ഉണ്ണി കെ ടി*

ശ്രാവണ ഗീതകം ശ്രവ്യോദാരം…’
ആടിയൊഴിഞ്ഞാവലാതിയൊഴിഞ്ഞാർദ്ര-
ചിത്തങ്ങളിൽ ആമോദം വളർന്നു…!
തുമ്പയും, ചെത്തിയും ചെമ്പരത്തിയും
പൂത്തു മേടുപൂത്തു മുക്കുറ്റി കുണുക്കിട്ടു
കാടുപൂത്തു മേലേവാനിലും താരകങ്ങൾ
പുഞ്ചിരിച്ചു…
വസന്തദേവത പൂത്താലമേന്തി വസുധതൻ നൃത്തമണ്ഡപ-
മൊരുങ്ങി, മന്ദാനിലൻ മൗനമായ് തലോടവേ
പ്രണയംപൂത്ത കവിളിൽ മകരന്ദമൊരു മധുരചുംബനം ചാർത്തി…
പൂക്കൂട നിറയെ പൂക്കൾ നിറച്ചു നിരനിരയായ് ബാല്യ-
കുതൂഹലങ്ങൾ നിറയെത്തീർക്കും പൂക്കളങ്ങളിൽ
പൊന്നാവണിവെയിൽ പൊൻതരി തൂകിയോടിയെത്തും
പ്രഭാതങ്ങളരുമയാം ഓർമ്മകളെയൂയലാട്ടി …!
വീണ്ടുമോണമായ്…!
സമത്വസുന്ദരകാലത്തിൻ സങ്കല്പവീഥിയിലൂടെ
സങ്കടങ്ങൾ മറന്നെല്ലാരുമോടിയെത്തുന്നോണ-
ത്തിരുമുറ്റങ്ങളിൽ….’
സർഗ്ഗചേതന പാടുന്നൂ,
ശ്രാവണഗീതകം ശ്രവ്യോദാരം…!
ആടിത്തിമിർത്തു പെയ്‌ത കോടക്കാറുകളോടി-
യങ്ങേക്കുന്നിൻ നെറുകതാണ്ടിയെങ്ങോ പോയകലവേ
ഒളിതൂകിയെത്തുമോണരാവിലമ്പിളിക്കല നാണിച്ചു നേർത്തനിലാ-
ക്കഞ്ചുകംചൂടിനിൽക്കും …!
വിളഞ്ഞുപഴുത്ത കായ്കനികളും, വിനയംകൊണ്ടു
ചാഞ്ഞ കതിർക്കറ്റകളും വിലാസവതിയാം
വസുധയെ മുഗ്ദ്ധവിലോലയായൊരുക്കി, ഓണമായ്‌…!
മന്നവരിൽ മനുജന്റെബന്ധുവാം മാബലിവാണനാളിൻ
സ്മൃതികളിത്ര മധുരമെങ്കിൽ മന്നവൻ വാണനാളുകളെത്ര-
യനുപമമെന്നോർക്കെടോ…..?!
സുരനിലും ശ്രേഷ്‌ഠനാമസുരൻവാണ മലയാളപ്പെരുമ
മറവിതൻ മൃതഭൂവിൽ ശിഥിലമാകുന്നൊടുങ്ങാത്ത
മോഹദുരന്തങ്ങളിൽ….’
വില്പനചരക്കാണിന്നു വാക്കിലും, വരയിലുമോണം…,
പാടിപ്പതിഞ്ഞശീലുകളിൽ നഷ്ടപൈതൃകത്തിൻ
നിഴലോർമ്മകളിൽ നന്മവാറ്റാത്ത മാനസങ്ങളിൽ
പുലരുന്നുമന്നൻ പുനഃരാഗമിക്കുന്നു!
മേടുകളിടിച്ചുമേടകൾതീർത്ത മൗഢ്യങ്ങൾ മുതിരുന്നു
പിന്നെയും പാവനസ്മൃതികളെയവമതിക്കുവാൻ
പൂവില്ല, പൂക്കളങ്ങളില്ല, വർണ്ണപ്പൊടികൾതീർത്ത കളങ്ങളിൽ
വരവർണ്ണിനിയാം വസുധവിതുമ്പുന്നു….’
ആകാശവും കവർന്നെടുത്തോരാവാസവ്യവസ്ഥ നിഷേധിക്കുന്നു
കാഴ്ചകൾ, നീലനിലാവും നക്ഷത്രദീപ്തിയും…!
നിഴൽപ്പാടുവീഴ്ത്തി നീളെനിറനിലാവിൻ വഴിമായ്ച്ച
സൗധങ്ങളിൽ ഗൃഹാതുരസ്മൃതികൾക്കു
ചരമോപചാരം ചെയ്യുന്നു നമ്മൾ….!
ഒരുവേള നൃപനുമോർക്കുമോ, നന്ദിചൊല്ലീടുമോ,
മോക്ഷമേകിയോരുദാരതയോടു കൈകൂപ്പി
കണ്ണീരണിഞ്ഞീടുമോ…?!!
ആണ്ടറുതികളെ വഴിയോരവാണിഭം ചെയ്യുന്നാർദ്രസങ്കല്പങ്ങൾ
വിസ്മൃതിയിലേയ്ക്കുമായുന്നു നിരന്തരം….’
എങ്കിലും ഇനിയും ബാക്കിയാം ഇത്തിരിനന്മയീണത്തിൽ
മൂളുമീ ശ്രാവണഗീതകം ശ്രവ്യോദാരം!

By ivayana