ജനാർദ്ദനൻ കേളത്ത്*
മഹത്വവൽകൃത
ഓണാഘോഷം,
അസമത്വങ്ങൾ
വിങ്ങുന്ന മനസ്സ-
റിയാവുന്നൊരു,
മഹാബലിയെ
തേടുന്നുണ്ട്!
സമത്വവും,
സമൃദ്ധിയും,
പൊലിയിച്ച
മായക്കിറ്റിൽ,
പ്രാണവായു
ഭിക്ഷാടനം
നടത്തുന്നുണ്ട്!
സമത്വരാഷ്ട്രീയ
പ്രവാചകർ പോലും
വ്യഗ്രതയോടെ
നടപ്പിലാക്കുന്ന
നാടുവാഴിത്ത
ദ്വംസനങ്ങളാൽ
സഹികെട്ട മർത്യർ
മനതപിക്കുന്നുണ്ട്!
മന:ശാന്തിക്ക് ഇറ്റു
ദാഹജലത്തിനായി,
മദ്യഷോപ്പുകൾക്കും
മാവേലിക്കടകൾക്കും
മുൻപിൽ, പതിതരായ
പ്രജകൾ ഊഴംകാത്ത് നിൽക്കുന്നുണ്ട്!
ശ്രേഷ്ഠമായൊരു
ജീവിതദർശനം
ഒരുക്കൂട്ടിയ
ഓണനെറികൾ
പ്രവാസീയ
ഗൃഹാതുരത്വ
ഭാവാത്മകതകളുടെ
നിഴലിൽ അതിജീവനം
തേടുന്നുണ്ട്!
ശ്രാവണ സന്ധ്യയെ
സുസ്മിതം വരവേൽക്കും
ആവണിപ്പൂനിലാവിൽ
പാറിപ്പറന്ന തുമ്പികൾ,
അമ്പര ചുംബികൾ
ചേക്കേറി തുലച്ച
പാടശേഖരത്തിൻ്റെ
നഷ്ടബോധം
അയവിറക്കുന്നുണ്ട് !
വാമനൻ്റെ കാൽക്കീഴ –
മർന്ന മഹാബലിയുടെ
സാർവലൌകിക
സമത്വ സ്മൃതികൾ
ലോകമെങ്ങും പാണൻ
തുടികൊട്ടി, പാടി
ഉണർത്തുന്നുണ്ട്!
എന്തിനോ….?!
വെറുതെ!!