മാധവ് കെ വാസുദേവ്*
ദൂരേ ചിദംബരത്തെ ഗോപുരം മിഴികളിൽ തെളിഞ്ഞു കണ്ടപ്പോൾ ആദ്യം മനസ്സിലോടിയെത്തിയതു പണ്ടു കണ്ട സിനിമയായിരുന്നു. അന്നു മനസ്സിൽ കാണണമെന്നു മുളപ്പിച്ചെടുത്ത മോഹമായിരുന്നു ചിദംബരമെന്ന ദേവ നഗരി.
വേദാന്തകാലത്തോളം നീണ്ടുകിടക്കുന്ന ഒരുസംസ്ക്കാരത്തിന്‍റെ ആദ്യദര്‍ശനം പോലെ ശാന്തസുന്ദരമായ ചിദംബരം. പൈൻമരങ്ങളും യൂക്കാലിമരങ്ങളും ഇടകലര്‍ന്ന പച്ചപ്പിന്‍റെ മഹാസമുദ്രംപോലെ വിടര്‍ന്നു നീണ്ടു കിടന്നു ചിദംബരത്തിലേയ്ക്കുള്ള വഴികൾ.
കൽപ്പടവുകൾ കയറി മുകളിലേയ്ക്കു നടക്കുമ്പോൾ മുത്തുകൾ കിലുങ്ങുന്ന ശബ്ദം ഒപ്പം നല്ല കുടമുല്ലപ്പൂവിന്‍റെ സുഗന്ധം കാറ്റിലൊഴുകിവന്നു. അതിന്‍റെ ലഹരിയിൽ അല്‌പനേരം കണ്ണടച്ചുനിന്നപ്പോൾ മണിക്കിലുക്കമകന്നു പോവുന്നതറിഞ്ഞു.
നിലവിളക്കുകളുടെ മഞ്ഞ വെളിച്ചത്തിൽ എത്രനേരം നിന്നു നടരാജന്‍റെ മുന്നിലെന്നറിയില്ല. കണ്ണുതുറന്നപ്പോൾ മുന്നിൽ ഒരു കുടമുല്ലപ്പൂക്കളുടെ കാട്. അതിൽനിന്നും സിരകളെ ത്രസിപ്പിക്കുന്നഗന്ധം.
തൊഴുതുമടങ്ങുമ്പോഴും മുല്ലപ്പൂവിന്‍റെഗന്ധം വിട്ടകന്നിരുന്നില്ല.
ചുവരിലെ ശില്പ്പങ്ങളുടെ ചാരുഭംഗിയിൽ മയങ്ങി നടക്കവേ പിന്നിൽ വീണ്ടുമാ മണികിലുക്കം.
ശാന്തമായൊഴുകുന്നൊരു നദിപോലെ അവൾ മെല്ലെ നടന്നുവരുന്നു. നദിയിലെ ഓളങ്ങൾ പോലെ അവളുടെ മുടിയിഴകൾ കാറ്റിലിളകി പറക്കുന്നു. ചെന്തമിഴിന്‍റെ കറുപ്പിൽ കൊത്തിയെടുത്ത ശില്പംപ്പോലെ. ഏറെനേരം നോക്കിനിന്നു. പിന്നെ പടിക്കെട്ടുകളിറങ്ങി പൈൻ മരങ്ങൾക്കു നടുവിലൂടെ താമസ സ്ഥലത്തേയ്ക്കു നടക്കുമ്പോൾ മനസ്സിൽ ഓർത്തു.
ചിദംബരത്തിനൊരു കഥയുണ്ട്. പുരാണങ്ങളുടെ അസ്ഥികളിൽ വേരുറച്ചുനില്ക്കുന്ന ബലവത്തായൊരു കഥാഘടനയുണ്ട്. ഈ പ്രകൃതിപോലും ചിദംബരത്തിന്‍റെ ശ്വാസഗതിയിലുണ്ട്. അപ്പോൾ അവളെ കുറിച്ചെഴുതുമ്പോൾ സങ്കീർണ്ണമായ ഒരു പദപ്രശ്നത്തിന്‍റെ നൂലാമാലകൾ അഴിച്ചു വളരെ ശ്രദ്ധിച്ചു വേണം അവളെ ആടയാഭാരണങ്ങൾ അണിയിക്കുവാൻ.
