കവിത : മംഗളാനന്ദൻ*

കാലിടറി വീണപ്പോൾ നന്ദി പറഞ്ഞു ഞാൻ
“കാലൊടിഞ്ഞില്ലതു ദൈവഭാഗ്യം”.
ചെറിയൊരുളുക്കാണു സന്ധിയിൽ,മാറുവാൻ
വെറുതെതിരുമ്മൽ ചികിത്സ മതി.
അതുകഴിഞ്ഞൊരുദിനം നഗരമധ്യത്തിലെ
തെരുവ് മുറിച്ചു കടന്നു പോകെ,
ഇരുചക്ര വാഹനമൊന്നു പാഞ്ഞെത്തി യെൻ
പിറകിലിടിച്ചു മറിഞ്ഞു വീണു.
ടാറിട്ട റോഡിൽ തെറിച്ചു വീണപ്പൊഴെൻ
കാലിലും കയ്യിലും എല്ലൊടിഞ്ഞു.
ഒരു മാസമാസ്പത്രി വാസം കഴിഞ്ഞ ഞാൻ
ഇരുകൈകൾ കൂപ്പി പറഞ്ഞു നന്ദി,
“കരുതലുണ്ടെന്നോടു ദൈവത്തി,നതുകൊണ്ട്
തലയോട്ടി പൊട്ടാതെ രക്ഷപ്പെട്ടു.”
ജനകീയസമരക്കാർ ഓടുന്ന വണ്ടിയ്ക്കു
ഒരുനാൾ കലിയോടെ കല്ലെറിഞ്ഞു
അതിലൊന്നു കൊണ്ടു മുറിഞ്ഞൊരു
നെറ്റിയിൽ
പല തുന്നിക്കെട്ടുകൾ വേണ്ടിവന്നു.
അതിനു ഞാൻ നന്ദിയറിയിച്ചു, നിയതിയെൻ
ഗതിയിൽ സഹായത്തിനെത്തിടുന്നു.
കണ്ണിൽ തറക്കാതെ പുരികത്തുതന്നെയാ
കല്ലു പതിച്ചതു ഭാഗ്യമല്ലോ.
അമ്മതൻ മടിയിൽ തലചായ്ച്ചു വെറുതെയാ
നന്മമണംപാർത്തു ഞാൻകിടക്കേ,
പരുപരുപ്പായ പ്രാരാബ്ധം മെഴുകിയ
വിരലുകളാലെൻ മുടി തലോടി,
പറയുകയാണമ്മ “നമ്മളെ കാക്കുവാൻ
പരദേവതയെന്നുമുണ്ടു കൂടെ.
ദിവസവും തിരി തെളിച്ചൊരു കാര്യം മാത്രമീ
മനസ്സു മന്ത്രിപ്പൂ നിനക്കുവേണ്ടി,
‌മകനേ, നിനക്കായിയർത്ഥിച്ചിടുന്നുഞാൻ മന:സ്സുഖമുള്ളൊരു ദീർഘകാലം.”
അകതാരിലെന്നുമെന്നമ്മപ്രാർത്ഥിപ്പതീ
മകനു ദീർഘായുസ്സുമാരോഗ്യവും.
ദിനവും വഴിയിൽ പൊലിയുന്നു, ജന്മങ്ങൾ,
പതിവാണകാലത്തിൽ വേർപിരിയൽ.
അവരെല്ലാം മക്കളാണെങ്കിലും രക്ഷിക്കാൻ
അവരുടെ ദൈവത്തിനാവതില്ലേ?
അതുകൊണ്ടു ഞാനിന്നു മറുവാക്കുചൊല്ലുന്നു
“വെറുതെ നിമിത്തങ്ങൾമാത്രമെല്ലാം.
പരദേവതയെന്നെ പട്ടിണിയിൽ നിന്നും
തരിപോലും രക്ഷപെടുത്തിയില്ല.
അതുമല്ല, മറ്റുള്ളവർക്കു ലഭിയ്ക്കാത്ത
പരിരക്ഷയെന്തിനെനിയ്ക്കുവേണം.?
വിടരാത്ത പിഞ്ചു പുമൊട്ടുകളായപെ-
ണ്ണുടലുകളെന്നും കരിഞ്ഞിടുന്നു.
വരസിദ്ധിയല്ല, വിശ്വാസം വളർത്തുവാൻ
നിറതോക്കിൻ നീണ്ട നിര വരുന്നു.
പലരായി പങ്കിട്ടെടുത്തു ദൈവങ്ങളെ,
തലനാരിഴകീറി വ്യാഖ്യാനിച്ചു.
അപരന്റെ ദൈവത്തിനെതിരേ കുരുതിയ്ക്കു
പകയുള്ള കത്തി പതിയിരിപ്പൂ..
നീതി ശാസ്ത്രങ്ങൾ നിരർത്ഥകമാകവേ
നിങ്ങളെവിടെയൊളിച്ചിടുന്നു?
അറിയാമെനിയ്ക്കിന്നു പക്ഷിമൃഗാദികൾ-
ക്കിതുവരെ സ്വന്തമായ്ദൈവമില്ല.
അതിബുദ്ധിയുള്ള മനുഷ്യന്റെ സൃഷ്ടിയിൽ
പുതിയ ദൈവങ്ങളവതരിച്ചു.
കുടിലതന്ത്രങ്ങളിൽ സ്വാർത്ഥം ജയിക്കുവാൻ
തിരുവവതാരങ്ങൾ ആയുധമായ്.
ഇനി നമ്മളാശ പുലർത്തുന്നതെങ്ങിനെ,
ഇവിടെ ദൈവങ്ങൾ തടവിലായാൽ?
വിനയത്തൊടെൻ പരിദേവനമിങ്ങനെ
ഇനിയും പുറത്തു വരികനിങ്ങൾ.
മനുജന്റെ കുടിലമാം തടവറഭേദിച്ചു
പുറമെ വരികെന്റെ ദൈവങ്ങളേ!

മംഗളാനന്ദൻ

By ivayana