ശോഭ വിജയൻ ആറ്റൂർ*

മേഘ രഥത്തിൽ
എങ്ങു പോയ്‌
മറഞ്ഞു നീ മഴവിൽ
ക്കൊടി നീ.
നിതാന്തമാം
നിശീഥിനിയിൽ
ജലബാഷ്പമായ്
പൊഴിയവെ.
മാനത്തെ ജാലകം
മെല്ലെ തുറന്നു
മന്ദസ്മിതം തൂകി
തിങ്കൾക്കല
നിഴലും നിലാവുമായ്.
നിലാ വിലുദിച്ച സ്മൃതികൾ
വാടാ മലരായ്
നിറഞ്ഞു നിന്നെൻ
മനസ്സിൻ പൂവാടിയിൽ.
പാതി മിഴി തുറന്നു നീ
വെൺ ചന്ദ്ര പ്രഭാ
വർഷത്തിൽ എങ്ങു
മാഞ്ഞു പോയ്‌
അതിരുകൾ ഇല്ലാത്ത
ആകാശ ക്കോട്ടയിൽ
നിന്നുതിർന്ന
മഴയിൽ ജീവ കണികകൾ
മിഴി നീരായ്
പുൽനാമ്പുകളെ പുൽകി.
ഏഴുവർണ്ണങ്ങൾ
ചാലിച്ച സ്വപ്നങ്ങളായ്
പുഴവീണ്ടും ഒഴുകി.
സപ്തവർണ്ണങ്ങളാൽ
മയൂഖങ്ങൾ നടനമാടുന്നതും കാണാതെ പോയോ.
ഏഴു സാഗരങ്ങൾക്കും
മുകളിലായ് വർണ്ണ
വിപഞ്ചിക തീർത്തതിൽ സ്വപ്‌നങ്ങൾക്കു
ചിറകു നൽകി
മഴ മേഘ പക്ഷിയായ്
പറന്നിടാം.
നിൻആഗമനത്തിനായി
കാത്തിരുന്നു
സപ്തസ്വരമായ്
ഒഴുകീടുമോ
നിന്നെ വരവേൽക്കാൻ ഏഴു വർണ്ണങ്ങളുള്ള
ശലഭമായ് എത്തിടാം.
കാർമേഘങ്ങൾക്കുള്ളിലെ
നിൻ ചാരുത ആരുമറിയാതെ ക്ഷണഭംഗുരമായ്
വന്നു പോകുന്നു നീ.
ഇനിയും ഒരു മായാത്ത സ്വപ്നമായ് ജ്വലിക്കുമി ആകാശ വീഥിയിൽ.

By ivayana