രഘുനാഥൻ കണ്ടോത്ത്*
ഓർമ്മയിലെന്നും തെളിയുന്നൊരോണം
ഓമലാളേ! നീയുമോർക്കാതിരിക്കുമോ?
നാല്പതോണങ്ങൾക്ക് മുമ്പായിരുന്നല്ലോ
മധുവിധുനാളിലെക്കന്നിയോണം
എങ്ങോ പിറന്നു വളർന്നോരിരുവർ നാം
തമ്മിലറിയാതൊന്നായൊരുദിനം
ദൂരഭാഷിണിയില്ലന്നുനമ്മൾക്ക്
ദൂരദർശിനി കണ്ടോരുമില്ലന്ന്
തീർത്തുനാം ഭാവനാസാമ്രാജ്യമോമലേ!
ക്രൗഞ്ചമിഥുനങ്ങളായാകാശവീഥിയിൽ
കണ്ടുനാം പ്രണയാർദ്രചിത്തർ മുഖാമുഖം
കൺകൾ പരസ്പരം ദർപ്പണമാകവേ,
മാഞ്ഞുമാഞ്ഞില്ലാതെപോയ് രണ്ടുമേനികൾ
ഒന്നായരണ്ടായി വീണ്ടും ജനിച്ചിതു.
മാംഗല്ല്യമാർന്നന്നു മണിയറയായി
മനോജ്ഞമീഭുവനം,സ്നേഹതീരം
ഭർത്തൃഗൃഹംതന്നിലാവണം തിരുവോണം
ഭാര്യാഗൃഹേ പിന്നെ മറ്റൊരോണം
തിരുവോണമുണ്ടു പുറപ്പെട്ടുപോയിനാം
നിൻവീട്ടിലോണവിരുന്നുകൂടാൻ
തുമ്പയും,മുക്കുറ്റി,മുല്ലയും പൂച്ചൂടു-
മാമ്പൽത്തടാകക്കരയിലൂടെ
പുല്ക്കൊടിപ്പെൺകൊടിമാരവർ സുസ്മിതം
പൂത്താലമേന്തി നിരന്നുനില്ക്കേ
കൊയ്തപാടങ്ങളിൽ മേയുന്നപൈക്കളിൽ
മേയുകയായിരുന്നല്ലയോ കാക്കകൾ
ഉണ്ണീപെറുക്കിസ്സുഖിപ്പിച്ചു പൈമ്പുറ-
ത്തൊറ്റക്കാലൂന്നിസ്സവാരിയായ് കൊറ്റികൾ
ഗോക്കൾതൻ ചൂരാണ് കാറ്റിനും മണ്ണിനും
ഗോകുലംപോലെ നിൻ കൊച്ചുഗ്രാമം
ഗോപികാഗോപാലരായി നമ്മൾ
കോടിയുടുപ്പുതെറുത്തും
കൈപിടിച്ചന്യോന്യമിടറാതെ കാത്തും
കൊച്ചുനീർച്ചാലുകൾ ചാടിക്കടന്നും
തീരാപ്പുരാണങ്ങൾ നീളേ മൊഴിഞ്ഞും
കനവുകൾ പൂക്കും മനസ്സുമായ് നീങ്ങി നാം
നനവാർന്ന പാടവരമ്പിലൂടെ
ജീവിത്തോപ്പുകൾ പൂത്തുകുലുങ്ങുന്ന
പൂങ്കാവനങ്ങളായ് പിന്നെ മാറി
കാഴ്ചകളായി വിരുന്നെത്തിയെത്രയോ-
വീഴ്ചകൾ; വീണ്ടുമുയിർത്തു നാം
നാനാത്ത്വം ജീവനിശ്വാസമായ്ക്കണ്ടവർ
നമ്മളും തീർത്തെത്ര പൂക്കളങ്ങൾ!
കേവലം കേളിക്കളമല്ല പൂക്കളം
പൂക്കളാൽതീർക്കുംകവിതയാം കേരളം
പ്രകൃതിതൻഹൃദയമാണെൻഗ്രാമമനസ്സുമാ-
ണെങ്ങും നിറയുന്ന പൂക്കളങ്ങൾ
ഒരുപൂവിനാവില്ല,പൂക്കളം തീർക്കുവാൻ
പലവർണ്ണപുഷ്പങ്ങളണിചേർന്നിരിപ്പതേ
കണിയായി മാറുന്ന പൂക്കളങ്ങൾ
വൈവിധ്യമാകുന്ന പ്രകൃതിതന്നെ
പലപൂക്കൾ വിരിയുന്ന നാടുതന്നെ,
ഭാരതം തന്നെയീപ്പൂക്കളങ്ങൾ!!