പവിത്രൻ തീക്കുനി*

അവഗണിക്കപ്പെടുമ്പോൾ
ആകാശം നിറയെ
കറുത്ത മഴവില്ലുകളുടെ
നൃത്തം
ഭൂമി നിറയെ
ഒറ്റുകാരുടെ വസന്തം
അവഗണിക്കപ്പെടുമ്പോൾ
വാക്കുകളുടെ സിരകളിൽ
നഞ്ഞ് വിടരുന്നു
കവിതയുടെ കന്യാവനങ്ങളിൽ
തേറ്റകൾ ഉരുൾപ്പൊട്ടുന്നു
ഞാനും നീയും
എന്ന സ്വപ്നത്തിലേക്ക്
ചെകുത്താൻ വേട്ടയ്ക്കിറങ്ങുന്നു
ദൈവത്തിൻ്റെ ചിറകുകളിൽ
ചോരപുരളുന്നു
അവഗണിക്കപ്പെടുമ്പോൾ
മിടിപ്പുകളുടെ
ഒരു പാതിയിൽ
കുഴൽക്കിണറുകൾ
മറുപാതിയിൽ
കുന്നിൻ പുറങ്ങൾ
“മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് “
പൂന്താനം
ഹൃദയത്തിൽ മുട്ടുന്നു
” ഞാൻ മരിക്കുമ്പോൾ
ഈ ലോകത്തിൻ്റെ വാതിലുകൾ മലർക്കെ തുറക്കപ്പെടും”
ലോർക്കെ
കൃഷ്ണമണിയിൽ
ആഞ്ഞുവീശുന്നു

ഏറ്റവും ക്രൂരമായ മാസം നിൻ്റെ മസ്തിഷ്ക്കമാണെന്ന് “
എലിയറ്റ്
ഓർമ്മയ്ക്ക് ബലിയിടുന്നു
” വിഢ്ഢി പറഞ്ഞ കെട്ടുകഥയാണ്
ജീവിതമെന്ന് “
ഷെയ്സ്പിയർ
അപകട വളവിൽ
സൂചന തരുന്നു
അവഗണിക്കുമ്പോൾ
നമ്മളിലേക്ക് തിരിച്ചു
നടക്കാൻ
അവസാനത്തെ വഴി
കവിത മാത്രമെന്ന്
പിറവി കൊള്ളാത്ത
ഒരു മൗനം
അവസാനത്തെ
അത്താണി
ആരോ
അപഹരിച്ച
കള്ളിച്ചെടികൾ പൂത്ത
ശ്മാശനമെന്ന്
കാലം
ഇരുട്ടല്ലൊ സുഖപ്രദം
എന്ന് പറഞ്ഞ്
പോയ കവിയുടെ
കാൽപ്പാടുകളിൽ
കവിത കത്തിച്ച്
ഞാൻ നടക്കുന്നു.

By ivayana