രാജശേഖരൻ ഗോപാലകൃഷ്ണൻ*
എന്തേ മാവേലി വന്നതില്ലേ?
ഞങ്ങളാരുമങ്ങേകണ്ടതില്ലേ?
വന്നു നീ പോയതറിഞ്ഞീല
മഞ്ഞു മായും പോലുച്ചവെയിലിൽ
തിന്നും കുടിച്ചും കളിച്ചും
മേളിച്ചോരോണക്കാലമേ,യെങ്ങു പോയ്?
പുല്ലിനും, പൂഴിക്കും വാസന്ത –
ച്ചേലേകി ഗന്ധർവ്വനെങ്ങു മാഞ്ഞു?
മുല്ലപ്പൂനിലാവും ശ്രാവണ കാറ്റും
മാവേലിത്തമ്പ്രാനെ കണ്ടു!
എന്തേ മവേലി വന്നതില്ലേ?
ഞങ്ങളാരുമങ്ങേകണ്ടതില്ലേ?
തമ്പുരാനെയൊന്നു കണ്ടില്ല
അൻപാർന്ന സ്വരമൊന്നു കേട്ടില്ല.
വമ്പന്മാർ മാനവരണുവി-
ന്നമ്പേറ്റമ്പേ വീഴ് വതറിഞ്ഞില്ലേ?
കൈവിട്ടോ, കാലപ്പൊരുളറിയാ –
കാലുഷ്യഹൃദയരിവരെ?
കൈപ്പുണ്യമായ് തന്ന തിരുസങ്കല്പം
തിരിച്ചറിയാഞ്ഞാലാണോ?
എന്തേ മാവേലി വന്നതില്ലേ?
ഞങ്ങളാരുമങ്ങേകണ്ടതില്ലേ?