” നമുക്ക് അച്ഛനെയും, അമ്മയെയും ഇവിടെ കൊണ്ട് നിർത്തിയാലോ “

ചാറ്റൽമഴക്കും, ചായക്കുമൊപ്പം ഉമ്മറത്തിരുന്നു അന്നത്തെ പത്രവാർത്തകളിലേക്ക് കണ്ണോടിച്ചിരുന്ന സുഗുണൻ, പിന്നിൽ നിന്നുള്ള ഭവാനിയുടെ ചോദ്യത്തിന് ആദ്യകേൾവിയിൽ വേണ്ടത്ര പരിഗണന നൽകിയില്ല,

“ഞാൻ പറയുന്നത് കേട്ടില്ലേ നിങ്ങൾ”

ബുള്ളറ്റ് സ്റ്റാർട്ടാക്കുന്നത്പോലുള്ള ഭവാനിയുടെ മുരളിച്ചയും,
തത്സമയം തന്നെ മുറ്റത്തെ കൊന്നതെ

ങ്ങിൽ നിന്നും കാറ്റടിച്ചു ഉണക്കതേങ്ങ താഴെവീണ ശബ്ദവും കേട്ടതോടെ പത്രവായനക്ക് താത്ക്കാലികമായി വിരാമമിട്ട സുഗുണന്റെ കണ്ണുകൾ ഭവാനിയിലേക്ക്,

” ആരുടെ അച്ഛനെയും, അമ്മയെയും കൊണ്ടുവന്നു നിർത്തുന്ന കാര്യമാണ്, നീ പറയുന്നത്, എന്റെയോ? നിന്റെയോ? “

രണ്ടുപേരുടെയും എന്ന ഭവാനിയുടെ മറുപടി കേട്ടതോടെ സുഗുണന്റെ കണ്ണുകൾ അവിശ്വസനീയതയോടെ ഭവാനിയിലേക്ക് നീണ്ടു,

” അതേന്നേ, അവർ അച്ഛനമ്മമാർ നാലുപേര് കൂടി ഇവിടെ ഉണ്ടേൽ, ഈ വീടിന് ഒരു ഐശ്വര്യമാണ് ” ഭവാനി വാചാലമായി,

“എല്ലാവരേയും ഇവിടെ നിർത്താൻ ഇതെന്താണ് വൃദ്ധസദനമാണോ, എന്ന് ചോദിച്ചു, അവരെ നാലുപേരെയും നോക്കാൻ മറ്റ് മക്കൾക്ക് വീതിച്ചു നല്കിയ നിനക്കിപ്പോൾ എന്ത് പറ്റി? “

അല്പം മുമ്പ് പത്രത്തിൽ “പാമ്പിൻവിഷവും, പ്രഫഷണൽ കൊലപാതകവും” എന്ന അന്വേഷണാത്മക ലേഖനം വായിച്ചപ്പോൾ ഉണ്ടായതിനേക്കാൾ കൂടുതൽ ഞെട്ടൽ ഭവാനിയുടെ വാക്കുകൾ സുഗുണനിൽ സമ്മാനിച്ചു,

“എന്റെ അച്ഛനെയും, അമ്മയെയും ഇങ്ങോട്ട് കൊണ്ടുവരുന്ന കാര്യം, ഞാൻ ഭാസുരയെ വിളിച്ചു പറഞ്ഞു കഴിഞ്ഞു,
നിങ്ങൾ സുധാകരനെ വിളിച്ചിട്ട് പറയു, നിങ്ങളുടെ അച്ഛനെയും അമ്മയെയും കൊണ്ടുവരുന്ന കാര്യം “

“എന്നിട്ട് ഭാസുര സമ്മതിച്ചോ “

“സമ്മതിച്ചു എന്ന് മാത്രമല്ല, അവൾ വളരെ ഹാപ്പിയുമാണ്, ഇന്ന് വൈകിട്ട്തന്നെ അവരെ ഇങ്ങോട്ട് കൊണ്ടുവന്നു ആക്കാമെന്നും അവൾ പറഞ്ഞു”

അച്ഛനും അമ്മയ്ക്കും ഭവാനി, ഭാസുര എന്നീ രണ്ടു പെണ്മക്കളാണ്, അച്ഛന്റെ സംരക്ഷണം ഭവാനിയുടെയും , അമ്മയുടെ സംരക്ഷണം ഭാസുരയുടെയും ഉത്തരവാദിത്തമായിരുന്നു, എന്നാൽ പലവിധ കാരണങ്ങൾ പറഞ്ഞു, അച്ഛനെ കൂടി ഭാസുരയെ ഏൽപ്പിച്ച ശേഷം ഭവാനി തന്നോട് പറഞ്ഞവാചകം സുഗുണൻ ഓർത്തെടുത്തു,

