ഉബൈസ്*

പനിച്ചു വിറച്ചു കിടക്കുന്ന മൂന്നു വയസ്സുകാരി അമ്മുവിന്റെ നെറ്റിയിൽ കൈ വെച്ചു കൊണ്ടു ‘അമ്മ മാളവിക ഒരു ദീർഘ നിശ്വാസം പൊഴിച്ചു.
ഒട്ടിയ വയറും കുഴി വീണ കണ്ണുകളുമായി തന്റെ മകൾ മയക്കത്തിലും ഞരങ്ങുന്നതു കണ്ട മാളവിക സകല ദൈവങ്ങളെയും മനസ്സിൽ വിളിച്ചു.

“”ഒരു കൊല്ലം മുൻപ് രണ്ടു മുറിയുള്ള വാടക വീട്ടിലേക്ക് താമസം മാറുമ്പോൾ ഇനിയെങ്കിലും കൃഷ്ണേട്ടന്റെ സ്വഭാവത്തിന് ഒരു മാറ്റം വരുമെന്ന് പ്രതീക്ഷിച്ചു. ”
പ്രതീക്ഷകൾ മൃതിയടഞ്ഞ തന്റെ ജീവിതത്തെയും അതിനു കാരണക്കാരനായ കൃഷ്ണൻ എന്ന തന്റെ ഭർത്താവിനെയുംഅവൾ പ്രാകി കൊണ്ടിരുന്നു..
നിത്യവും വീട്ടിൽ നിന്നും കോളജിലേക്ക് പോകുന്ന ബസ്സിലെ ഡ്രൈവറെ സ്നേഹിച്ചു കൂടെ ഇറങ്ങി പോയ തെറ്റിന് ഹൃദയം പൊട്ടി മരിച്ച അച്ഛനും അച്ഛന്റെ വേർപാടോടെ ഒറ്റക്കായി പൊയ അമ്മയും തന്റെ ജീവിതത്തിലെ നഷ്ട്ട കണക്കുകളുടെ ഒരേടായി അവളിൽ ഇന്നും അവശേഷിക്കുന്നു..

എവിടെയാണ് തന്റെ ജീവിതം താളം തെറ്റിയത് !!
കൃഷ്ണനും ഞാനും ഇണക്കുരുവികളെ പോലെ ജീവിതം ആഘോഷമാക്കി തുടങ്ങിയപ്പോൾ അറിഞ്ഞിരുന്നില്ല കൃഷ്ണന്റെ പല ദൂഷ്യ സ്വഭാവങ്ങളും. ഓരോന്ന് ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറകുടങ്ങളായി.

പല രാത്രികളിലും കൃഷ്ണൻ വീട്ടിൽ വരാതെ ആയി. വീട്ടു കാര്യത്തിലും തന്റെയും മോളുടെയും കാര്യത്തിലും ശ്രെദ്ധ കുറഞ്ഞെന്നു തോന്നിയപ്പോൾ അറിയാതെ ഒന്നു ചോദിച്ചു പോയി !!
അതായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അപരാധമെന്നു മാളവിക ഒരു സങ്കടത്തോടെ ഓർത്തെടുത്തു.

കൃഷ്ണൻ ഒരു തികഞ്ഞ മദ്യപാനി ആണെന്ന സത്യം വളരെ വൈകി ആയിരുന്നു തൻ മനസ്സിലാക്കിയത് എന്ന സത്യം അവൾ മനസ്സിലാക്കുമ്പോയേക്കും വളരെ വൈകി പോയിരുന്നു.
അമ്മുവിന്റെ ഞരക്കം കേട്ടു മാളവിക അകത്തേക്ക് പാഞ്ഞു ചെന്നു.
കിടുകിടാ വിറയ്ക്കുന്ന തന്റെ കുഞ്ഞിനെ മാറോടടക്കി മാളവിക അടുക്കളയിൽ ഒന്നു പരതി നോക്കി !!
ഇല്ല !!
ഒരു തുള്ളി കഞ്ഞി വെള്ളം പോലുമില്ല.

കഞ്ഞി വെക്കാൻ അരി തീർന്നിട്ട് ഇന്നേക്ക് മൂന്നു ദിവസമായി.
മകളുടെ ശരീരത്തിന്റെ ചൂടു കൂടുന്നത് മനസ്സിലായ മാളവിക ഒരു അഗ്നി കണക്കെ അടുത്ത മുറിയിൽ മദ്യ ലഹരിയിൽ ബോധം കെട്ടുറങ്ങുന്ന കൃഷ്ണന്റെ അടുത്തേക്ക് നീങ്ങി.
എത്ര കുലുക്കി വിളിച്ചിട്ടും മദ്യ ലഹരി വിട്ടു മാറാത്ത കണ്ണുകൾ ഉയർത്താത്തതു കണ്ടപ്പോൾ തികഞ്ഞ അവജ്ഞയോടെ മാളവിക കുഞ്ഞിനേയും എടുത്തു ആശുപത്രി ലക്ഷ്യമാക്കി ഓടി..
ആശുപത്രി ചിലവും കുഞ്ഞിന് നല്ല ഒരു ഭക്ഷണം വാങ്ങി കൊടുക്കാൻ പോലും തനിക്ക് ആവില്ലെന്നുള്ള സത്യം ഡോക്ടറെ അവൾ ധരിപ്പിച്ചു.

മൂന്നു ദിവസത്തെ ആശുപത്രി വാസത്തിനൊടുവിൽ പൂർണ്ണ ആരോഗ്യവതിയായ തന്റെ മകളുമായി വാടക വീട്ടിലെത്തിയ മാളവിക മകളെ മുറിയിൽ കിടത്തി കൃഷ്ണന്റെ മുറിയുടെ വാതിലിനടുത്തേക്കു നടന്നടുത്തു.
മുറിയുടെ വാതിലിനടുത്തു എത്തിയപ്പോൾ തന്നെ മദ്യത്തിന്റെയും ചർദലിന്റെയും രൂക്ഷ ഗന്ധം അവളുടെ മൂക്കിൽ അടിച്ചു കയറി.

ഛർദലിൽ കിടന്നുറങ്ങുന്ന കൃഷ്ണനെന്ന മൃഗത്തെ അവജ്ഞയോടെ നോക്കിയ മാളവിക ഡോക്ടർ തന്ന മരുന്ന് നിറച്ച സിറിഞ്ചു ആ മൃഗത്തിന്റെ ശരീരത്തിലേക്ക് കുത്തിയിറക്കി.
ജീവിത കാലത്തിൽ തനിക്കും മകൾക്കും ഒരു ഉപകാരവും ഇല്ലാത്ത ആ മൃഗത്തിന്റെ അവയവങ്ങൾ മരണത്തോട് കൂടി തനിക്ക് ഒരു പുതിയ ജീവിതം നൽകുമെന്ന പ്രതീക്ഷയിൽ അവൾ മുറിവിട്ടു പുറത്തിറങ്ങി…..

ഉബൈസ്

By ivayana