ജയന്തി അരുൺ✒️

നാലാമത്തെ
സിസേറിയനിലേക്ക്
ബോധം മറയുമ്പോൾ
മൂന്നുകുഞ്ഞുങ്ങളുടെയും
ആദ്യത്തെ കരച്ചിൽ
ഓർത്തെടുക്കാനവൾ
ശ്രമിച്ചുകൊണ്ടേയിരുന്നു.
അകത്തളത്തിൽ പാറുന്ന
മൂന്നുപെൺമാലാഖമാർ.
മൂന്നാമത്തെയൂഴം കഴിഞ്ഞു
കൂനാതെ നടക്കാൻ ശ്രമിച്ച്,
വേദനകൊണ്ടു പുളഞ്ഞ്,
ഇനിയുമൊരു സിസേറിയൻ
ശരീരം താങ്ങില്ലെന്നു
കേൾക്കാൻ കൊതിച്ച്
ചെവികൾ രണ്ടും
ഡോക്ടറുടെ ചുണ്ടിലേക്ക്
വട്ടം പിടിച്ചു കിതച്ചു.
പച്ചമാംസത്തിൽ
സൂചികൊരുത്തപോലെ,
തുന്നിയ വയറിന്റെ
വേദന കടിച്ചിറക്കുമ്പോൾ
മരവിച്ച നിശ്ശബ്ദത
പൊതിഞ്ഞ മുറിയിൽ
നാലാമത്തെ
സിസേറിയനുമവളെ
തൊണ്ടകീറി
വിളിക്കുമെന്നവൾ
വയർപൊത്തി
മുഖമൊളിച്ചു.
നാലാമത്തെ
സിസേറിയനിലേക്കിന്ന്
ബോധം മറയുമ്പോൾ
ഇക്കുറിയൊരാൺമാലാഖ
തൊണ്ടകീറിയില്ലെങ്കിൽ
ഉണർവെന്തിനെന്നവൾ
മൂന്നു പെൺമാലാഖമാരെ
മനസ്സിലേക്കടക്കം ചെയ്തു.
ഉയിർക്കുമോ എന്തോ?

ജയന്തി അരുൺ

By ivayana