പണിക്കർ രാജേഷ്*

തിരുവോണത്തിന്റെ പിറ്റേന്ന് മോർച്ചറിയിൽ(ഫ്രിഡ്ജ് )ഇരുന്ന സാമ്പാറും, ഇഞ്ചിക്കറിയും,കാളനും ഒക്കെ കൂട്ടിയുള്ള ഉച്ചയൂണിന് ശേഷം ചെറിയ മയക്കത്തിലായിരുന്ന ഞാൻ മുറ്റത്ത്‌ ഒരു വണ്ടി വന്നു നിന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്നു.

“അമ്മേ… ആരോ വന്നിട്ടുണ്ട്, കതക് തുറക്ക് “
ജനലിൽകൂടി എത്തിനോക്കാനുള്ള മടി കാരണം ഞാൻ വിളിച്ചു പറഞ്ഞു.
“നിന്റെ അമ്മായിയമ്മ ആണെന്നാണ് പറഞ്ഞത് “
ഇതിനോടകം വാതിൽ തുറന്ന അമ്മയുടെ മറുപടി.
“ങേ ” ഞാനൊന്ന് ഞെട്ടി. ഞെട്ടിയെന്നു പറഞ്ഞാൽ പുലിയെ കണ്ട ശിക്കാരി ശംഭുവിനെ പോലെ ഞെട്ടി. ഇനി fb യിൽ പറന്ന് നടക്കുന്ന വല്ല കിളികളും അമ്മയെ പറഞ്ഞുവിട്ടതാകുമോ എന്നതായിരുന്നു ഞെട്ടലിന്റെ ഹേതു.

മുറിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് വന്ന ആളിനെ കണ്ടപ്പോൾ ഞെട്ടൽ മാറി. അമ്മായിയമ്മ അല്ല “അമ്മായി”യെ പോലെ ഒരാൾ. കളിക്കൂട്ടുകാരിയാണ്. അമ്മയോട് ഓണവിശേഷങ്ങൾ ഒക്കെ ചോദിച്ചുകൊണ്ടാണ് വരവ്. ഇവിടെ വന്നാൽ കട്ടൻ കാപ്പി മാത്രമേ കിട്ടൂ എന്നറിയാവുന്നതിനാൽ ഒരു കവർ പാലും കയ്യിലുണ്ട്.
വന്ന പാടേ പാൽ മേശപ്പുറത്തേക്കിട്ടു. (സിഗരറ്റിന്റെ മണം കിട്ടിയതുകൊണ്ടോ എന്തോ) എനിക്കുള്ള കുറെ ഉപദേശങ്ങൾ വിളമ്പി. വരുമ്പോഴൊക്കെ പതിവായതുകൊണ്ടും ആവർത്തനവിരസമായതുകൊണ്ടും എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല
അപ്പോഴേക്കും അമ്മ കുറച്ചു ഉപ്പേരിയും ശർക്കരവരട്ടിയും ഒരു പ്ളേറ്റിൽ കൊണ്ടുവന്നു
“രക്ഷപെട്ടു… ഇത് തീരുന്നതുവരെ “
ഞാൻ മനസ്സിൽ പറഞ്ഞു.

അതുപോലെ തന്നെ അവൾ മൃഗീയമായി അതിനെ ആക്രമിച്ചു. ഒന്നുരണ്ടെണ്ണം എനിക്കും തന്നു. കാപ്പി വെക്കാൻ പോയ അമ്മയെ അടുത്ത് പിടിച്ചിരുത്തി ഓണവിഭവങ്ങളെപ്പറ്റിയായി പിന്നീടുള്ള ചർച്ച. കൂട്ടിനു ആളെ കിട്ടിയ അമ്മയാവട്ടെ അണികളെ കിട്ടിയ കേന്ദ്ര നേതാവിനെപ്പോലെ കത്തിക്കയറി. നാത്തൂന്മാരെ കൂട്ടിയുണ്ടാക്കിയ ഇന്നലത്തെ വിഭവങ്ങൾ ഒരുക്കിയത് വള്ളിപുള്ളി വിടാതെ അവതരിപ്പിച്ചു. എരിതീയിൽ എണ്ണ ഒഴിക്കുന്ന സ്വഭാവം പണ്ടേയുള്ള ഞാൻ തീയലിന്റെ വറ കരിഞ്ഞത് ശ്രദ്ധയിൽ പെടുത്തി. (അവിയലിനെപ്പറ്റി ചെറിയ ഒരു കുറ്റവും ).

