Marath Shaji*

ആറാം ക്ലാസ്സിലെ കൊല്ലപരീക്ഷ കഴിഞ്ഞ് പിറ്റേന്ന് കാലത്ത് കൂട്ടുകാരുമൊത്ത് ഓല മേഞ്ഞ വീടിന്റെ വരാന്തയിലിരുന്ന് ഈർക്കിൽ ഒടിച്ച് നൂറാം കോലുകളിക്കുമ്പോഴാണ് ഞാൻ ഋതുമതിയാകുന്നത്. കുന്തിച്ചിരുന്ന് നൂറാം കോല് എറ്റുമ്പോൾ എതിരെ ഇരുന്ന കോങ്കണ്ണൻ സന്തോഷാണ് പറഞ്ഞത് എടീ നിന്റവിടന്ന് ചോര വരണുന്ന്.

ഞാൻ എഴുന്നേറ്റോടി അമ്മയുടെ അടുത്തേക്ക്. നങ്ങ്യാരുടെ കണ്ടത്തിൽ പുല്ലു പറിച്ചോണ്ടിരുന്ന അമ്മ എന്റെ വരവ് കണ്ട് പേടിച്ചിട്ടുണ്ടാകും. അത്രേം പരവശപ്പെട്ടാണ് ഞാനോടിയത്. കൂടെ പുല്ലു പറിക്കുന്നവരും തലപൊക്കി നോക്കി. എന്തിനാടി ഓടിക്കിതച്ച് ഇങ്ങോട്ടു വന്നത് ന്ന് അമ്മ ചോദിച്ചു. എനിക്ക് പറയാനൊന്നും പറ്റുന്നില്ലായിരുന്നു കിതപ്പുകൊണ്ട്. എന്റവിടന്ന് ചോര വരണൂന്ന് ഞാൻ വിക്കി വിക്കി പറഞ്ഞു. അതു കേട്ടതും അമ്മയ്ക്ക് ആധിയേറി. ന്ത് പറ്റീട്ടാവോ ന്ന് പറഞ്ഞ് അമ്മ പാവാട പൊക്കി നോക്കി.

പാടവരമ്പത്ത് വെച്ച് അമ്മ പാവാട പൊക്കി നോക്കിയതിന്റെ ദേഷ്യത്തേക്കാൾ കൂടുതൽ മറ്റുള്ളവർ കൂടി നോക്കിയതിന്റെ ലജ്ജയായിരുന്നു എനിക്കുണ്ടായത്.
പഞ്ഞോടന്റെ പെണ്ണ് വാസന്തി പറഞ്ഞു. ലീലേ നീ പേടിക്കണ്ട പെണ്ണിന് തീണ്ടാരി തുടങ്ങീതാന്ന്. കൈ കഴുകിട്ട് പോയി പെണ്ണിന്റെ തുണി മാറ്റിക്കൊടുക്ക്ന്നും പറഞ്ഞു. ന്നാളൊരുസം അമ്പലക്കുളത്തിൽ കുളിക്കാൻ വന്നപ്പോ പെണ്ണിന്റെ മാറ് നെല്ലിക്ക വട്ടത്തിൽ ഉരുണ്ടു കൂടിയതു കണ്ടപ്പഴേ ഞാനോർത്തതാണ് പെണ്ണിന് തീണ്ടാരി തുടങ്ങാറായിലോന്ന്. പിന്നെ പറഞ്ഞില്ലാന്നേള്ളൂ. കൂടെയുള്ള തങ്കമണി ചേച്ചി പറഞ്ഞു. പിന്നെയും
അവരോരോന്ന് പറഞ്ഞ് കളിയാക്കി ചിരിച്ചു.

വീട്ടുപടിക്കലെത്തുമ്പോൾ സന്തോഷും വട്ടുള്ളി മാപ്ളേടെ അലിയും അമ്മ്യാര് മഠത്തിലെ ദേവിയും കൂടി നില്ക്കുന്നുണ്ട്
തനിക്ക് എന്താ പറ്റ്യേന്ന് അവര് അമ്മയോട് ചോദിച്ചു. ഒന്നും പറ്റീട്ടില്യ നിങ്ങള് കളിച്ചോ ന്ന് അമ്മ അവരോട് പറഞ്ഞിട്ട് എന്റെ കൈയ്യും പിടിച്ച് അകത്തേക്ക് നടന്നു.
നിങ്ങള് പൊയ്ക്കോ ഞാനില്ല കളിക്കാൻന്ന് അവരോട്പറഞ്ഞ് ദേവി എന്റെ കൂടെ പോന്നു.
തളത്തിലെ മൂലയ്ക്കലൊരു പുല്ലു പായ വിരിച്ചു അമ്മ. അകത്തു പോയി ഒരു മുണ്ടെടുത്ത് കൊണ്ടുവന്നു എന്നെയും കൊണ്ട് കിണറ്റിൻ കരയിലേക്ക് നടന്നു.
നീ പോയി അമ്മയോടൊന്ന് വരാൻ പറഞ്ഞേ ദേവ്യേന്ന് അമ്മ അവളോട് പറഞ്ഞു. കേട്ടപാതി അവൾ പടിഞ്ഞാറേ പടി കടന്ന് ഓടിപ്പോയി.