ചിദംബരത്തു നമ്മൾ കണ്ടുമുട്ടുന്നതു മനുഷ്യരെ മാത്രമല്ല മനസ്സുകൾ കൂടിയാണ്. എന്തല്ലമോ ആയിത്തീരണമെന്നാഗ്രഹിക്കുന്ന ശുദ്ധിയുള്ള ഒരുപാടു മനസ്സുകൾ. നേർവഴികളിലൂടെ ജീവിതങ്ങളെ കൈപിടിച്ചു നടത്തുന്നവർ, കടപ്പാടുകളെ നടരാജരൂപത്തിൽ മനസ്സിൽ താലോലിച്ചു കൊണ്ടു നടക്കുന്നവർ.
ചിദംബരമവര്‍ക്കു ജീവനോപാധി മാത്രമല്ല ജീവിതവഴികളിലെ സൂര്യതേജസ്സു കൂടിയാണ്.
ചിദംബരത്തെ മനുഷ്യമനസ്സുകൾ തികച്ചും ദുർബലമാണ്, സംഗീതം പോലെ ശുദ്ധമാണ്. ഇന്നിന്‍റെ വ്യാകുലതകളൊന്നും തന്നെ അവനെ സ്വാധീനിക്കുന്നില്ല. എല്ലാ ഭാരങ്ങളും അവനാ കൽപ്പടവുകളിൽ ഇറക്കിവെച്ചു ഭാരരഹിതമായി നടന്നനീങ്ങുന്നു.
കണ്മുന്നിൽ വിടർന്ന ആയിരമിതളുകളുള്ള ഒരുതാമരപോലെ ചിദംബരം.
ജീവിത്തിന്‍റെ അങ്കലാപ്പുകൾ വീർപ്പുമുട്ടിക്കുന്നില്ല, നിശബ്ദനാക്കുന്നില്ല. അപ്പോൾ ഈ പച്ചപ്പിനും നിശബ്ദതയ്ക്കും ഇടയിലെ ഈ ചെറുകുളിരിനും പറയാനൊരു കഥയുണ്ടാവണം ചിദംബരത്തിനുമാത്രം സ്വന്തമായ ഒരുകഥ.
ചിദംബരത്തെ കുറിച്ചുള്ള ഒരു ചിത്രീകരണ സംഘത്തിന്‍റെ കൂടെയാണു വീണ്ടും അവളെ കണ്ടത്. നെറുകയിൽ ഉയർത്തിവെച്ച കണ്ണടയും വലിയ ചുവന്ന സിന്ദൂരപ്പൊട്ടും തോളിലെ വാനിറ്റി ബാഗും ചെങ്കല്ലുനിറത്തിലുള്ള ടോപ്പും നീലജീൻസും അവളെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിർത്തി. ചുറുചുറുക്കോടെ അവളോടി നടന്നു അവർക്കിടയിൽ.
“ഈ ശില്പങ്ങളിൽ നിന്നാവണം ചിദംബരത്തിന്‍റെ കഥ അല്ല ചരിത്രം മെനഞ്ഞുണ്ടാക്കുവാൻ. ഇവിടുത്തെ ജീവിതങ്ങളെ അടുത്തറിയാൻ. അതിലൂടെ ഒരുസംസ്ക്കാരം വളർന്നു വന്ന വഴികൾ കണ്ടെത്താൻ’.
കൂട്ടത്തിലെ ബുദ്ധിജീവിയുടെ മട്ടും ഭാവവും ഉള്ള കൃഷ്ണേട്ടന്‍ എന്ന മനുഷ്യൻ സംസാരിച്ചു തുടങ്ങിയപ്പോൾ സംഘം നിശബ്ദമായി.
”വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാലും നമുക്കു പരിശ്രമിക്കാം. വിജയം നിങ്ങളുടെ ശ്രമം പോലെ”.
