ബീഗം*

പാൽപായസവും
ചക്കരച്ചോറും
പെസഹാപ്പവും
ഇന്നും ഒരു പാത്രത്തിലിരുന്ന്
ചിരിക്കുന്നു……
ഡിസംബറിലെ കേക്കിൻ
കഷണങ്ങൾക്ക് കയ്പാണെന്ന് വൃശ്ചികമാസം പറഞ്ഞില്ല.,,,,,,,
നോമ്പ് കഞ്ഞി കുടിച്ച
വൈകുന്നേരങ്ങൾ
ദഹിച്ചില്ലെന്നും പറഞ്ഞില്ല……
എപ്പോഴാണ് ഒരു പെട്ടിയിലടുക്കിയ
ചട്ടയും മുണ്ടും സെറ്റുമുണ്ടും
കുപ്പായവും വലിച്ചെറിയപ്പെട്ടത്…..
കൃഷ്ണ ഗീതികൾ ശ്രവിച്ചപ്പോൾ
ബാങ്കൊലികൾ മുഖം ചുളിച്ചില്ല പള്ളിമണികൾ അടക്കം പറഞ്ഞില്ല…
കൂപമണ്ഡൂകമായതും
മത വിത്ത് മുളപ്പിച്ചതും ആരാണ്?
മൈലാഞ്ചിയിട്ട കൈകൾ
മുത്തമിടാൻ കൊന്ത ചൊല്ലിയ
ചുണ്ടുകൾ മടി പറഞ്ഞുമില്ല…..
ശാന്തിതൻ ധൂപം നിറക്കാൻ
സ്നേഹത്തിൻ ധ്വജം പറക്കാൻ
ഒറ്റമതമുള്ളുലകിലെന്നു
ഒരുമയോടെ പറഞ്ഞവരെ
ഒറ്റ വാക്കു കൊണ്ട്
പരിഹസിച്ചതാരാണ്?

ബീഗം

By ivayana