടറിൽ ഒഴിഞ്ഞു കിടക്കുന്ന കസേരയ്ക്കഭിമുഖമായി ഒരു നീണ്ട നിര ഇടം പിടിച്ചിരുന്നു.
വർഷങ്ങൾ നീണ്ടിട്ടും കാലഹരണപ്പെടാതെ തുടരുന്ന പതിവു രീതിയോർത്ത് ഗംഗാധരൻ പശ്ചാത്തപിച്ചു.
ഒന്നു പ്രതികരിക്കാൻ പോലും കഴിയാതെ ക്യൂവിൽ ഇടം പിടിച്ചു നിൽക്കുന്ന നിസംഗ ഭാവങ്ങൾ നിറഞ്ഞ മുഖങ്ങളിലേയ്ക്ക് അയാൾ മാറി മാറി നോക്കി.
തൊട്ടപ്പുറത്ത് ക്യാഷ് കൗണ്ടറിനുവെളിയിൽ യൂണിയൻ ചർച്ചകൾ പൊടിപൊടിക്കുന്നുണ്ടായിരുന്നു.
ക്യൂവിൽ നിൽക്കുന്ന ഗംഗാധരൻ നോക്കുമ്പോൾ നേതാവിന്റെ ചുറ്റും ചേർന്ന് പഞ്ചപുച്ഛമടക്കി നിൽക്കുന്ന ജീവനക്കാരെ നോക്കി കസേരകൾ ആർത്തട്ടഹസിക്കുന്നത് അയാൾക്ക് കാണാമായിരുന്നു.