കിണറ്റിൻ കരയിലെ മറപ്പുരയിൽ അമ്മ വെള്ളം നിറച്ചു. തോർത്തെടുത്ത് തോളത്തിട്ട് വന്ന് എന്റെ ഉടുപ്പെല്ലാം ഊരി . ഞാനപ്പോഴാണ് കുനിഞ്ഞൊന്ന് നോക്കിയത്. എനിക്ക് വല്ലാത്ത അന്ധാളിപ്പ് വന്നു. “യ്യോ എന്താമ്മേ ഇത്?” ഞാനമ്മയോട് ചോദിച്ചു.
വല്യ കുട്ട്യാവുമ്പോ ഇങ്ങനെ ണ്ടാവും. ഇനി എല്ലാ മാസവും ഇങ്ങനെ ണ്ടാവും. കണ്ടിട്ട് പേടിക്കണ്ട. കുളിപ്പിക്കുന്നതിനിടയിൽ അമ്മ പറഞ്ഞോണ്ടിരുന്നു. ഇനിയുള്ള സമയങ്ങളിൽ ചെയ്യേണ്ട കാര്യങ്ങളും പറഞ്ഞ്ഞു തന്നു .

മുണ്ടുടുപ്പിക്കുമ്പോൾ എനിക്ക് ആശ്ചര്യമാണ് തോന്നിയത്. ഇത്രയും കാലം താനിതൊന്നും ശ്രദ്ധിച്ചിട്ടില്ലല്ലോ എന്നതൊരു കുറ്റബോധവും തോന്നാതിരുന്നില്ല.
തളത്തിലെ പായയിൽ കൊണ്ടിരുത്തി. കൈയ്യിലൊരു വാൽക്കണ്ണാടി തന്നു , കിടക്കുമ്പോൾ തലയ്ക്കൽ വെച്ച് കിടന്നാ മതിന്ന് പറഞ്ഞിട്ട് .

അമ്മ അകത്തെന്തോ പണിയിലാണ്. അമ്മ്യാരുമായി വർത്തമാനം പറയുന്നുമുണ്ട്. ദേവി എന്റടുത്ത് വന്നിരുന്നു. നിനക്കെന്താടി പറ്റിയത് എന്നവൾ ചോദിച്ചു. മറുപടി പറയാൻ എനിക്കൊന്നും തോന്നിയതുമില്ല ഉള്ളിലപ്പോൾ ലജ്ജയുടെ ചുവപ്പ് കനക്കുകയും ചെയ്തിരുന്നു.
വൈകീട്ട് ദിവാകര മാമൻ പണി കഴിഞ്ഞ് വന്നപ്പോൾ അമ്മ വിവരങ്ങളെല്ലാം പറഞ്ഞു. “കുട്ടികളുടെ അച്ഛന്റെ സ്ഥാനത്താണ് ദിവാകരാ നിങ്ങള്. വേണ്ടതു ചെയ്തു കൊടുക്കണം ” എന്ന് അമ്മ്യാര് ദിവാകര മാമനോട് പറയുന്നതു കേട്ടു.

” എന്താ വേണ്ടത്ച്ചാ ചെയ്യാലോ ..അതിനെന്താ അമ്മ്യാരേ” ന്ന് മാമൻ മറുപടിയും പറഞ്ഞിരുന്നു.
അകത്തേക്ക് പോകുമ്പോൾ മാമൻ എന്നെയൊന്ന് സാകൂതം നോക്കി ചിരിച്ചു. ആ ചിരിയുടെ അർത്ഥം കുറച്ചുകാലങ്ങൾക്ക് ശേഷമാണ് എനിക്ക് ബോധ്യപ്പെട്ടത്.
കോങ്കണ്ണൻ സന്തോഷും അലിയും പിന്നീടൊരിക്കലും എന്നോട്കൂടെ കളിക്കാൻ വരാറില്ല. “നീയിപ്പോ വല്യ പെണ്ണായില്ലേ. ഇനിങ്ങനെ ഓടിച്ചാടി നടന്നാലേ ആൾക്കാര് അതുമിതും പറയും”.
വിലക്കുകളും ശകാരങ്ങളും ആവോളം കേട്ടാണ് വളർന്നത്.

