ഷാജു. കെ. കടമേരി*
മുറിവേറ്റവരുടെ
വിധിവിലാപങ്ങൾ
നട്ടുച്ചയിലിറങ്ങി
മിഴിനീർതുള്ളികൾ കവിത തുന്നുന്ന
തീമരചുവട്ടിൽ
അഗ്നി പുതച്ച വാക്കുകളെ
കൈക്കുടന്നയിൽ കോരിയെടുത്ത്
വെയിൽതുള്ളികളിൽ
ചുടുനിശ്വാസങ്ങൾ
ഉതിർന്ന് പെയ്യുന്നു.
ശിരസ്സിൽ തീചൂടി നിൽക്കുന്ന
പുതിയ കാലത്തിന്റെ
ചങ്കിടിപ്പുകളിൽ
പെയ്തിറങ്ങുന്നു വീണ്ടും
യുദ്ധകാഹളങ്ങൾ.
അഭയദാഹികളായ് വെമ്പുന്ന
നോവ് കുത്തി പിടയുന്നവർ.
മനം ചുവക്കുന്ന വാർത്തകൾ
ആഞ്ഞ് കൊത്തിയലറി
നമ്മളിലേക്ക് തന്നെ
തുളഞ്ഞിറങ്ങുന്നു.
മുറിവുകളുടെ
അഗ്നിവസന്തത്തിൽ
ചുട്ടുപൊള്ളുന്ന
ചോരതുള്ളികൾ എഴുതിവച്ച
ഭീകരവാദ ശ്മശാന മൂകതകൾ.
വെടിയൊച്ചകൾക്ക് നടുവിൽ
വിതുമ്പിനിൽക്കുന്ന
കുഞ്ഞ് കണ്ണുകൾ
നമ്മളിലേക്കിറങ്ങി വരുന്നു.
മക്കളെ കാത്തിരുന്ന്
പെയ്ത് തോരാത്ത കണ്ണുകൾ.
വാക്കുകൾ കൊണ്ട്
വരയ്ക്കാനാവാത്ത
കണ്ണീർ സങ്കട നേർക്കാഴ്ച്ചകൾ.
ആകാശത്തിന്റെ
ഹൃദയവാൽവുകളിലേക്ക്
ഞാന്നുകിടന്ന
അവരുടെ സ്വപ്‌നങ്ങൾ
അക്ഷരക്കൂട്ടങ്ങൾക്കിടയിലേക്കോടി
കയറി വന്ന്
നിലവിളിച്ചുകൊണ്ടിറങ്ങിയോടുന്നു.
വേവലാതികൾ കോർത്തിട്ട
പറഞ്ഞ് തീരാത്തത്ര
പീഡനകഥകൾ
കലങ്ങിമറിയുന്ന കണ്ണുകൾ
നിരത്തി വച്ച തെരുവുകൾ.
അവസാന നിലവിളിക്കും
കാതോർക്കുന്ന
അഫ്‌ഘാൻ അതിർത്തിയിൽ
ചോരക്കാറ്റ് ഉമ്മവച്ച്
പുളയുന്നു വീണ്ടും…..