എഴുത്തുകാരി എന്ന നിലയിലും സാമൂഹ്യ പ്രവർത്തക എന്ന നിലയിലും പ്രശസ്തയായ സുഭദ്ര കുമാരി ചൗഹാന്റെ ജന്മദിനത്തിൽ 117-ാം ജന്മദിനത്തിൽ ഡൂഡിൽ തയ്യാറാക്കി ആദരിക്കുകയാണ് സെർച്ച് എൻജിനായ ഗൂഗിൾ. ഉത്തർപ്രദേശിലെ അലഹബാദ് ജില്ലയിലെ നിഹാൽപൂർ എന്ന ഗ്രാമത്തിൽ 1904 ആഗസ്റ്റ് 16ന് രജപുത് കുടുംബത്തിലാണ് സുഭദ്ര കുമാരി ചൗഹാൻ ജനിച്ചത്.

ഇടവേളകളില്ലാതെ എഴുതാൻ ഇഷ്ടപ്പെട്ടിരുന്ന ചൗഹാൻ സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ കുതിരവണ്ടിയിലിരുന്നും കവിതകൾ ഏഴുതുമായിരുന്നു. കേവലം ഒമ്പത് വയസ് പ്രായമുള്ളപ്പോഴാണ് ചൗഹാന്റെ ആദ്യ കവിത പ്രസിദ്ധീകരിക്കപ്പെട്ടത്. അവരുടെ കൗമാരപ്രായത്തിൽ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇന്ത്യൻ ജനതയുടെ ആഗ്രഹവും ആവേശവും തന്റെ എഴുത്തുകളിലൂടെ പുറത്തുവിട്ടു. 1919 ൽ അവർ മിഡിൽ സ്കൂൾ പാസായി.

പിന്നീട് ഖണ്ഡ്‌വയിലെ ഠാക്കൂർ ലക്ഷ്മൺ സിംഗ് ചൗഹാനുമായുള്ള ചൗഹാന്റെ വിവാഹം നടന്നു. 16-ാം വയസ്സിലായിരുന്നു വിവാഹം. അവര്‍ക്ക് 5 കുട്ടികളും പിറന്നു. പിന്നീട് പ്രയാഗ് രാജില്‍ നിന്ന് സുഭദ്ര കുമാരിയുടെ പ്രവര്‍ത്തന മേഖല ജമല്‍പ്പൂരിലേക്കു മാറി. വിവാഹത്തിന് ശേഷം, ബ്രിട്ടീഷ് രാജിനെതിരെ മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേരുകയും പിന്നീട് അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് സത്യാഗ്രഹം ഇരിക്കുകയും ചെയ്തു. സത്യാഗ്രഹം അനുഷ്ഠിച്ച, രാജ്യത്തെ ആദ്യത്തെ വനിതയാണ് സുഭദ്ര കുമാരി ചൗഹാൻ.

ഇന്ത്യൻ നാഷണൽ മൂവ്‌മെന്റിന്റെ ഒരു പങ്കാളിയെന്ന നിലയിൽ, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടാൻ തന്റെ എഴുത്തുകളിലൂടെയും, കവിതകളിലൂടെയും സുഭദ്ര ആളുകളെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. സുഭദ്രയുടെ എഴുത്തുകൾ പ്രധാനമായും ഇന്ത്യൻ സ്ത്രീകളുടെ കഷ്ടപ്പാടുകളെയും സ്വാതന്ത്ര്യ സമരകാലത്ത് അവർ മറികടന്ന വെല്ലുവിളികളെയും കേന്ദ്രീകരിച്ചുള്ളതായിരുന്നു.1923ലും 1942ലും ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് സുഭദ്രയെ രണ്ടുതവണ ജയിലിലടയ്ക്കപ്പെട്ടു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ അവരുടെ ഏറ്റവും വലിയ ആയുധം പേനയായിരുന്നു. 1940കളിൽ 88 കവിതകളും 46 ചെറുകഥകളും സുഭദ്ര പ്രസിദ്ധീകരിച്ചു.

By ivayana