മാമനോടു പോലും ഒരകലം പാലിക്കണമെന്ന് അമ്മ പറഞ്ഞപ്പോഴൊന്നും തനിക്കതു പാലിക്കാനും കഴിഞ്ഞിട്ടില്ല. മാമനെന്ന് വിളിക്കുന്നു എന്നേയുള്ളൂ. അച്ഛനായിട്ടാണ് കണ്ടതും പെരുമാറിയതും. അച്ഛന്റെ മുഖം ഓർമ്മയിലുണ്ട്. കട്ടിയുള്ള മീശയും ഒരു വശത്തേക്ക് ചീകി വെച്ച മുടിയുമുള്ള ഒരു രൂപം. ലാളനകളോ സ്നേഹ വാത്സല്യങ്ങളോ വിദൂര സാധ്യതയിൽപ്പോലും ഓർമ്മകളിൽ എത്താറില്ല. കമ്പനി ജോലിക്കിടയിൽ ഏതോ അപകടത്തിൽ അച്ഛൻ നഷ്ടപ്പെട്ടെന്ന് മാത്രമറിയാം. കൂടുതലായി എന്തെങ്കിലും പറയാൻ അമ്മയും ശ്രമിക്കാറുള്ളതായി തോന്നിയിട്ടില്ല. അറിയാൻ ശ്രമിച്ചതുമില്ല എന്നതാണ് സത്യം.

ഹൈസ്ക്കൂൾ കാലത്തിലെക്കെത്തിയപ്പോൾ ഒറ്റക്കാവുന്ന പകൽ സമയങ്ങളിൽ കണ്ണാടിയിൽ നോക്കി മുഖം മിനുക്കാനും കിനാവുകാണാനുമൊക്കെ തുടങ്ങിയിരുന്നു.
സൗന്ദര്യം മനസ്സിന്റെ ഒരു ചാപല്യമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വലുതായി വരുന്ന മാറിടം കണ്ടും കക്ഷങ്ങളിലും തുടയിടുക്കുകളിലും വളർന്ന കുഞ്ചിരോമങ്ങൾ കണ്ടും താനെത്രയോ വളർന്നു വലുതായ പോലെ എനിക്കു തോന്നിയിരുന്നു. ഒറ്റക്കിരിക്കുവാൻ കൂടുതൽ ഇഷ്ടപ്പെടാനും തുടങ്ങിയിരുന്നു..

പത്താം തരം പാസ്സായി ഉപരിപഠനത്തിനായി താൻ കോളേജിൽ പോകണമെന്ന അമ്മയുടെ ആഗ്രഹംപോലെ നല്ല മാർക്കോടു കൂടി പാസ്സായി.
സന്തോഷും അലിയും പത്താം തരത്തിൽ തോൽക്കുകയും ചെയ്തു. എന്നേക്കാൾ രണ്ട് വയസ്സ് ഇളയതായതു കൊണ്ട് ദേവി പിന്നെയും സ്ക്കൂളിൽ പോകുന്നത് ഒറ്റക്കായി.
പിന്നീടെപ്പോഴോ ഒരു സന്ധ്യക്ക് കാവിൽ വിളക്കുവെക്കാൻ പോയ ദേവി പാമ്പുകടിയേറ്റ് മരിച്ചതും വേദനിപ്പിക്കുന്ന ഓർമ്മയാണ്. അതിനു ശേഷം കുറേ കാലം കാലിൽ പാമ്പു ചുറ്റുന്നതും കടിക്കുന്നതുമൊക്കെ സ്വപ്നം കണ്ട് നിലവിളിച്ചിട്ടുണ്ട്.

പ്രിഡിഗ്രിക്കു പഠിക്കുമ്പോൾ ഒപ്പം പഠിച്ചിരുന്ന ദേവാനന്ദിന് തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴാണ് തന്റെ ഉള്ളിലും പ്രണയത്തിന്റെ പൂമ്പൊടികളുണ്ടെന്ന് തനിക്ക് തോന്നിയത്. നില മറന്ന് എണ്ണ തേയ്ക്കരുതെന്ന അമ്മയുടെ വാക്കുകൾ ഉള്ളിലെ ചിന്തകളിൽ കടിഞ്ഞാണിടാറുണ്ട്. എന്നിട്ടും അവനോട് പറഞ്ഞില്ലെങ്കിൽപ്പോലും തന്റെ ഉള്ളിലെ ഇഷ്ടങ്ങളെ തന്റേതു മാത്രമാക്കി വെക്കാൻ ശ്രമിച്ചിട്ടുണ്ട്.

