മീനാക്ഷി പ്രമോദ്*
ആവേശപ്പൂത്തിര മായ്ചെൻ പൊന്നോണച്ചന്തമകന്നൂ,
ആവൽ വീണ്ടും വരവായെന്നാത്മാവും തേങ്ങി വിമൂകം
എന്തെല്ലാം സങ്കടമുള്ളിൽ പെയ്യുമ്പോളും ചിലയിഷ്ടം
നന്ത്യാർവട്ടങ്ങളിറുക്കാൻ ചിങ്ങത്തേരേറിവരുന്നൂ!
മാറ്റങ്ങൾ കാലനിയോഗം, നാമെല്ലാം ചീനപടങ്ങൾ
കാറ്റേറ്റാലാഞ്ഞുപറന്നും നൂലറ്റാലാശുപതിച്ചും
സന്താപങ്ങൾക്കവസാനം കാണാ വാഴ്വേകിയ മണ്ണിൽ
ഗന്തുക്കൾപോലെയലഞ്ഞും നീങ്ങുന്നൂ മാനവവൃന്ദം
നാളേക്കെന്താണു നമുക്കായ് കല്പിച്ചീടുംഭഗവാനെ-
ന്നെള്ളോളംചിന്തയൊരുക്കാൻ നമ്മൾക്കാകാത്ത ജഗത്തിൽ
സന്തോഷംതന്നെ ഭിഷജ്യം പാഥേയംപോലെ സുതൃപ്തം
അന്ത്യാന്ധ്യം വന്നുഭവിക്കുംനാളേക്കും സാന്ത്വനമന്ത്രം
പണ്ടത്തെക്കാര്യമൊരോന്നും പൊൽപ്പൂവായ് ഹൃത്തിലുയിർക്കേ,
ഇണ്ടാതേ, നൂതനമാറ്റം നാമുൾക്കൊണ്ടീടുകവേണം!
എല്ലാതും നല്ലതിനെന്നായോതുന്നോരീശവചസ്സിൻ-
ഫുല്ലങ്ങൾ സുന്ദരചിത്രം നാരർക്കെന്നുണ്മയഗന്ധം
ഇന്നും സുസ്മേരസുമങ്ങൾ മുറ്റത്തെക്കോണിലൊരുങ്ങേ,
പൊന്നോണജ്യോത്സ്ന വഴിഞ്ഞെന്നുള്ളം ശീതാശ്മയമാക്കി!
കാലങ്ങൾക്കൊപ്പമകന്നൂ ശീലങ്ങൾ, സംസ്കൃതി നമ്മിൽ
ബാലേ, മാറ്റങ്ങളിതെല്ലാം നന്മയ്ക്കായ് ചേർക്കുക നന്നായ്!
തുമ്പപ്പൂവും തിരുതാളീം തുമ്പിപ്പാട്ടും തിരുനാളിൽ
ചെമ്പൊന്നിൻകിങ്ങിണിമേളം തീർക്കുന്നോരോണവിശേഷം,
പൂതപ്പാട്ടിൻതുടികൊട്ടിൽ കുഞ്ഞുങ്ങൾക്കിമ്പതരംഗം
കാതിന്നേകാനണയുന്നൂ, പൂതംപോൽ പോയ്മറയുന്നൂ.