അജിത് നീലാഞ്ജനം*

എൻ്റെ ഓർമ്മയിൽ മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്തമായ പരസ്യം ജയരാജിൻ്റെ ദേശാടനം എന്ന സിനിമയുടേതായിരുന്നു. ആ ചിത്രത്തിൻ്റെ ഭാഗമാകാത്തഅന്നത്തെ മുഖ്യധാരാ നായികാ നായകന്മാരുടെ ചിത്രം അച്ചടിച്ച പോസ്റ്ററിൽ ‘ഈ സിനിമയിൽ ഞാൻ ഇല്ല. ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി’ എന്ന അടിക്കുറിപ്പോടെ ആയിരുന്നു പരസ്യം എന്നാണ് ഓർമ്മയിൽ.

ഒരു നല്ല സിനിമ കണ്ട് തീരുമ്പോൾ താനും അതിൻ്റെ ഭാഗധേയമായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ആരുണ്ട്?
ദേശാടനം എന്ന സിനിമയുടെ പരസ്യം എൻ്റെ ഓർമയിൽ കടന്ന് വരാൻ ഇടയാക്കിയത് നവാഗത സംവിധായകനായ റോജിൻ തോമസിൻ്റെ # Home എന്ന സിനിമയാണ്.
സിനിമ കണ്ട് തീർന്നപ്പോൾ ഈ സിനിമയിൽ ഞാനുണ്ട് എന്ന് ലോകത്തോട് വിളിച്ചു പറയാൻ തോന്നിയ പ്രേക്ഷകരിൽ ഒരാളാണ് ഞാൻ.

മുതിർന്ന് പോയ മക്കളോടൊപ്പം കൂടാനും അവരെ ലാളിക്കാനും ആഗ്രഹിക്കുന്ന , അവരോടുള്ള സ്നേഹവും വിയോജിപ്പും പറയാനാകാതെ പോയ ഒലിവർ ട്വിസ്റ്റ് എന്ന അച്ഛനാണ് ഈ ചിത്രത്തിൽ ഇന്ദ്രൻസ്.
ഒലിവർ ട്രിസ്റ്റും ഭാര്യ കുട്ടിയമ്മയും മക്കളായ ആൻറണി ഒലിവർ ട്വിസ്റ്റും ചാൾസ് ഒലിവർ ട്വിസ്റ്റും ഒലിവർ ട്വിസ്റ്റിൻ്റെ വൃദ്ധനായ അച്ഛനും അടങ്ങുന്നതാണ് സിനിമയിലെ മൂല കുടുംബം. നാൽപ്പത് – അമ്പതുകളിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ലോക ക്ലാസ്സികകൾ ടൈപ്പ് ചെയ്ത് ഒരുക്കുന്ന ജോലിയായിരുന്നു ഒലിവറിൻ്റെ അപ്പച്ചന്.

അങ്ങനെയാണ് ഒരു മകൻ ഒലിവർ ട്വിസ്റ്റും മറ്റൊരു മകൻ പീറ്റർ പാനും ആകുന്നത്.
എൺപതുകളിലെ ടെക്നോളജി മേഖലയിൽ മുൻപന്തിയിൽ നിന്നിരുന്ന വീഡിയോ കാസറ്റ് വ്യവസായമാണ് ഒലിവർ ട്വിസ്റ്റ് നടത്തിയിരുന്നത്.
പക്ഷെ ടെക്നോളജിയുടെ ഒപ്പം ഓടാനാകാതെ വന്നപ്പോൾ ആ ഷോപ്പ് ഒഴിഞ്ഞ് പേരിന് കുറച്ച് മട്ടുപ്പാവ് കൃഷിയുമായി ഒലിവറിന് ഒതുങ്ങേണ്ടി വന്നു. സർക്കാർ സർവ്വീസിൽ നേഴ്സായ ഭാര്യ കുട്ടിയമ്മയാണ് കുടുംബം മുന്നോട്ട് കൊണ്ട് പോയത്. ബീ ആർക്ക് പാസ്സായ മകൻ സിനിമാരംഗത്തേക്കാണ് പോയത്. ആദ്യ ചിത്രത്തോടെ അവൻ അംഗീകരിക്കപ്പെടുകയും ചെയ്തു.
ഇളയ മകൻ ചാൾസ് കുറച്ച് സപ്ലികളുടെ ഭാരവും പേറി യൂട്യൂബ് ചാനൽ എന്ന സ്വപ്നവുമായി ജീവിക്കുന്നു.