ഡിഗ്രി അവസാന വർഷത്തിലെത്തി നില്ക്കുമ്പോഴാണ് അകമലയിൽ നിന്നും ഒരു കല്യാണ ആലോചന വരുന്നത്. ദിവാകര മാമന്റെ പരിചയത്തിലുള്ള ഒരു ദല്ലാൾ മുഖാന്തിരമായിരുന്നു അത്. ബോംബേല് ഏതോ കമ്പനിയുടെ മാനേജരാണെന്ന് പറഞ്ഞു. കാണാനൊക്കെ ഭംഗിയുള്ള ഒരാൾ. കല്യാണം കഴിഞ്ഞാൽ പിറ്റേ ആഴ്ച്ച കൂടെ കൊണ്ടോകും എന്നും പറഞ്ഞിരുന്നു.
വീടാകെകല്യാണത്തിരക്കിലേക്ക് മാറി. വീട് പൊളിച്ച് മേഞ്ഞു , പുതിയ കക്കൂസും കുളിമുറിയും കെട്ടി, കിടക്കാനുള്ള മുറിയുടെ ചുമർ തേച്ചു വാതിൽ വെച്ചു , വെള്ളപൂശി അങ്ങിനെയെല്ലാം ചെയ്തു കൊണ്ടിരുന്നു.

കല്യാണത്തിന് കൃത്യം അഞ്ചു ദിവസം മുൻപ് ഉച്ചയൂണ് കഴിച്ച് ഞാൻ മുറിയിലെ കട്ടിലിൽ കിടക്കുകയായിരുന്നു. അമ്മയപ്പോൾ വിറകുകാരന് പണം കൊടുക്കാനായി വടക്കുമുറിക്ക് പോയിരിക്കുകയായിരുന്നു. പാതിമയക്കത്തിലായിരുന്ന എന്റെ ദേഹത്തെന്തോ ഇഴയുന്ന പോലെ തോന്നിയതും ഞാൻ ഞെട്ടിയുണർന്നു. എന്റെ ആദ്യത്തെ തീണ്ടാരിയായിട്ട് ഞാനിരിക്കുമ്പോൾ അന്നെന്റെ മുഖത്ത് നോക്കി ചിരിച്ച അതേ ചിരിയുമായി ദിവാകര മാമൻ മുന്നിൽ.

ഞാനന്ന് ആദ്യമായി അയാളെ അച്ഛാ എന്നാണ് വിളിച്ചത്. ആ വിളിയിൽപ്പോലും മനസ്സലിയാത്തവനായിരുന്നു അയാൾ. പ്രതിരോധത്തിലായി ഞാൻ. മുക്രയിട്ടു പായുന്നൊരു തിരുട്ടു കാളയെപ്പോലെയാണ് അയാളെന്ന് എനിക്ക് തോന്നി. ചെറുത്തു നിന്നും കരഞ്ഞും കാലുപിടിച്ചും ഞാനയാളോട് കെഞ്ചി. “ഇത്രയും കാലം നിങ്ങളല്ലേ എന്നെ വളർത്തിയത് , നിങ്ങളായിരുന്നില്ലേ എന്റെ അച്ഛൻ. എന്നിട്ടിപ്പോ…..”

പറഞ്ഞു മുഴുവനാക്കും മുൻപേ അയാളെന്റെ വായ് പൊത്തിപ്പിടിച്ചു. കണ്ണുകൾ വൈഡൂര്യ പൊടി പോലെ തിളങ്ങി. ഇത്രയും കാലം വെള്ളമൊഴിച്ച് വളർത്തിയ തെങ്ങിലെ ആദ്യത്തെ കരിക്ക് ഈ വെള്ളമൊഴിച്ചവനുതന്നെ വേണമെന്ന് അയാൾ പറഞ്ഞു. അയാളുടെ കൂർത്ത നഖങ്ങളാൽ എന്റവിടെ കീറിമുറിഞ്ഞു. പിന്നീട് ഒന്നുമറിയാത്തവനെപ്പോലെ കൈ കഴുകി ഉണ്ണാനിരുന്നു.
ചോറ് വിളമ്പിക്കൊടുക്കാൻ കുനിഞ്ഞ എന്റെ മാറിടത്തിലേക്ക് നോക്കി അയാൾ അമറി. “ഇനി ഈ കല്ലിച്ച് കിടക്കുന്നത് നാട്ടുകാരെ കാണിക്കാനാണോടീ തുറന്നിട്ടിരിക്കുന്നത് പുലയാടിച്ചി”, ഇനി ഇതും പറഞ്ഞ് കല്യാണം മുടക്കിയാലുണ്ടല്ലോ കോരൻ കുളത്തില് പോത്തിനെ കുളിപ്പിക്കണോടത്ത് കല്ല് കെട്ടി താഴ്ത്തും ഞാന്”.

