സജി.വി. ദേവ് 🌼
ഓരോ മതിലിലും
ചേർത്തു വെയ്ക്കപ്പെട്ട
ചുടുകട്ട പോലെ
ഓരോ പെണ്ണും
മതിലുകൾ തീർത്തിട്ടുമെന്തേ
നാം ഒരു വാതിൽ കൊണ്ടവരെ
പൂട്ടിയിടുന്നത്.
പുഴയായ് ഒഴുകി
കടലിന്നഗാധമാം
ശാന്തതയിൽ
സ്വപ്നം കണ്ടുറങ്ങാൻ
കൊതിച്ചവളെ
അണകെട്ടിയെന്തിനാ
അടച്ചിടുന്നത്.
സൂര്യനെ കണ്ട് കുളിച്ച്
പാചകശാലയിലെ
പരീക്ഷണവസ്തുവാകാൻ
ശാഠ്യം പിടിച്ചവർ അറിയുന്നോ
നിലാവെളിച്ചം കണ്ടാണവൾ
നീരാടിയതെന്ന് .
സ്വപ്നങ്ങൾ നെയ്ത
തൊഴിൽശാലകളിലെ
നിലയ്ക്കാത്ത
യന്ത്രമായിട്ടും ചങ്ങലക്കിട്ട്
ആകാശം നിഷേധിക്കുന്നതെന്തിനാ.
പൂക്കളെ പ്രണയിച്ചവളെ
അടുക്കള ചുമരിൽ
പതിച്ചൊരു നിശാശലഭമാക്കി
തനിച്ചൊരു യാത്ര കൊതിച്ചവളെ
വാക്കിന്റെ ചങ്ങലയിൽ
കൊരുത്തതുമെന്തിന് നാം.
കടലോളം സ്നേഹം
കൊതിച്ചവളെ പറഞ്ഞ് പറ്റിച്ച്
തിരകണ്ട് മടക്കി വിടുന്നതെന്തിനാ.
കെട്ടുകളെല്ലാം കെട്ടിയിട്ട് വേണം
സ്ത്രീ സ്വാതന്ത്രത്തെപ്പറ്റി
കവലപ്രസംഗം നടത്തിയവളെ
സ്വന്തമാക്കുവാൻ.