മനോജ്.കെ.സി.✍️

അനന്യമാം പ്രണയം നറുനിലാപോൽ മധുരം മനോജ്ഞം
അടരാതെ ചിതറാതെ ചരിക്കുമീമാനസങ്ങൾ
യുഗ്മദളങ്ങൾ പോലിപ്പാരിൽ നിറവാർന്നു
വർണ്ണാഭമായ്
ആത്മഗഗനാന്തരങ്ങളിൽ
പടർന്നും പിണഞ്ഞും ആത്മശിഖിരങ്ങളിൽ ചൂഴ്ന്നിറങ്ങി
ധന്യതാലോലമാം ജന്മജന്മാന്തര സുകൃതി പോലെ
അകലാനൊരിക്കലുമാവാതെയീ ശ്വാസോഷ്മമാം പുതപ്പിനുള്ളിൽ
മയങ്ങും ചുരുണ്ടീക്കിനാവല്ലിയിൽ വിടരാൻ കൊതിക്കുന്ന മൊട്ടുപോലെ
ഇടയില്ല പേമനസ്സെന്നപോലെ കുരക്കില്ലൊരിക്കലും ശ്വാനനായ്
പ്രണയാർദ്രമാം ഇണക്രൗഞ്ചങ്ങളെന്ന പോലെ
കാലതാമസങ്ങളും കാലഭേദങ്ങളും ഗതിമാറ്റങ്ങളോ അതൊട്ടുമേയില്ലാതെ
അദൃശ്യമാം പൊൻനൂലിനാൽ ബന്ധിച്ച ബാന്ധവം പോൽ
ആത്മാന്തരാളങ്ങളിൽ തൂവിടും പ്രണയം സൗവർണ്ണശോഭയോടെ
ഒരായുസ്സിൻ ദീർഘമത് നേടീടുവാൻ താനേ മുഴക്കിടും രാഗസുധാരസ ദുന്ദുഭികൾ
ഒരു നേരമല്ലയൊരു കണം പോലും മനം
തീരം വിട്ടകലുവാ –
നാവാത്ത ശരത്ക്കാലയാമ വിപഞ്ചികപോൽ
ജീവിതാന്ത്യം വരെ തുടരുമീ ലയപാരസ്പര്യത്തിന്റെ ആത്മസഖ്യം
അന്ത്യത്തിൽ എരിഞ്ഞടങ്ങുതുമൊന്നു ചേർന്ന്
വിലയപ്പെടുന്നതും ഒരേ ബിന്ദുവിലേക്കു താനേ.

By ivayana