അന്ന് തീണ്ടാരിയായപ്പോൾ പറഞ്ഞ പോലെത്തന്നെ വിക്കി വിക്കി ഞാനിതും അമ്മയോട് പറഞ്ഞു. അന്ന് ഉടുപ്പു പൊക്കി നോക്കിയ പോലെത്തന്നെ അമ്മ അപ്പോഴും നോക്കി. എന്റെവിടെ മുറിഞ്ഞ് വാർന്ന ചോരപ്പാട് കണ്ട് അമ്മ വായ്പൊത്തി കരഞ്ഞു.
കരഞ്ഞു തീർത്തും കുളിച്ച് തീർത്തും നാലു നാളുകൾ തീർത്തു കല്യാണത്തിന്റന്ന് ദക്ഷിണ കൊടുത്തപ്പോൾ “ന്റെ മോള് നന്നായി വരും”ന്ന് പറഞ്ഞ് അയാളെന്നെ കെട്ടിപ്പിടിച്ചപ്പോൾ എനിക്ക് ഓക്കാനം വന്നു.

കല്യാണം കഴിഞ്ഞന്ന് രാത്രീല് ഭർത്താവായ അയാളുടെ ആക്രാന്തം കഴിഞ്ഞിട്ട് തിരിഞ്ഞും മറിഞ്ഞും ദീർഘ നിശ്വാസം വിട്ട് കിടന്ന അയാളെന്നോട് ചോദിച്ചത് കേട്ട്എനിക്ക് അത്ഭുതം തോന്നി. “നിന്റവിടെ ചോര കിനിഞ്ഞത് കണ്ടില്ലല്ലോ” ന്ന്. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളെല്ലാം ചോദ്യങ്ങൾത്തന്നെ ആയിരുന്നു. പിന്നീടുള്ള ഓരോ രാത്രികളിലും എന്റെ നിലവിളികൾ ബോംബെ നഗരത്തിന്റെ തിരക്കുകളിൽ അലിഞ്ഞു പോവുകയാണ് പതിവ്.

ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷം ഒരു ദിവസം എനിക്ക് കലശലായ ക്ഷീണവും ഛർദ്ദിയും വന്നു. അടുത്തു തന്നെയുള്ള ക്ലിനിക്കിൽ പോയപ്പോളാണ് അറിഞ്ഞത് ഉള്ളിലൊരു ജീവൻ കൂടി മിടിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന്. പക്ഷേ അന്ന് രാത്രിയിൽ അയാൾ വന്നപ്പോൾ അയാളുടെ കൂടെ ഒരാൾ കൂടിയുണ്ടായിരുന്നു. അയാളുടെ ബോസ്. എന്റെ വിസമ്മതവും ക്ഷോഭവും കണ്ട് നീരസപ്പെട്ട് അയാളിറങ്ങിപ്പോയി.

ആ ദേഷ്യത്തിലാണ് അയാളെന്റെ നാഭിച്ചുഴിയിൽ ചവിട്ടിയത്. ആ വേദനയിലും ഞാനറിഞ്ഞിരുന്നു എന്റവിടുന്ന് ചോര കിനിഞ്ഞിട്ടുണ്ടെന്ന് .
ബോധം തെളിഞ്ഞപ്പോൾ എന്നെ കൊണ്ടാക്കിയ ആശുപത്രിക്കാര് പറഞ്ഞു.
ഇനി ഒരിക്കലും നിന്റവിടുന്ന് ചോര വരില്ലാന്ന്.
“പിന്നീടുള്ള യാത്രയാണ് സാറെ സംഭവ ബഹുലം. ആ യാത്രയിൽ കണ്ടുമുട്ടിയ രണ്ട് വഴിപോക്കരാണ് നാമിരുവരും”. അവൾ പൊട്ടിച്ചിരിച്ചു ആ ചിരിക്കൊരു കൊടുങ്കാറ്റിന്റെ വന്യതയുണ്ടെന്ന് അയാൾക്ക് തോന്നി.

അയാൾ വീണ്ടുമൊരു സിഗരറ്റിന് തീ കൊളുത്തി. അവൾ കണ്ണെടുക്കാതെ അയാളെത്തന്നെ നോക്കിയിരുന്നു. ആ കണ്ണടകൾക്കുള്ളിൽ തന്നെ ഉറ്റുനോക്കുന്ന കണ്ണുകളെ താനെവിടെയെങ്കിലും മുന്പു കണ്ടിട്ടുണ്ടോ? അവൾ ഓർത്തു നോക്കി. ഒരുപാടുപേരുടെ പേരുകൾ ഓർമ്മയിൽ വന്നെങ്കിലും അവരുടെ മുഖം ഓർത്തെടുക്കാൻ കഴിയുന്നുമില്ല. അല്ലെങ്കിലും തനിക്കോർമ്മയിൽ വെക്കാൻ പാകത്തിലൊരു മുഖം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. ഇനിയുള്ള കാലം താനതിന് മിനക്കെടുകയുമില്ലെന്ന് അവളോർത്തു.

