സുദർശൻ കാർത്തികപ്പറമ്പിൽ*
സ്വാതന്ത്ര്യമെന്നപദത്തിനർത്ഥം
മാതരേ,യെന്തെന്നു ചൊന്നിടാമോ?
വല്ലാത്തദുഖഃത്തൊടായതുഞാൻ
ചൊല്ലാമെന്നുണ്ണീ,നീകേട്ടുകൊൾക
ഇണ്ടലിറ്റില്ലാത്തൊരിന്ത്യയ്ക്കായി,
പണ്ടൊരു കോണകത്താറുടുത്ത,
വിണ്ഡലത്തോളമുയർന്നൊരുത്തൻ,
കണ്ട,മനോജ്ഞമാംസ്വപ്നമല്ലോ,
നമ്മെനാം തന്നെ നയിച്ചിടുന്ന;
നന്മനിറഞ്ഞ സ്വതന്ത്രശബ്ദം!
എന്നാലതിന്നീ,മനുഷ്യവർഗം
നന്നായതിനെ വ്യഭിചരിപ്പൂ!
എല്ലാത്തിനും മീതെയായിമർത്യൻ,
കൊല്ലാക്കൊലകൾ നടത്തിടുന്നു!
വല്ലാത്തൊരിന്ത്യയാണിന്നു മുന്നിൽ,
പൊല്ലാപ്പുമാത്രമേ,കാണ്മതെങ്ങും!
മാതരേ,മൂന്നുനിറത്തിൽ കാണും
ചേതോഹരമാം കൊടിയതെന്തേ?
അക്കൊടിഞാനൊട്ടുകാട്ടിത്തരാം
ഇക്കൈലുണ്ടൊന്നുനോക്കുവേഗം
നിന്നെക്കൊണ്ടയ്യോഞാൻ തോറ്റുമോനേ,
എന്നാലും ചൊല്ലാമതിൻമഹത്വം
മാതൃത്വത്തിൻ മഹനീയഭാവം
മോദേനനൽകുന്നീ,മൂവർണ്ണങ്ങൾ!
നമ്മുടെദേശത്തിൻ ഭക്തിയോലും
ധർമ്മപതാകയിതെന്റെതങ്കം!
ശാന്തിയൊട്ടില്ല,സമാധാനവും,
ഭ്രാന്തമാണിന്നുനാം കാണുമിന്ത്യ!
ധീരതയോടുജ്വലിച്ചുനിന്ന,
ഭാരത,മിന്നെത്രശുഷ്കമെന്നോ?
ജാതിമതങ്ങൾക്കതീതമായ് നാം
ജ്യോതിതെളിച്ച സ്വതന്ത്രദേശം,
ജാതിമത തീവ്രചിന്തകളാൽ
വ്യാധിപരത്തുകയല്ലി,നീളെ!
സോദരത്വേന,നാം വാണൊരിന്ത്യ,
ഖ്യാതിപൂണ്ടെങ്ങുമുയർന്നൊരിന്ത്യ,
ലോകത്തെയൊന്നായിക്കണ്ടൊരിന്ത്യ,
നാകത്തെവെന്നങ്ങുയർന്നൊരിന്ത്യ,
താണടിഞ്ഞീടുന്നകാഴ്ചയല്ലോ,
കാണുന്നു കണ്മുന്നിലെൻമകനേ!
സത്യവും ധർമ്മവും നീതിയുമി-
ന്നത്തമോഗർത്തത്തിലാണ്ടിടുന്നു!
ഗാന്ധിതൻ തത്വങ്ങളൊക്കെമണ്ണിൽ,
മാന്തിക്കുഴിച്ചഹോമൂടിടുന്നു!
ചേണുറ്റതൊന്നുമില്ലില്ലമുന്നിൽ
നാണിച്ചു കണ്ണുപൊത്തുന്നുമാളോർ!
വേദത്തിൻ വിത്തുമുളച്ചൊരിന്ത്യ,
മാതേ,യെന്തിത്രയധപ്പതിപ്പൂ!
എല്ലാം മകനേവിധിയായിടാം,
അല്ലാതെയെന്തു ഞാൻ ചൊല്ലിടേണ്ടൂ!
ചിന്താവിഹീനനായ് നിൽക്കയല്ലാ-
തെന്തുള്ളു,മാർഗ്ഗമക്കുഞ്ഞുഹൃത്തിൽ?