മംഗളാനന്ദൻ*
വിരിയുംപൂവു പോൽ മൃദുലമന്നുനിൻ
വിരലുകൾ, കണ്ടുകൊതിച്ചിരുന്നുഞാൻ.
ദിനവും നിൻപാദ ചലനം കാതോർത്തു
കുടിലിൽ സ്വപ്നത്തിൻ ലഹരി തേടി ഞാൻ.
ഒരുപാടു കാലം ഒലിച്ചിറങ്ങിപ്പോയ്,
മഴയും വേനലും പുഴകടന്നു പോയ്.
ഇടയിൽ നാം ദിശ മറന്നകന്നല്ലോ,
ഇരുവഴികളിൽ പറന്നു പോയപ്പോൾ.
ഉടൽവെടിയുന്നു കുതൂഹലങ്ങളെ
അടരുന്നു ചിപ്പിയതിൽനിന്നുമുത്തും.
വിജനമാകുമീമണലിൻതീരത്തി-
ലടിയുന്നതാകാം നമുക്കിന്നു കാമ്യം.
ഒരിയ്ക്കൽ കൂടി നാം പരസ്പരം കാണ്മൂ-
കടൽക്കരയിലെ നനുത്ത സന്ധ്യയിൽ.
തിരഞ്ഞിടുകയോസഖീ നീ വീണ്ടുമെൻ
മിഴികളിലിന്നും ഉറങ്ങും സൂര്യനെ.
തിരയുന്നു നിന്റെ കുഴിഞ്ഞ കൺകളിൽ
വെറുതെ നക്ഷത്ര തിളക്കമിന്നും ഞാൻ.
കുഴിനഖം കുത്തി വികൃതം പാദങ്ങൾ
വെറുതെ നിൻ മുന്നിൽ ഒളിച്ചു വച്ചു ഞാൻ.
ഇരുകരങ്ങളുമെനിക്കു നേരെ നീ
വിറയോടെ നീട്ടിപ്പിടിച്ചു, ഞാനപ്പോൾ
കരുതലോടിന്നു തലോടുന്നുനിന്റെ
വിരലുകളെന്റെ കരതലത്തിനാൽ.
വിരിയും പൂപോലെമൃദുലമല്ല നിൻ
വിരലുകളെന്നതറിഞ്ഞിടുന്നു ഞാൻ.
പൊരുതും കൈകൾക്കു ദുരിതകാലങ്ങൾ
പരുപരുപ്പായ തഴമ്പുനൽകിടും.
വലിയൊരു വീടിന്നടുക്കളവാതിൽ-
പ്പുറത്തു നീ പുറംപണികൾചെയ്തതും
പതിവായന്തിയിൽ തിരികെയെത്തി നിൻ
കുടിലിൻവാതിൽക്കൽതളർന്നിരിപ്പതും
ചുരത്താതായ നിൻ മുലഞെട്ടു ചപ്പി
വലിച്ച കുഞ്ഞിന്റെ കരച്ചിൽ മേളവും,
പരിണയിച്ചവൻ പതിവായന്തിയിൽ
കുടിച്ചു കൂത്താടി നടത്തുമങ്കവും
എന്തിനെന്നോടുര ചെയ്തു നീയാദ്യമായ്
സങ്കടം, കണ്ണുനീരുപ്പുകലർത്താതെ?
എപ്പോഴും ഞാനൊളിപ്പിക്കാൻ ശ്രമിച്ചൊരെൻ
വൃത്തിയില്ലാത്ത തഴമ്പിച്ച കൈകളിൽ
മുത്തമരുളി നീ, മാംസനിബദ്ധമ-
ല്ലിപ്പൊഴും മുഗ്ദ്ധാനുരാഗം മനോഹരം.