“നിങ്ങൾ പറഞ്ഞ കഥയെല്ലാം ഞാൻ കേട്ടു. ബാക്കിയുള്ള കഥകളൊക്കെ ഇങ്ങനെയുള്ള ഏതൊരു സ്ത്രീയും പറയുന്നതൊക്കെയായിരിക്കും എന്നെനിക്ക് ഊഹിക്കാൻ കഴിയും”. കണ്ണടയൂരി തുടച്ചു കൊണ്ട് അയാൾ പറഞ്ഞു.

“സാറിന് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഇന്നത്തെ ദിവസം സാറിനെപ്പോലെത്തന്നെ എനിക്കും ഒരു മൂഡിലാത്ത ദിവസമാണ്. ഇന്നൊരു ദിവസത്തെ ചാർജ്ജിനുള്ളിൽത്തന്നെ സൗകര്യമുള്ള മറ്റൊരു ദിവസം സാറിന് തിരഞ്ഞെടുക്കാം.”
“ഒന്നെടുത്താൽ ഒന്നു ഫ്രീ അല്ലെ ?” അയാൾ തമാശയായിട്ടാവും പറഞ്ഞിരുന്നതെങ്കിലും മുഖഭാവങ്ങളിൽ യാതൊരു ലാഞ്ചനകളും ഉണ്ടായിരുന്നില്ല.
ശബ്ദമില്ലാതെ അവൾ ചിരിച്ചു.

കിടക്കയിൽ നിന്നും എഴുന്നേല്ക്കുന്നതിനിടയിൽ ഊർന്നു പോയ ടവ്വൽ അവൾ വാരിച്ചുറ്റി. അയാളുടെ നോട്ടങ്ങളിൽ അവളിലൊരു ലജ്ജയുണ്ടായി.
“കാഴ്ച്ചയിൽ നിങ്ങളിപ്പോഴും സുന്ദരി തന്നെയാണ്”. എതിരെയുള്ള കസേരയിൽ ചാഞ്ഞിരുന്ന് അയാൾ പറഞ്ഞു.

വാഷ്റൂമിന്റെ വാതിൽ കൊളുത്തു ഇടുന്നതിനിടയിൽ അവൾ തിരിഞ്ഞു നോക്കി.
ഇപ്പറഞ്ഞതിൽ ഗൂഢമായ ഒരർത്ഥമുണ്ടല്ലോ. തന്നെ മുൻപൊരിക്കൽ കണ്ടതു പോലെയാണ് ഇദ്ദേഹം സംസാരിക്കുന്നത്. ഇപ്പോഴും സുന്ദരിയാണെന്ന് പറഞ്ഞതിന്റെ പൊരുൾ അതല്ലേ? അവർ ഓർത്തു.
“നമ്മൾ തമ്മിൽ മുൻപ് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ സാറേ?” അവൾ ചോദിച്ചു.
“ഇല്ലല്ലോ” : അയാൾ മറുപടി പറഞ്ഞു.

വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് ആഷ്ട്രേയിൽ കുത്തിക്കെടുത്തി. വേറൊരെണ്ണം എടുത്ത് തീ കൊളുത്തി പുകയൂതി വിട്ട് കസേരയിൽ വീണ്ടും വന്നിരുന്നു.
“സാറ് നന്നായി പുകവലിക്കുന്നുണ്ടല്ലോ? നല്ല ടെൻഷനിലാണല്ലേ ? ” അവൾ ചുരിദാറിന്റെ ബോട്ടം ഇടുന്നതിനിടയിൽ അയാളോട് ചോദിച്ചു.

“ആരു പറഞ്ഞു എനിക്ക് ടെൻഷനുണ്ടെന്ന്. അങ്ങിനെയൊന്നുമില്ല.” അയാൾ പറഞ്ഞൊഴിഞ്ഞു.
ഡ്രസ്സിംങ് ടേബിളിനു മുന്നിൽ നിന്ന് മുടി ചീകിയൊതുക്കുകയാണെങ്കിലും മുന്നിലിരിക്കുന്ന കണ്ണാടിയിൽക്കൂടി കാണുന്ന അയാളുടെ പ്രതിബിംബത്തെ സസൂക്ഷ്മം വീഷിക്കുന്നുണ്ട് അവൾ..
“അങ്ങനെ പറഞ്ഞൊഴിയരുത്. ടെൻഷനുണ്ടെന്ന കാര്യം ഉറപ്പ്”.

