ജയശങ്കരൻ ഒ. ടി .*

പിടിവിട്ടു താഴെ വീണു
ചിതറിയൊരാട്ടിൻ കുഞ്ഞായ്
മുഹറത്തിൻ പുതുമാസ
ക്കുളുർ നിലാവ്
പറക്കാത്ത പട്ടങ്ങൾ തൻ
ചരടുകൾ നീർത്തി പിന്നെ
മടക്കിയൊതുക്കി വെക്കും
ചുരത്തിൻ കാറ്റ്
പുറത്തിറങ്ങുവാൻ വയ്യ
പിശാചുക്കൾ വിളയാടും
ബുസ്കാശിയിൽ മരണത്തിൻ
മണൽക്കൂനകൾ
അകത്തിരിക്കുവാൻ വയ്യ
കനം വിങ്ങും ഖാണ്ഡഹാറിൽ
തകരുന്ന നഗരത്തിൻ
കുതിര ലായം
ഇനിയൊരിക്കലും കാണാൻ
കഴിയില്ല , തുലീപിന്റെ
വസന്തമേ നിന്നെ ഞാനി
ന്നൊരിക്കൽ മാത്രം
എനിക്കു മുണ്ടായിരുന്ന
പ്രണയത്തിൽ പേർ വിളിച്ചൊ
ന്നടുത്തുകാണട്ടെ കെട്ടി.
പ്പുണർന്നിടട്ടെ.
പലനിറങ്ങളിൽ പല
രൂപങ്ങളിൽ പല പല
പ്രതിബിംബങ്ങളിൽ വീണ്ടും നിന്നെയെന്നാളും
വരച്ചു കൊണ്ടിരിക്കട്ടെ
മനസിൽ ഞാൻ മരണത്തിൻ
നിറം കെട്ട മുഖക്കച്ച
യണിയുവോളം
പലസ്വരങ്ങളിൽ രാഗ
വിസ്താരത്തിൽ കറുപ്പിന്റെ
വിള പോലെ നിറയ്ക്കാം ഞാ
നെൻ വിഷാദങ്ങൾ
വിറയേന്തും കൈയിൽ
വിരൽ തുമ്പിലൊതുങ്ങാത്ത
വീണക്കമ്പികളിൽ വരണ്ടു
വിണ്ടമർന്ന ചുണ്ടിൽ
ഉറയ്ക്കാത്ത പാദങ്ങളിൽ
മറവി തൻ ബാമിയാനായ്
തകർന്നു പോം ദൃശ്യങ്ങളെ
തനിച്ചു താങ്ങി
ഇനിയെത്ര കാലം മില്ലി
തരാനയിൽ സ്വാതന്ത്ര്യത്തിൽ
വെളിച്ചത്തിലൊന്നു മെല്ലെ
പൊട്ടിക്കരയാൻ?

വര: നാരായണൻ തിരുമംഗലം.

By ivayana