അമ്മ അത് വിശദീകരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇതെഴുതാൻ ഉണ്ടായ സംഭവം എന്റെ കൂട്ടുകാരി എടുത്തിട്ടത്
“അമ്മേ… ഇവിടെ പച്ചടി വെച്ചോ “
അവളുടെ ചോദ്യം.
“ഇല്ല ” അമ്മയുടെ മറുപടി.
“ഞാൻ വെച്ചു ” അവൾ
പിന്നെ അതുണ്ടാക്കിയ രീതി അവതരിപ്പിച്ചു

കൈതച്ചക്ക കൊത്തിയരിഞ്ഞു ചീനച്ചട്ടിയിൽ വേവിച്ചു നെയ്യൊഴിച്ചു വരട്ടി ശർക്കരപ്പാനിയൊഴിച്ചു ഇളക്കി, കിസ്മിസും അണ്ടിപ്പരിപ്പും നെയ്യിൽ വറുത്തു ചേർത്തു. ഇത്രയുമായപ്പോൾ അമ്മ തിളച്ച കാപ്പി ഗ്ലാസിൽ പകർത്താനായി അടുക്കളയിലേക്ക് പോയി. അപ്പോഴാണ് അവളുടെ ആ നിഷ്കളങ്ക ചോദ്യം
“ഡാ…. എങ്ങനെയാ അത്‌ ഇളക്കിയെടുക്കുന്നത് “
“എന്ത്” ഞാൻ ചോദിച്ചു
എനിക്ക് ഒന്നും മനസ്സിലായില്ല. പച്ചടി ഉണ്ടാക്കിക്കൊണ്ടിരുന്നവൾ എന്ത് ഇളക്കിയെടുക്കുന്ന കാര്യമാണ് പറയുന്നത്.

“എടാ പച്ചടി ഉണ്ടാക്കി അടുപ്പിൽ നിന്ന് വാങ്ങിവെച്ചു. വിളമ്പാൻ നേരത്ത് നോക്കിയപ്പോ അത് ചീനച്ചട്ടിയിൽ നിന്ന് ഇളകി പോരുന്നില്ല. പിന്നെ കുറച്ചു വെള്ളം ഒഴിച്ച് കുതിരാൻ വെച്ചു. ഇന്ന് രാവിലെ ചട്ടി കഴുകാൻ നോക്കിയിട്ട് അത് ഇളകി പോരുന്നില്ല. എന്തുചെയ്യും?”
പണ്ട് പ്രവാസകാലത്തു കുക്കറിൽ ചോറ് ഉണ്ടാക്കാൻ വെച്ചിട്ട് ‘ഗുലാൻപെരിശ്‌’കളിക്കാൻ പോയ എനിക്ക് കിട്ടിയ പണി ഇപ്പോൾ ഉപകാരപ്പെടും എന്നെനിക്ക് തോന്നി. അന്ന് കരിഞ്ഞ ചോറ് കുക്കറോടെ അടുത്ത പറമ്പിലെ വെയിസ്റ്റ് കൂനയിൽ കൊണ്ടിട്ടിട്ടുള്ള ഞാൻ പക്ഷേ അവൾക്ക് ഉപദേശിച്ചുകൊടുത്തത് അടുത്തുള്ള പുഴയാണ് (മീൻ ചത്തു പൊങ്ങിയോ എന്നറിയാൻ ആളെയും ഏർപ്പെടുത്തി )

By ivayana