ഈ വാക്കുകളും കേട്ടുനടന്നു. ചെറിയ കുന്നു കയറിയിറങ്ങിയാൽ തെളിനീരൊഴുക്കുള്ള അരുവിയാണ്. അതിലൊന്നു മുങ്ങികുളിച്ചാൽ കിട്ടുന്ന സുഖമൊന്നു വേറെ തന്നെ അതുകൊണ്ടാണങ്ങോട്ടു നടന്നത്. ഇത്രയും ദൂരമുണ്ടാവുമെന്നും കരുതിയിരുന്നില്ല. അതറിയാമായിരുന്നു വെങ്കിൽ ഒഴുവാക്കിയേനെ ഈ നടത്തമെന്ന ചിന്ത പെട്ടെന്ന് തന്നെ മനസ്സിൽ കെട്ടടങ്ങി കുളിയുടെ സുഖത്തിൽ. എത്രനേരം അതിൽ മതിമറന്നു കിടന്നുവെന്നും ഓർമ്മയില്ല യില്ല.
തല തോർത്തി തിരിഞ്ഞു നടക്കുമ്പോളാണ് പിന്നില്‍ നിന്നുമൊരു കാല്‍പെരുമാറ്റം കേട്ടത്. തിരിഞ്ഞു നോക്കിയപ്പോള്‍ മുഖവരയില്ലാതെ പറഞ്ഞു അവള്‍.
”എന്‍റെ പേരു മായ. ഞാനിവിടെയൊരു ഷോര്‍ട്ട് ഫിലിം ചിത്രീകരിക്കാന്‍ വന്നതാണ്. ഈ ചിദംബരത്തിന്‍റെ പിന്നാംപുറങ്ങളെ പറ്റി.ഒന്ന് നിർത്തി അവൾ വീണ്ടും പറഞ്ഞു.
”അയ്യോ ഒന്നുചോദിക്കാൻ വിട്ടു”. എവിടെയോ കണ്ടമുഖ പരിചയം. കേരളത്തില്‍ എവിടെ”.
പിന്നെ അവള്‍ ഉത്തരത്തിനായി കാത്തു നിന്നു.
നീലാകശാത്തിനു ചുവട്ടില്‍ നിരനിരയായ് പറന്നു പോവുന്ന ദേശാടനകിളികളെ ചൂണ്ടി പറഞ്ഞു.
“മായ” അതുകണ്ടോ? ആ പറന്നുപോവുന്ന കിളികളില്‍ നിന്നകന്നു ഒറ്റയ്ക്കകന്നു പറക്കുന്ന ഒരു കിളിയെ കണ്ടില്ലെ. അതിനോടു വേണമെങ്കിൽ എന്റെയീ ജീവിതയാത്രയെ കൂട്ടിച്ചേർക്കാം.
ആൾക്കൂട്ടത്തിൽ തനിയെ, ആരവങ്ങകൾക്കിടയിലെ ഒരു നേരത്ത നിശബ്ദത അതുമല്ലെങ്കിൽ കനത്ത അന്ധകാരത്തിലെ മങ്ങി നില്ക്കുന്ന മഞ്ഞ വെളിച്ചം ഇതൊക്കെയായി ചേർത്തു വായിക്കാം എന്നിൽ”.
എന്നെക്കുറിച്ചു ഞാൻതന്നെ പറഞ്ഞാൽ ഞാന്‍.. വിശാലമായ ഈ ആകാശത്തിനു കീഴെ പരന്നുകിടക്കുന്ന ഈ പുല്‍പ്പരപ്പില്‍ ഞാന്‍ സ്വതന്ത്രനാണ്. കാറ്റുപോലെ ഗതിമാറി എങ്ങോട്ടും വീശാം. കാലം തെറ്റി പെയ്തൊഴിയുന്ന മഴ പോലെ. കാലത്തിനും ദേശത്തിനും അപ്പുറത്തുനിന്നു വന്നെത്തുന്ന ഒരുവിരുന്നുകാരനെ കാത്തിരിക്കുന്നവന്‍. ഒരു യാത്രികന്‍ അതിലപ്പുറം എന്താണ് മായയ്ക്ക് അറിയാനുള്ളത്.
ഇടയ്ക്കുവെച്ചു മുറിയുന്ന സംസാരത്തിന്‍റെ ഒടുവില്‍ താമസസ്ഥലത്തെത്തിയതറിഞ്ഞില്ല. മായയെ കാത്തു നിന്നിരുന്ന കൃഷ്ണേട്ടന്റെ ചുണ്ടില്‍ ഒരു ചിരിവിടര്‍ന്നു. കണ്ടയുടനെ അദ്ദേഹം പറഞ്ഞു.
