ദീപക് രാമൻ.
കാഴ്ചകൾ മൂടിയ ചേലയഴിക്കൂ
മിഴികൾ തുറക്കൂ ഗാന്ധാരീ…
അഭിനവ കൗരവർ ഭേരിമുഴക്കും
ശംഖൊലി കേൾക്കൂ ഗാന്ധാരീ…
കറുത്ത നീതി നടപ്പിലാക്കി
വിശുദ്ധരെന്നവർ വാഴ്ത്തുമ്പോൾ;
യന്ത്രത്തോക്കുകൾ തീമഴ പെയ്ത്
ചരിത്രനഗരം എരിയുന്നു.
വിശുദ്ധ യുദ്ധപ്പോരാളികളുടെ-
വികാര വിഭ്രമനോട്ടത്തിൽ,
മാറ്മുറിച്ച് അഫ്ഗാൻ തരുണികൾ
മാനംകാക്കാൻ കരയുന്നു…
ഇരമ്പിയൊഴുകും കാബൂൾ നദിയിൽ
ചോരത്തുള്ളികൾ പടരുമ്പോൾ,
അറുത്തെറിഞ്ഞൊരു ശിരസ്സു-
നദിയിൽ തുറിച്ചുനമ്മേ നോക്കുന്നു.
ടാഗോർ കഥയിലെ കാബൂൾ നഗരം
മാനവഹൃത്തിൽ തകരുന്നു .
ആയുധമേന്തിയ കാട്ടാളൻമാർ
ആസുര താണ്ഡവമാടുന്നു.
വിശ്വമനോഹര സമതലഭൂമി
വിസ്മൃതിപൂകും കാഴ്ചക്ക്
കണ്ണിൽ കെട്ടിയ ചേലയഴിക്കൂ
അഭിനവ കൗരവ മാതാവേ..