“അത്‌ തനിക്കെങ്ങിനെ മനസ്സിലായി ?” അയാളുടെ ചോദ്യത്തിന് കാർക്കശ്യത്തിന്റെ ചുവയുണ്ടായിരുന്നു.
“കൊല്ലം കുറേയായില്ലേ സാറേ…. ” അവൾ പൊട്ടിച്ചിരിച്ചു.
അയാൾക്കല്പം ജാള്യത തോന്നി.
“ഒരു പുരുഷൻ അന്യ സ്ത്രീയുമായി സമയം ചിലവഴിക്കുന്നതിന് പല പലകാരണങ്ങളുണ്ട്. അതിലൊന്നാണ് ഇത്” അത്രേ ഉദ്ദേശിച്ചുള്ളൂ അവൾ വീണ്ടും ചിരിച്ചു.
കളവ് പിടിക്കപ്പെട്ടവനെപ്പോലെ അയാളിരുന്നു.
കണ്ണാടിയിൽ ഒട്ടിച്ചു വെച്ചിരുന്ന പൊട്ട് അവൾ വീണ്ടും എടുത്തണിഞ്ഞു.
“ഇപ്പോൾ എന്നെ കാണാൻ എങ്ങനെയുണ്ട് സാറെ?”

അവൾ അയാൾക്ക് അഭിമുഖമായി നിന്നുകൊണ്ട് ചോദിച്ചു.
“കൊള്ളാം. ഈ സാറെ എന്നുള്ള വിളി ഒഴിവാക്കുമെങ്കിൽ കുറച്ചു കൂടി നന്നായേനെ”.
അതും പറഞ്ഞ് അയാൾ ചിരിച്ചു.
“പിന്നെ എന്ത് വിളിക്കണം ?”
“എന്റെ പേര് വിളിക്കാം. അതെല്ലെങ്കിൽ…..”
അപൂർണ്ണമായി അയാൾ പറഞ്ഞു നിറുത്തിയത് എന്താണെന്ന് അവൾക്കു മനസ്സിലായില്ല.
അവൾക്ക് ഉൽകണ്ഠ കൂടി വന്നു. തന്നെ മുൻപരിചയമുള്ള ഒരാളായിരിക്കണം എന്ന് അവൾ ഉറച്ചു വിശ്വസിച്ചു.

“ശരിക്കുള്ള പേരെന്താണ് ?” അവൾ അയാളോട് ചോദിച്ചു.
“ഞാൻ പരിചയപ്പെട്ടപ്പോൾ പറഞ്ഞത് ഓർമ്മയില്ലേ ?ജോർജ്ജ്”.
“അതൊരു ശരിയായ പേരല്ലല്ലോ സാറേ…. ഇക്കാര്യത്തിന് വരുന്ന എല്ലാ പുരുഷമാരും കാണിക്കുന്ന ബുദ്ധി തന്നെയാണ് സാറും ചെയ്തത് ,പേര് മാറ്റി പറയുക”.
“എന്നാൽ നിങ്ങൾത്തന്നെ പറയൂ” അയാൾ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.

ചൂണ്ടുവിരൽ ചുണ്ടോട് ചേർത്ത് വെച്ചും വിരലിലെ നഖം കടിച്ചും അവൾ ആലോചിച്ചുകൊണ്ടേയിരുന്നു.
“ഞാൻ തോറ്റു”. അവൾ അയാളോടായി പറഞ്ഞു.
” ഇനിയെങ്കിലും പറയു….”
കസേരയിൽ നിന്നെഴുന്നേറ്റ് വീണ്ടും അയാളൊരു സിഗരറ്റിന് തീ കൊളുത്തി.
ഒരു കൈ കൊണ്ട് ജനൽക്കമ്പിയിൽ പിടിച്ച് പുറത്തേക് നോക്കി പുകയുതി വിട്ടു.
ഒരു കാൽ മടക്കി കട്ടിലിലും മറ്റേ കാൽ താഴേക്ക് തൂക്കിയിട്ടും അവളിരുന്നു. സിഗരറ്റിന്റെ മണം മുറിയിൽ തിങ്ങി നിറഞ്ഞു.

“ഞാനും ഒരു കഥ പറയട്ടെ” . അയാൾ അവളോട് ചോദിച്ചു
“ഇത് നമ്മുടെ ആദ്യ രാത്രിയാണോ ? അങ്ങോട്ടും ഇങ്ങോട്ടും കഥകൾ പറഞ്ഞ് …” അവൾചിരിച്ചു.
“ചിലപ്പോൾ അങ്ങിനെയുമാകാം”. അയാൾക്കും ചിരി വന്നു.
“നഷ്ടപ്പെട്ടു പോയ ഒരു പ്രണയത്തിന്റെ കഥയാണ്. കേൾക്കാൻ നിങ്ങളുടെ കഥ പോലെ അത്ര ഇമ്പമുണ്ടാകില്ല. എന്നാലും പറയാം.

