മാറ്റൊലിക്കവിയെന്നാരൊക്കെയോ
മുറ്റിലുമപഹസിച്ചെങ്കിലും
മാറ്റത്തിൻ കാഹളമൂതി
ഗജരാജപ്രഭാവനായ്നടകൊണ്ടു നീ….
തച്ചനായ് നവയുഗശില്പിയായ്
തച്ചുടയ്ക്കുവാൻ ചിലതുടച്ചുവാർത്തീടുവാൻ!!

കൈരളീക്ഷേത്രാങ്കണേ
ചാരുപുഷ്പോത്സവം തീർപ്പൂ
നിൻ മനോഞ്ജമാം പൂന്തോപ്പുകൾ!
അക്ഷരത്തീനാളങ്ങളാൽ
ലക്ഷാർച്ചനയൊരുക്കി നീ
നിൻ കാവ്യദേവാംഗനമാർ തൂകീ
ദിവ്യനൂതനസ്മിതം ദർശനാമൃതം!
ഒലിച്ചുപോയില്ല നിൻ ശബ്ദം
ചെമ്പൂഴിയിൽ മഴവെള്ളം പോൽ
ഭൂഗർഭജലധിയായതു കാത്തിരിപ്പൂ
വിപ്ലവവിസ്ഫോടനം പ്രളയം!
മിന്നൽപ്പോർവാളുകളുയർത്തിയ
മേഘഗർജ്ജനം തവ കവനം
സാഹിതീക്ഷേത്രേ സായന്തനപൂജയ്ക്കായ്
വിരിഞ്ഞ നാലുമണിപ്പൂവേ!
കാവ്യപുസ്തകത്താളിലൊളിച്ചു നീ
മയിൽപ്പീലിയായ്!
ഉജ്ജയിനിയിൽ വിരിഞ്ഞു
വനജ്യോത്സനയായ്!
ആസന്നമരണയാം ഭൂമിയ്ക്ക്
അന്ത്യകൂദാശ നൽകി
പ്രവാചകശ്രേഷ്ഠാ നിൻ ചരമഗീതം!
വിപ്ളവം നെഞ്ചേറ്റിയ കവേ!
വീറുടൻ യുവത പാടുമെന്നും
നിൻ ഹൃദയരാഗം സംഘഗീതികളായ്..!!!

By ivayana