കുറുങ്ങാട്ടു വിജയൻ

പാണ്ഡവരില്‍ മദ്ധ്യനായ,യര്‍ജ്ജുനനാല്‍ പ്രതിഷ്ഠിതം
തിരുവാറന്മുളദേവന്‍, പാര്‍ത്ഥസാരഥി!
ഭഗവാന്റെ സാന്നിധ്യവും മാഹത്മ്യവു,മത്ഭുതവും
തിരുവാറന്മുളയ്ക്കെന്നും നിറചൈതന്യം!
ബാല്യകാലത്തമ്പാടിയില്‍ വസിച്ചുള്ള കാലം കണ്ണന്‍
ഗോപാലബാലരോടുത്തു കളിച്ചതാലേ!
ആറന്മുളക്ഷേത്രക്കടവിങ്കലുള്ള മത്സ്യങ്ങളോ
ആറന്മുളത്തേവരുടെ ‘തിരുമക്കളും’!
ആറന്മുള ഭഗവാന്‍റെ സന്താനാര്‍ത്ഥപ്രീതിക്കായി
ആറന്മുളയൂട്ടുനേര്‍ച്ച വഴിപാടുണ്ടേ!
ആറന്മുള കിഴക്കുള്ള കാട്ടൂരെന്ന ഗ്രാമത്തിലെ
മങ്ങാട്ടുമഠത്തിവാഴും ഭട്ടതിരിയാള്‍!
ആറന്മുള ഭഗവാന്റെ ബാലരൂപം ദര്‍ശിച്ചതും‍
വള്ളസദ്യയയച്ചതു, മൈതിഹ്യമാല!
അന്നദാനപ്രഭുവായ,യാറന്മുള ഭഗവാന്റെ-
യഷ്ടൈശ്വര്യലബ്ധിക്കുള്ള വഴിപാടതും!

ഉത്രട്ടാതി വള്ളംകളി

ആറന്മുള,യുത്രട്ടാതി വള്ളംകളിയിന്നാണല്ലോ-
യാറന്മുള ഭഗവാന്റെ പ്രതിഷ്ഠാദിനം!
അമ്പത്ത്രണ്ടൂ കരക്കാരം അമ്പത്ത്രണ്ടൂ പള്ളിയോട-
മമ്പലക്കടവിലെത്തിത്തൊഴുതുനില്‍ക്കും!
ഉത്രട്ടാതി ജലമേളയ്ക്കെത്തീടുന്നു പള്ളിയോട-
മുത്സവത്തിമിര്‍പ്പിലാവും പമ്പാതീരവും!
അര്‍ജ്ജുനസതീര്‍ത്ഥ്യക്ഷേത്രക്കടവിങ്കലെത്തീടുമ്പോള്‍
നാഗസ്വരസാന്ദ്രഗീതം താലപ്പൊലിയും!
വഞ്ചിപ്പാട്ടിന്നീണംപാടി മുത്തുക്കുട ചൂടിയെത്തു-
മന്നദാനപ്രഭുവിന്റെ തിരുവാറാട്ടും!
ആറന്മുള ക്ഷേത്രക്കടവിലെത്തുന്ന കരക്കാരെ
ക്ഷേത്രധികാരികളെത്തി,യെതിരേല്‍ക്കുന്നു!
വെറ്റിലയും പുകയില, അഷ്ടമംഗല്യവും നല്‍കും
മുത്തുക്കുട, വാദ്യമേളം,യകമ്പടിയും!
പമ്പാനദിയിരുകര കരഘോഷം മുഴക്കുമ്പോള്‍
പങ്കായങ്ങള്‍ താളബദ്ധം നിര്‍ത്തമാടീടും!
തിരുവോണത്താരകങ്ങള്‍ പൂത്തനില്‍ക്കും ചിങ്ങവാനം
തിരുവരങ്ങൊരുക്കീടും തമ്പുരാനെത്തന്‍!
അത്തംപത്തും പത്തുദിനം തിരുമുറ്റം പൂക്കളത്താല്‍
പൂത്തുലയും പൂവിളിയും പുതുവാസന്തം‍!
വഞ്ചിപ്പാട്ടും വെച്ചുപാട്ടും പാടിയെത്തും തുഴക്കാരോ-
യഞ്ചിതമാം മനമോടേ തൊഴുതുനില്‍ക്കും‍!
ഒറ്റമുണ്ടും തലേക്കെട്ടും കാരിരുമ്പിന്‍ കൈക്കരുത്തു-
മൊത്തുതുഴയെറിഞ്ഞവരൊത്തുവന്നീടും!
മുത്തുക്കുട, നാദസ്വരം, കമ്പക്കെട്ടും, വായ്ക്കുരവ
നെയ്‌വിളക്കും, താലപ്പൊലി കൂടെയുണ്ടാവും!
ചുണ്ടന്‍ വള്ളം ചുരുളനു, മോടി വള്ളം, വൈപ്പുവള്ളം
പള്ളിയോട,മെന്നിങ്ങനെ കളിവള്ളങ്ങള്‍!
വാദ്യക്കാരും പാട്ടുകാരും കൊടികളും നയ്മ്പുകാരും
വള്ളത്തിന്റെ അമരത്തായമരക്കാരും!
വെച്ചുപാട്ടുംപാടിച്ചവിട്ടിത്തിരിച്ച പള്ളിയോടം
സത്രക്കടവിങ്കലെത്തി നിരന്നുനില്‍ക്കും!

വള്ളസദ്യ!

ആറന്മുള വള്ളസദ്യ, വിഭവസമൃദ്ധമായ-
യറുപത്തിമൂന്നുകൂട്ടം കറി ചേര്‍ന്നാണേ!
പരിപ്പുണ്ടേ, സാമ്പാറുണ്ടേ, പുളിശേരി, കാളന്‍, രസം
പാളത്തൈരും പുളിമോരു,മവിയലോലന്‍!
നാലുകൂട്ടം പ്രഥമനു,മെട്ടുകൂട്ടമുപ്പേരിയു-
മുപ്പിലിട്ടവയും കൂടെ,ച്ചെറുപഴവും!
കടുമാങ്ങ,യുപ്പുമാങ്ങ,യമ്പഴങ്ങ, പുളിയിഞ്ചി-
യച്ചാറിനം തീരുന്നില്ലാ, ഇഞ്ചി, നെല്ലിക്ക!
പുളിശ്ശേരി, കൂട്ടുകറി, മെഴുക്കുപുരട്ടികളും
പലവട്ടം പപ്പടവും പായസങ്ങളും!
കാള, നോല, നെരിശ്ശേരി, പരിപ്പു,പച്ചടികളും
മലയാളക്കറികളും പരദേശിയും!
അപ്പം, വട, എള്ളുണ്ടയും ബോളി, പഴം നുറുക്കാദി
പപ്പടമോ രണ്ടുകൂട്ടം പഞ്ചസാരയും!

By ivayana