സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യു നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രാത്രി പത്ത് മണി മുതല്‍ രാവിലെ ഏഴ് മണി വരെയാണ് നിയന്ത്രണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കൊവിഡ് കേസുകള്‍ ഉയര്‍ന്ന കേരളത്തിലും മഹാരാഷ്ട്രയിലും രാത്രികാല കര്‍ഫ്യു നടപ്പാക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു.ഇതിന് പിന്നാലെയാ്ണ് സര്‍ക്കാരിന്റെ തീരുമാനം.

സംസ്ഥാനത്ത് രോഗ വ്യാപനം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ – ജനസംഖ്യാ അനുപാതം ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതോടൊപ്പം മറ്റ് സുപ്രധാന നടപടികളും കൊവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

അതില്‍ പ്രധാനപ്പെട്ട ഒന്നാണ്, അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും പ്രായം കൂടിയവര്‍ക്കും കോവിഡ് ബാധിച്ചാല്‍ അതിവേഗം ചികിത്സ ലഭ്യമാക്കാന്‍ നടപടിയെടുക്കും. അവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് ഊന്നല്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.അനുബന്ധ രോഗമുള്ളവര്‍ ആശുപത്രിയിലെത്തുന്നില്ലെങ്കില്‍ രോഗം അതിവേഗം വഷളാകാനും മരണം സംഭവിക്കാനും സാധ്യത വളരെ കൂടുതലാണ്. അത് ഒഴിവാക്കാനുള്ള എല്ലാ ഇടപെടലുമുണ്ടാകും. 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുതിര്‍ന്ന ഐ പി എസ് ഓഫീസര്‍മാരെ ജില്ലകളിലേയ്ക്ക് പ്രത്യേകമായി നിയോഗിച്ചു. ഈ ഓഫീസര്‍മാര്‍ തിങ്കളാഴ്ച ചുമതല ഏറ്റെടുക്കും. എല്ലാ ജില്ലകളിലും അഡീഷണല്‍ എസ്.പിമാര്‍ കോവിഡ് നിയന്ത്രണങ്ങളുടെ ജില്ലാതല നോഡല്‍ ഓഫീസര്‍മാരായിരിക്കും.

By ivayana