” പ്രായം കൂടുന്തോറും അച്ഛന് വാശി കൂടുതലാണ്, എന്തായാലും ഭാസുരയെ അല്പ്പം പൊക്കി പറഞ്ഞപ്പോൾ, ആ മണ്ടി അച്ഛനെകൂടി നോക്കാമെന്ന് സമ്മതിച്ചു, എന്തായാലും ആ തലവേദന ഒഴിഞ്ഞു “

അങ്ങനെയുള്ള ഭവാനിക്ക് എന്താണ് ഇപ്പോൾ സംഭവിച്ചത്, അവളുടെ അച്ഛനെയും, അമ്മയെയും മാത്രമല്ല, തന്റെ അച്ഛനെയും, അമ്മയേം കൂടി ഇവിടെകൊണ്ട് നിർത്താൻ പോകുന്നു, ഈ കൊറോണയൊക്കെ കണ്ട് പശ്ചാതാപമോ, ബോധോദയമോ വല്ലതും ഉണ്ടായതാണോ, ഹേയ് അതിനുള്ള സാധ്യത കുറവാണ്, ഭവാനിയല്ലേ ആള്,

” നിങ്ങൾ എന്ത് ആലോചിച്ചു നിൽക്കുവാ, സുധാകരനെ വിളിക്കാൻ നോക്ക്,”

ചായഗ്ലാസ്സുമായി അടുക്കളയിലേക്ക് തിരിഞ്ഞു നടക്കവേയുള്ള ഭവാനിയുടെ ഓർമ്മപ്പെടുത്തലാണ് സുഗുണനെ ഓർമ്മകളിൽ നിന്നുണർത്തിയത്,

“അല്ലേൽ നിങ്ങൾ വിളിച്ചാൽ ശരിയാകില്ല, സുധാകരൻ ചിലപ്പോൾ പറ്റില്ല എന്ന് പറയും, ഞാൻ വിളിച്ചോളാം സുധാകരനെ “

അടുക്കളയിൽ നിന്ന് മടങ്ങിയെത്തിയ ഭവാനി സുധാകരനെ വിളിക്കുവാൻ ഫോണുമെടുത്തു വീടിന്റെ മുറ്റത്തേക്കിറങ്ങി.

സുഗുണന്റെ അച്ഛനും,അമ്മയും അനുജൻ സുധാകരനൊപ്പം കുടുംബവീട്ടിലാണ് താമസം,കുറച്ചുനാളുകൾക്ക് മുമ്പ്, സുധാകരനും കുടുംബവും സുഹൃത്തുക്കൾക്കൊപ്പം ഫാമിലിടൂറിന് പോയ അവസരത്തിൽ, അച്ഛനെയും, അമ്മയെയും സുഗുണനെയാണ് ഏൽപ്പിച്ചത്,

“ടൂറിന് പോയപ്പോൾ ഏൽപ്പിച്ച സാധനങ്ങൾ തിരിച്ചെടുത്തുകൊണ്ടു പോകുവാനുള്ള മര്യാദ കാണിക്കണം”

മടങ്ങിയെത്തി രണ്ടു ദിവസം കഴിഞ്ഞിട്ടും അച്ഛനെയും അമ്മയെയും തിരികെ കൂട്ടികൊണ്ട് പോകാത്തതിലുള്ള ദേഷ്യം, അന്ന് സുധാകരനെ നേരിട്ട് വിളിച്ചറിയിച്ച, ഭവാനിയുടെ ഇപ്പോഴുത്തെ ഭാവമാറ്റങ്ങളുടെ കാരണമെന്തെന്ന് സുഗുണൻ എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല,

#### ##### ###### ####### #######

പന്തളം രാജകൊട്ടാരത്തിൽ നിന്നും തിരുവാഭരണം അയ്യപ്പനരികിലേക്ക് കൊടുത്തയക്കും പോലെ, അയ്യപ്പതിന്തകതോം ഒക്കെ പാടി, വൈകുന്നേരത്തോട് കൂടി ആദ്യം സുധാകരനും, പിന്നാലെ ഭാസുരയും അച്ഛനെയും അമ്മയെയും, സുഗുണ-ഭവാനി ദമ്പതികൾക്കരികിലേക്ക് കൊടുത്തയച്ചു,