മകൻ ആൻ്റണിക്ക് പ്രതിശുത വധുവിൻ്റെ പപ്പയായ ജോസഫ് ലോപ്പസ്സുമായുള്ള സൗഹൃദവും അവൻ അയാൾക്ക് നൽകുന്ന ബഹുമാനവും ഒലിവറിനെ സങ്കടപ്പെടുത്തുകയും പരാജിതനാക്കുകയും ചെയ്യുന്നു.
അച്ഛൻ്റെ ജീവിതത്തിൽ അസാധാരണമായി എന്തുണ്ട്? എന്ന മകൻ്റെ ചോദ്യത്തിന് മുന്നിൽ തോറ്റു പോകുന്ന ഇന്ദ്രൻസിൻ്റെ ഭാവങ്ങൾ ഇപ്പോഴും മനസ്സിനെ ആർദ്രമാക്കുന്നു.
മകനെ ഇമ്പ്രസ് ചെയ്യാൻ ഒലിവർ പറയുന്ന ഒരു കഥ മകനെന്നല്ല പ്രേക്ഷകർക്കും വിശ്വസിക്കാൻ പ്രയാസമുള്ളതാണ്

ടെക്നോളജികളോട് ചേർന്ന് പോകാനാകാതെ പഴഞ്ചനായി മാറിയ അച്ഛൻ വേഷത്തിൽ ഇന്ദ്രൻസ് അത്യുജ്ജ്വല പ്രകടനം കാഴ്ചവെച്ചു.
ഒപ്പം ഒട്ടും പിന്നിലല്ലാതെ അദ്ദേഹത്തിൻ്റെ ഭാര്യ കുട്ടിയമ്മയായി മഞ്ജു പിള്ളയും. ഇരുവരുടെയും സിനിമാ ജീവിതത്തിലെ നാഴികക്കല്ല് ഈ സിനിമ ആയിരിക്കും.
എണ്ണിയെടുത്ത് പറഞ്ഞാലും ഒടുങ്ങാത്ത അഭിനയ മുഹൂർത്തങ്ങളിലൂടെ,
സംഭാഷണ ബാഹുല്യമില്ലാതെ തന്നെ പ്രേക്ഷകനെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നുണ്ട് ഇന്ദ്രൻസ്.

ഒലിവർ ട്രിസ്റ്റിൻ്റെ അപ്പച്ചനായി വേഷമിട്ട കൈനകരി തങ്കരാജ്, മകൻ ആൻറണിയെ അവതരിപ്പിച്ച ശ്രീനാഥ് ഭാസി, ജോണി ആൻ്റണി ജീവൻ പകർന്ന് നൽകിയ സൂര്യൻ, ദീപതോമസിൻ്റെ പ്രിയ, ശ്രീകാന്ത് മുരളിയുടെ ജോസഫ് ലോപ്പസ് … അങ്ങനെ എല്ലാം തന്നെ സാമാന്യത്തിലും മികച്ച പ്രകടനങ്ങൾ.