”താന്‍ പ്രതീക്ഷിക്കാറുള്ള ആളെ തന്നെയിന്നു കൂട്ടു കിട്ടിയല്ലോ” മായയുടെ മുഖത്തു നിന്നും മിഴികളെ പിന്‍വലിച്ചുകൊണ്ടു കൃഷ്ണേട്ടന്‍ പറഞ്ഞു”.
അപ്പോളോർത്തു തിരിച്ചു നടക്കുമ്പോള്‍ വഴിയിൽപടർന്നുനില്ക്കുന്ന ഒരാല്‍മരം. അതിന്‍റെ ചുവട്ടിൽനിന്നപ്പോൾ മായ കൃഷ്ണേട്ടനെ പറ്റി പറഞ്ഞത്.
ജീവിതം നിറങ്ങൾക്കു വേണ്ടി മാറ്റിവെച്ച മനുഷ്യൻ. മറ്റെല്ലാം പലപ്പോഴും മറക്കുന്ന മനുഷ്യൻ. അത് പറയുമ്പോൾ അവളുടെ സ്വരം വല്ലാതെ പതറിയിരുന്നുവെന്നതു മനസ്സിലാക്കിയെന്നറിഞ്ഞപ്പോൾ അവൾ ബോധപോരാവാം വിഷയം മാറ്റിയെന്നതും മനസ്സിലോർത്തു.
”തന്‍റെ കാര്യം ഇവളെപ്പോഴും പറയും. തന്നിലെന്തോ ഒന്നളിഞ്ഞിരിക്കുന്നുവെന്ന്. ശരിക്കും ചോദിയ്ക്കെട്ടെ. എന്താണ് തന്‍റെ പരിപാടി”.
ഒരു സാധാരണക്കാരന്‍റെ മനസ്സോടെ സമീപിക്കുന്ന അദേഹത്തിന്‍റെ മാന്യതയെ ഏറെ ഇഷ്ടമായി.
ഔപചാരികതയുടെ മുഖം മൂടി ഇല്ലാതെ ഇടപെടുന്ന ഒരു മനസ്സ്.
” ഏയ് അങ്ങിനെയൊന്നുമില്ല. ഒരു ദേശാടനം. അതിനിടയിൽ ചില കുത്തിക്കുറിക്കലുകള്‍. പിന്നെ സ്ഥിരമായി ഒരുതാവളം അതില്ല. തെളിച്ചു പറഞ്ഞാല്‍ ഒരു രയരാര്‍ മലക്കാരന്‍.. ആയുസ്സ് നീട്ടി ചോദിക്കുകയും കിട്ടാഞ്ഞപ്പോള്‍ കുറച്ചു തരാന്‍ അവിശ്യപ്പെടുകയും അവസാനം ഒന്നും നടക്കില്ല എന്ന് തോന്നിയപ്പോള്‍ വലതുകാലിലെമന്ത് ഇടതു കാലിലേയ്ക്ക് മാറ്റിയ ഭ്രാന്തന്‍റെ പിന്മുറക്കാരനെന്നു വേണേല്‍ വിളിക്കാം സാര്‍”.
നഷ്ടങ്ങളുടെ കുറിച്ചോര്‍ത്തു പരിതപിക്കാതെ ലാഭങ്ങളുടെ വരവുകള്‍ക്കു കാത്തുനില്‍ക്കാതെ ഇന്നിനെ സ്നേഹിക്കുന്നവന്‍. ഇന്നലെ ജീവിച്ചിരുന്നു എന്നാലോചിച്ചിട്ടോ നാളെ ജീവിക്കുമെന്നു ഉറപ്പിചിട്ടില്ലാത്ത ഇന്നില്‍ ജീവിക്കുന്നവന്‍. അങ്ങിനെ ഒരാളെന്നും കരുതാം.
”എന്തയാലും മായാ നീയൊരു ചായയിടു. ഇന്നത്തെ സായാന്ഹത്തില്‍ നമ്മുടെ അഥിതി … പേരറിയാതെ കൃഷ്ണേട്ടനൊന്നു കുഴങ്ങിയപ്പോള്‍ പറഞ്ഞു.
”ഹരി”.