കോളേജിൽ പഠിക്കുമ്പോൾ ഒരു കുട്ടിയോട് ഇഷ്ടം തോന്നി. തുറന്നു പറയുകയും ചെയ്തിരുന്നു”.
“എന്നിട്ട്? അവൾ നിരാകരിച്ചിട്ടുണ്ടാകും ല്ലേ ?” അവൾ ചിരിച്ചു കൊണ്ട് അയാളോട് ചോദിച്ചു.
അയാൾ അതിന് മറുപടിയൊന്നും പറഞ്ഞില്ല. ഒരു സിഗരറ്റ് കൂടി കത്തിച്ചു വലിച്ചു.
“ആ കാലഘട്ടം അങ്ങിനെ ആയിരുന്നു. നഷ്ടപ്പെടുന്ന പഠിപ്പ്, വീട്ടുകാരുടെ ശകാരം, നാട്ടുകാരുടെ മുന വെച്ച നോട്ടം ഇതൊക്കെ ആ കാലഘട്ടത്തിന്റെ പെൺകുട്ടികളുടെ സാമൂഹ്യമായ ബോധമായിരുന്നു. ഇതിൽ നിന്നുമൊക്കെ വിടുതൽ നേടാൻ പെൺകുട്ടികൾ പലതും വേണ്ടെന്ന് വെക്കും. ഇഷ്ടമുണ്ടായാൽ കൂടി”. അവൾ പെൺകുട്ടികളെ ന്യായീകരിച്ചു.
“ഇഷ്ടമാണെന്ന് പറഞ്ഞവനോ? അവനുമില്ലേ ഇപ്പറഞ്ഞതൊക്കെ? ” അയാൾ തിരിച്ചു ചോദിച്ചു.
“പിന്നീട് ഒരിക്കൽ പോലും കാണാതിരുന്നിട്ടും അവളെ മറക്കാൻ അയാൾക്കാവുന്നില്ല…”
മുറിയിൽ നിറയെ സിഗരറ്റിന്റെ പുക നിറഞ്ഞു. അവൾക്ക് ചുമ വന്നു.

“സോറി”. അയാൾ പറഞ്ഞു.
സിഗരറ്റ് ആഷ്ട്രേയിൽ കുത്തി. ജഗ്ഗിൽ നിന്നും ഒരു ഗ്ലാസ്സ് വെള്ളമെടുത്ത് കുടിച്ചു. കുറച്ചു വെള്ളമെടുത്ത് അവൾക്കു നേരെയും നീട്ടി. അവളത് വാങ്ങി കുടിച്ചു. അയാൾ ജനൽപ്പാളികൾ തുറന്നിട്ടു. ഈറൻ നനവുള്ള കാറ്റ് അകത്തേക്ക് വന്നു.
“ചില കാര്യങ്ങളിൽ നമ്മൾ നമ്മളെ മറക്കും. ജീവിതം മറക്കും. പക്ഷേ മനസ്സ്…..
ഇഷ്ടം തോന്നിയൊരാളെ ഒരിക്കലും മറക്കില്ല”.

“പിന്നീടെപ്പോഴെങ്കിലും അവരെ കാണണമെന്ന് തോന്നിയിട്ടുണ്ടോ ? ശ്രമിച്ചിട്ടുണ്ടോ ?” അവളുടെ ആകാംക്ഷ ആ ചോദ്യത്തിലുണ്ടായി.
“എപ്പോഴെങ്കിലുമല്ല, എല്ലായ്പ്പോഴും തോന്നാറുണ്ട്.
നമ്മൾ കണ്ടുമുട്ടുന്നതിന്റെ തൊട്ടു മുമ്പുള്ള അവസാനനിമിഷം വരെ “.
അവൻ പുഞ്ചിരിച്ചു.

കയറിൽ നിന്ന് കെട്ടഴിഞ്ഞൊരു പാട്ട ആഴമുള്ള കിണറ്റിലേക്ക് വീണപോലെയായി അവൾ. ശ്വാസമെടുക്കാനാവാതെയിരുന്നു.
നിറഞ്ഞു പോയ കൺ ദളങ്ങളെ അടച്ചു പിടിച്ച് കട്ടിലിൽ കമിഴ്ന്ന് കിടന്നു. ഏങ്ങലടിച്ചു കരഞ്ഞു.
അയാൾ കട്ടിലിൽ ചെന്നിരുന്നു. പതിയെ അവളുടെ തോളിൽ പിടിച്ചുയർത്തി.
നിറഞ്ഞു തൂവിയ കണ്ണിണകളിൽ പതിയെ ചുണ്ടമർത്തി.

അവളെ ചേർത്ത് പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു.
“എന്റെ കഥ കഴിഞ്ഞു. ഇനി നമ്മുടെ കഥ തുടങ്ങാം”.
ഒരു ചിരിയിൽ തുടങ്ങി നിറകൺചിരിയിൽ തുടരാം ……!

Marath Shaji

By ivayana