വിസ്മയിപ്പിച്ച മറ്റൊരാൾ ചാൾസിന് ജീവനേകിയ നസ്ലിൻ കെ ഗഫൂർ എന്ന യുവാവാണ്. മലയാള താരങ്ങളിലെ നാളത്തെ പ്രഗൽഭന്മാരിൽ ഒരാളാണത്.
നീൽ ഡി കുഞ്ഞ യുടെ ക്യാമറ ഈ സിനിമയെ ജീവിതക്കാഴ്ചയാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഇടിയും മഴയുമുള്ള പകൽ നേരം കറൻ്റ് പോയ വീടിൻ്റെ ഉൾവശത്തെ പ്രക്ഷുബ്ധതയെ പകർത്തുമ്പോഴാണ് ആ മികവ് കൃത്യമായി തിരിച്ചറിഞ്ഞത്.
മറ്റൊന്ന് തിരക്കഥയും സംഭാഷണവുമാണ്. ജോസഫ് ലോപ്പസ് , ഒലിവറിൻ്റെ വീട്ടിൽ വിരുന്ന് വരുമ്പോൾ ഒലിവറിൻ്റെ അപ്പച്ചനോട് കുശലം പറയുമ്പോൾ, അപ്പച്ചൻ പതിവ് പോലെ പരസ്പര ബന്ധമില്ലാതെ എന്തോ പറയുന്നു.

അപ്പച്ചൻ ഒന്നും മിണ്ടാറില്ലെന്ന് തോന്നുന്നു എന്ന് ജോസഫ് ഒലിവറി നോട് ചോദിക്കുമ്പോൾ ,ഒലിവറിൻ്റെ മറുപടി സംഭാഷണത്തിലെ ഒരു ഉദാഹരണമായി ചേർക്കുന്നു.
” ആക്സിഡൻ്റിന് ശേഷം ഉറക്കമൊക്കെ കുറവാ.. അല്ല സംസാരമൊക്കെ കുറവാ.. “
സംഭാഷണപിഴവുകളൊക്കെയുള്ള ഒരു യഥാർത്ഥ ജീവിതമാകാൻ പോന്ന രീതിയിൽ മന:പ്പൂർവ്വം തയ്യാർ ചെയ്തതോ, ഇന്ദ്രൻസിൻ്റെ ഡയലോഗ് ഡെലിവറിയിൽ വന്ന തെറ്റ് മനപ്പൂർവ്വം തിരുത്താതെ വന്നതോ എന്നറിയില്ല.

എന്തായാലും അത് വളരെ പോസിറ്റീവായി സ്വീകരിക്കേണ്ട ഒന്നാണ്.
ചിലവ് കുറഞ്ഞ, താരാധിപത്യത്തിൻ്റെ ഭാരമില്ലാത്ത ഫീൽ ഗുഡ് മൂവികളിൽ ഒന്നാം സ്ഥാനത്താണ് ഈ ചിത്രം.
ഒന്ന് മയപ്പെടുത്തേണ്ടിയിരുന്ന് എന്ന് തോന്നുന്ന അതിവൈകാരികത അവസാന ഭാഗങ്ങളിൽ അൽപ്പം മുഴച്ച് നിൽക്കുന്നെങ്കിലും അതൊക്കെ ഒഴിവാക്കിയിരുന്നെങ്കിൽ ഇന്ദ്രൻസിൻ്റെ അമൂല്യമായ പ്രകടനം നഷ്ടപ്പെടുമായിരുന്നല്ലോ എന്നോർത്തു പോയി.
പിന്നെ പൊളിറ്റിക്കൽ കറക്ട്നസ്സിൻ്റെ ആരാധകർ..
അവരോട് ഈ സിനിമയും സ്വന്തം സിനിമാ വിരുദ്ധ പോസ്റ്റുകളും താങ്ങളുടെ മാതാപിതാക്കളെ കാണിക്കാൻ അപേക്ഷിക്കുന്നു.

നിയമപരമല്ലാത്ത മുന്നറിയിപ്പ്.
ഇതൊരു പെയ്ഡ് പ്രമോഷനല്ല. ഈ സിനിമ കണ്ട് അമൂല്യമായ സമയം നഷ്ട്ടപ്പെട്ടെന്ന് പറയുന്ന തരത്തിലുള്ള ഗൗരവ സിനിമാ പ്രേമികൾക്ക് വേണ്ടിയുള്ളതുമല്ല ഈ പോസ്റ്റ്. മനസ്സ് തുറന്ന് ചിരിക്കാനും കരയാനും നാണം വിചാരിക്കാത്തവർക്ക് വേണ്ടി മാത്രം.

By ivayana