അതെ ഹരിയാവട്ടെ ഇന്നത്തെ നമ്മുടെ അതിഥി. കൃഷ്ണേട്ടനതു പറയുമ്പോൾ മായയുടെ മുഖംവല്ലാതെ വിടർന്നിരുന്നു. ഒരുപാടു സന്തോഷങ്ങൾ ഒരുമിച്ചനുഭവിക്കുന്ന ഒരുകുഞ്ഞു മനസ്സുപോലെ.
മായ ഇട്ടുതന്ന ചായകുടിക്കുമ്പോള്‍ ഞങ്ങളുടെയിടയിലെ വിഷയം ചിദംബരമായിരുന്നു. ചിദംബരത്തെ കുറിച്ചുള്ളറിവ് പകര്‍ന്നുകൊടുത്തപ്പോള്‍ മായയുടെ കണ്ണുകള്‍ വിടരുന്നതും അതില്‍ പ്രകാശം നിറയുന്നതും കണ്ടു. താനറിയാതെ കൃഷ്ണേട്ടന്‍ അതും ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍ മായയുടെ മുഖത്തെ വിടരുന്ന ഭാവങ്ങളും നിറയുന്ന വര്‍ണ്ണങ്ങളും അതിന്‍റെ അര്‍ത്ഥങ്ങളും കണ്ടെത്താന്‍ ഒരുപാടാലോചിക്കേണ്ടി വന്നില്ല.
കാളിന്ദിയുടെ നീല വർണ്ണങ്ങൾ അവളുടെ മനസ്സില്‍ നിറഞ്ഞൊഴുകുന്നതു കണ്ടു ആമിഴികളിൽ.
ക്യാമറ കണ്ണുകളില്‍ ജീവിതത്തെ നോക്കികണ്ട കൃഷ്ണേട്ടനു ഒരുമനസ്സിന്‍റെ തേങ്ങല്‍, അവര്‍ക്കുവേണ്ടി മാറ്റിവെച്ച മനസ്സിനെ, ബലി കഴിച്ച സ്വപ്നങ്ങളെ, നിറഞ്ഞുനിന്ന ആശകളെയൊന്നും കാണാന്‍ കഴിഞ്ഞില്ല, അല്ലെങ്കില്‍ കണ്ടില്ല എന്നു നടിക്കേണ്ടി വന്നു.
മറ്റുള്ളവര്‍ക്കു വേണ്ടി. സ്വയമൊതുങ്ങികൂടിയ മനസ്സിന്‍റെ അടിച്ചമര്‍ത്തിയ സ്വപ്നങ്ങളുടെ ബഹിര്സ്പുരണമായിരുന്നു അവളുടെ ഭാവങ്ങള്‍. അതിലൂറിയ മൗനത്തിന്‍റെ നിറങ്ങളായിരുന്നു ആ മനസ്സിലെ നീക്കിയിരുപ്പെന്നതു കണ്ടെത്താന്‍ ഏറെസമയം വേണ്ടിവന്നില്ല.
ചിദംബരത്തിന്‍റെ ഉള്‍ത്തുടുപ്പുകളില്‍ നിറഞ്ഞുനിന്ന, പണ്ടത്തെ അടക്കിനിര്‍ത്തിയ യൗവനത്തിന്‍റെ തീക്ഷ്ണതയുടെ ഉരുള്‍ പൊട്ടലായിരുന്നു മായുമായുള്ള എന്റെ സൗഹൃദം.
തിരികെ റൂമിലെത്തിക്കിടക്കുമ്പോഴും എതിർവശത്തെ പാതിയടഞ്ഞ ജനൽപാളികളിൽ കൂടിയൊഴുകിവന്ന വെളിച്ചം മനസ്സിലൊരു അരുവിപോലെ നിറഞ്ഞൊഴുകി. അതിലൊരു കൊതുമ്പുവള്ളം തുഴഞ്ഞവൾ.
ചിദംബരം വിട്ടിറങ്ങുമ്പോൾ ചുവരുകളിലെ ചാരുശില്പങ്ങളെ ഒന്നുകൂടി തിരിഞ്ഞു നോക്കാതിരിക്കാൻ കഴിഞ്ഞില്ല അതിനിടയിൽ തിളങ്ങുന്ന ആ കരിനീലമിഴികളെയും.