ഇരുവരുടെയും അച്ഛനമ്മമാർ വന്നതോടെ വീടിന് കൂടുതൽ ജീവൻവെച്ചു, അച്ഛനമ്മമാരുടെ ആഹാരചിട്ടകളും , അവരുടെ മരുന്നിന്റെക്രമവുമൊക്കെ ഭവാനി കൃത്യമായി ചോദിച്ചുമനസിലാക്കുന്നത് കണ്ടപ്പോൾ സുഗുണന്റെ മനസ്സ് നിറഞ്ഞു, താൻ വെറുതെ ഭവാനിയെ സംശയിച്ചു, എന്തായാലും അവൾക്കിപ്പോഴാണ് തിരിച്ചറിവ് ഉണ്ടായത്, ഇപ്പോഴാണ് ഈ വീട് ഒരു വീടായത്, സുഗുണന്റെ മനസ്സിൽ ആഹ്ലാദത്തിന്റെ അലയൊലികൾ ഉയർന്നു,

#### ##### ##### ##### ######

” നമ്മുടെ അച്ഛനമ്മമാർ വന്നതോടെ, നമ്മുടെ വീടിനാകെ ഒരു ഉണർവ്വായി, എല്ലാം നിന്റെ മിടുക്കാണ് “

രാത്രിയിൽ കിടപ്പ്മുറിയിൽ വെച്ച് സുഗുണൻ മനസ്സിൽതട്ടി ഭവാനിയെ അഭിനന്ദിച്ചു,

“ആ ഉണർവ്വ് കൂട്ടാൻ നാളെ മുതൽ വടക്കേലെ ശാന്ത വരും, അവൾ അച്ഛനമ്മമാരുടെ കാര്യങ്ങൾ നോക്കും, മാസം ശമ്പളം കൊടുക്കണം “

” വേലക്കാരിക്ക് ശമ്പളം കൊടുക്കാനും മാത്രം നമുക്ക് എവിടുന്നാണ് വരുമാനം “

ഭവാനിയുടെ വാക്കുകൾ കേട്ടതോടെ സുഗുണന്റെ ആവേശമെല്ലാം തണുത്തുറഞ്ഞു,

” ആദ്യത്തെ കുറച്ചു മാസം കയ്യിൽ നിന്ന് കുറച്ച് കാശ് മുടക്കണം, പിന്നെ കുഴപ്പമില്ല, അതിപ്പോൾ ഒരു ബിസിനസ്സ് ആയാലും അങ്ങനെയല്ലേ, കുറച്ചു മാസം കഴിയുമ്പോൾ നാല്പതിനായിരം രൂപവെച്ചല്ലേ മാസം കിട്ടാൻ പോകുന്നത്”

“ബിസിനസ്സ് , നാലാപത്തിനായിരം” എന്നൊക്കെയുള്ള ഭവാനിയുടെ വാക്കുകൾ കേട്ട് ഒന്നും മനസിലാകാതെ നിന്ന സുഗുണനോടായി ഭവാനി തന്റെ പദ്ധതി വിശദീകരിച്ചു,

” വൺ ഇന്ത്യ വൺ പെൻഷൻ, എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ, സർക്കാർ അങ്ങനെ ഒരു നിയമം ആലോചിക്കുന്നുണ്ട്, ഇന്ത്യയിൽ എല്ലാവർക്കും ഒരേ പെൻഷൻ, അത് പ്രായോഗികമായാൽ ഒരാളക്ക് പതിനായിരം രൂപയാണ് മാസം പെൻഷൻ, അതായത് അപ്പുറത്തെ മുറിയിൽ കിടക്കുന്ന നാലുപേരുടെ നാല്പതിനായിരം ആണ് നമുക്ക് കിട്ടാൻ പോകുന്നത് “

” അപ്പോൾ നീ പറഞ്ഞു വരുന്നത് ? “

” ഈ നാല്പതിനായിരം മുന്നിൽകണ്ടാണ് മുൻകൂറായി നാലെണ്ണത്തിനേം ഞാൻ ഇങ്ങ് പൊക്കിയത് ഒന്നും കാണാതെ ഈ ഭവാനി ഏകാദശി പിടിക്കുവോ “

“ഈ നിയമം സർക്കാർ നടപ്പിലാക്കിയില്ലെങ്കിലോ?”

ആ രാത്രിയിൽ വീണ്ടും സുഗുണന്റെ സംശയം ഉയർന്നു,

” ഒരു കച്ചവടം നഷ്ടത്തിലായാൽ സാധാരണ എല്ലാവരും എന്താണ് ചെയ്യുക, അത് തന്നെ നമ്മളും ചെയ്യും, കച്ചവടം നിർത്തും “

സുഗുണന് മറുപടി നല്കി ഭവാനി പുതപ്പിനുളിലേക്ക് നൂഴ്ന്നിറങ്ങുമ്പോഴും, തൊട്ടടുത്തമുറിയിൽ അച്ഛനമ്മമാർ നാലുപേരും പഴയകാലകഥകൾ പങ്കുവെക്കുകയായിരുന്നു.

കെ.ആർ.രാജേഷ്

By ivayana