രചന: മാധവി ടീച്ചർ ചാത്തനാത്ത്*

ആവണിപ്പൊൻവെയിൽ കണ്ണുതുറക്കുമ്പോൾ
പൂത്തുമ്പിപ്പെണ്ണു പറന്നു വന്നു!
പൂരാടംനാളാണ് പൂക്കളിറുക്കണം
പൂവിളി കേൾക്കുന്നു പൂവയലിൽ.!
പൂമാനം പുഞ്ചിരി തൂകുന്ന പൊന്നോണ
നാളിങ്ങടുത്തല്ലോ കൂട്ടുകാരേ!
ജീരകച്ചെമ്പാവു പൊന്നായ് വിളഞ്ഞതു
കൊയ്തുമെതിക്കണം നമ്മളിന്ന്.!
പൂക്കളമിട്ടിട്ട് പുന്നെല്ലു കൊയ്തിട്ട്
പുത്തരിയുണ്ണണം നാളെ നമ്മൾ!
പൂരാടംനാളാണ്, പൂക്കളിറുക്കണം
പൂവിളി കേൾക്കുന്നു പൂവയലിൽ!
തത്തമ്മപ്പെണ്ണെത്തി പുന്നാരം ചൊല്ലുമ്പോൾ
ചെഞ്ചുണ്ടിൽ കുങ്കുമച്ചോപ്പഴക്.
ആവണിമാസത്തിൽ പൂത്തുവിരിഞ്ഞതാം
സൂനങ്ങൾക്കുത്സവകാലമായി!
ചാഞ്ചക്കമാടുന്ന
ചെണ്ടുമല്ലിപ്പൂവിൻ
ചാരത്തുചേർന്നൊരു കിങ്ങിണിപ്പൂ
കിന്നാരം ചൊല്ലീട്ടു കുടുകുടെച്ചിരിയോടെ
തെക്കൻകാറ്റേറ്റൂഞ്ഞാലാടിടുന്നൂ!
തുമ്പക്കുടത്തിന്റെ തുഞ്ചത്തിരുന്നൊരു
ആവണിത്തുമ്പിയും കൂട്ടുകാരും
ചന്തത്തിൽ പൂരാടപ്പൂക്കളമിട്ടതു
കണ്ടപ്പോഴമ്മയ്ക്കുമാനന്ദമായ്!
പൂക്കളച്ചന്തത്തിൽ മിഴിനട്ടു നിന്നിട്ട്
പൂവേപൊലിപൊലി ആർപ്പുവിളി –
പൂവണിമാസത്തിൽ പൂവേപൊലിപൊലി
പൂരാടപ്പൂക്കളപ്പൂവേ പൊലി!

By ivayana