സെഹ്റാൻ*
നിങ്ങളെന്നെ ബന്ധിച്ചിരിക്കുന്ന
ഈ സെല്ലിന്റെ ജാലകത്തിലൂടെ
നോക്കിയാൽ താഴെ തിളയ്ക്കുന്ന
നഗരം കാണാം.
നടപ്പാതകളിലൂടെ തിരക്കിട്ടുപോകുന്ന
എല്ലാവരുടെയും ശിരസ്സുകളിൽ
നിവർത്തിവെച്ചിട്ടുള്ള പുസ്തകങ്ങൾ
കാണാം.
(ജീവിതത്തിൽ ഒരിക്കലെങ്കിലും
അവരത് വായിക്കാൻ
മെനക്കെട്ടിട്ടുണ്ടാകുമോ…?)
കണ്ടോ, ആകാശം കറുക്കാനിനി
അധികസമയമില്ല. മഴപെയ്യാനും…
ആർത്തലച്ച് പെയ്യുമ്പോൾ
എല്ലാ പുസ്തകങ്ങളും നനഞ്ഞുകുതിരും.
നനഞ്ഞ ശിരസ്സുകൾ…
നനഞ്ഞ പുസ്തകങ്ങൾ…
പരക്കം പായുന്ന ആൾക്കൂട്ടത്തെ നോക്കി
ഞാനപ്പോൾ പൊട്ടിപ്പൊട്ടിച്ചിരിക്കും…
എന്റെ വാക്കുകളൊന്നും ഞാനൊരു
പുസ്തകത്തിലും കരുതിവെച്ചിട്ടില്ല.
ഒഴുകുന്ന പുഴപോലെയതെല്ലാം
എന്റെ നാവിൻതുമ്പിലുണ്ട്.
അതിന്റെ ആഴങ്ങളെ തൊടാൻ
ത്രാണിയില്ലാത്തതിനാലാണോ
നിങ്ങളെനിക്ക് ഭ്രാന്തനെന്ന
മുദ്രകുത്തുന്നത്…?
നഗരം മഴയിൽ നനഞ്ഞുകുതിർന്ന
സന്ധ്യയിൽ ഭ്രാന്താശുപത്രിയുടെ
സെല്ലിന്റെ ഇരുണ്ട ഭിത്തികൾ പുസ്തകത്താളുകളാവുന്നു.
രക്തം മഷിയാക്കി ഞാനതിലെന്റെ
വാക്കുകൾ വൃഥാ വരഞ്ഞിടുന്നു…