സിന്ധു ശ്യാം*
ഗുരുവായൂരപ്പാ എന്നോടെപ്പൊഴും കാണണേ… എന്ന പ്രാർത്ഥന പാതി വഴിയിൽ എത്തിയപ്പോഴാണ് ബുദ്ധി ഒന്ന് മിന്നിത്തെളിഞ്ഞത്. “ശ്ശൊ… എപ്പഴും എന്ന് ഒരു ഗുമ്മിന് പറഞ്ഞെങ്കിലും അത്രയ്ക്കങ്ങട് വേണ്ട കേട്ടാ, അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം എന്റെ കൂടെ കാണണം കേട്ടോ ” എന്ന് തിരുത്തി പ്രാർത്ഥിച്ചു. പണ്ട് ചേല നല്ല ചേലായി കട്ട പയ്യനാണ്, ഇനീപ്പോ എന്റെ കൊച്ച് വിളിച്ചതല്ലേ എന്ന് നിനച്ച് കണ്ണനെങ്ങാനും 24 x 365 എന്ന കണക്കിന് എന്റെ കൂടെ വന്നാൽ പണി പാളി.
അപ്പോ ഒരശരീരി . ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. പിന്നിൽ മ്മടെ കൃഷ്ണൻ വന്ന് നിന്ന് പറയുവാണ്.. (അതും വെറും കാഷുവലായി , ഒരു സെലിബ്രറ്റി ജാഢയുമില്ലാതെ )
“എടീ, കൊച്ചേ പണ്ട് ഉലുവേം അലുവേം പോലും തമ്മിൽ തിരിച്ചരിഞ്ഞൂടാത്ത പ്രായത്തിൽ, നാല്പത് കവിഞ്ഞ പെണ്ണുങ്ങൾ ടെ ചേല വാരി ഞാൻ മാറ്റിയിട്ടു. എന്നത് സത്യം തന്നെ.
പക്ഷേങ്കി കുളം കലക്കുന്ന കളറ് പോണ തുണി അന്ന് വാരി മാറ്റിയിട്ടില്ലേരുന്നേൽ കാളിന്ദി …പിന്നെ നീലിന്ദിയോ മഞ്ഞിന്ദിയോ ഒക്കെ ആയേനെ.
ഞാനൊരു സാമൂഹിക സേവനം മാത്രേ ഉദ്ദേശിച്ചുള്ളൂ , അയിനാണ് … നീയൊക്കെ ന്നെ ആഭാസനാക്കിയത്… ന്നും പറഞ്ഞ് കണ്ണൻ നീരസത്തോടെ മുഖം തിരിഞ്ഞു.
“ശ്ശൊ, പോട്ടെ , വിടളിയാ… ന്നും പറഞ്ഞ് ഞാൻ സമാധാനപ്പെടുത്താൻ നോക്കിയെങ്കിലും ചെക്കൻ വീർത്ത മുഖത്തോടെ തിരിഞ്ഞിരുന്നു.
ഞാൻ പിന്നേം എന്തോ പറയാൻ വെമ്പിയെങ്കിലും ചെമ്പുകലം അടിക്കും പോലെ ഒരു ദീർഘ നിശ്വാസം വിട്ടിട്ട് ഗദ്ഗദത്തോടെ എന്നെ നോക്കി കണ്ണൻ തുടർന്നു.
“അതേ… അന്ന് ചേല കട്ട ഞാനാ പിന്നെ പാഞ്ചാലിക്ക് സാരി കൊടുത്ത് മാനം രക്ഷിച്ചത്. അതെന്താ നീയൊക്കെ മറക്കുന്നേ ! ഇനിയെങ്ങാൻ നീ ചേലക്കള്ളാ ന്ന് വിളിച്ചാ കൊച്ചേ നിന്റെ അണ്ണാക്കിൽ ഓടക്കുഴലിട്ട് കുത്തും ഞാൻ .. ങാഹാ.” ന്ന് പറഞ്ഞ് എണ്ണിറ്റ കണ്ണൻ “തള്ളേ കലിപ്പ് തീരണില്ലല് “ന്നും പറഞ്ഞ് ഓടക്കുഴലെടുത്ത് വെറുതെ ഫൂ… ഫൂ… എന്ന് രണ്ടുതി.
ഞാൻ സുല്ലിട്ടു, സമാധാന സന്ധിയുമായി മുതുകത്ത് തട്ടി ശ്രദ്ധ തിരിക്കാൻ ശ്രമിക്കവേ…
ദേ… പിന്നേം.. കണ്ണൻ തുടർന്നു.
“അതേ… ഞാനേ കുഞ്ഞായിരുന്നപ്പോ ഇല്ലോളം വെണ്ണ കട്ടുന്ന് പറഞ്ഞ് എന്തായിരുന്നു ബഹളം ,പാട്ടുവരെ ഉണ്ടാക്കിക്കളഞ്ഞില്ലേ… ശ്ശൊ, ചിലപ്പോ നീ എന്റെ ശ്രീകോവിലിൽ വന്ന് നിന്ന് വെണ്ണ കട്ടുണ്ട കണ്ണാ എന്നിങ്ങനെ പാടുമ്പോ ശരിക്കും നീയെന്നെ അപമാനിക്കുവാന്നോ , അതോ സ്തുതിക്കുവാന്നോ ന്ന് ഒരു ഡൗട്ടാടേ .. സീരിയസ്ലി…
അല്ലേപ്പിന്നെ എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലേ ഒരു കലം വെണ്ണയിൽ നിന്ന് ഒരു കുമ്പിൾ വെണ്ണ, അതും വയറു വിശന്ന് എരിപൊരി കൊണ്ട്പോ എടുത്തേന് … ഇങ്ങനെ കഥയുണ്ടാക്കണോ?! ങാ …എന്നെ പിന്നേം കള്ളനാക്കി എന്നു പറഞ്ഞാ മതിയല്ലോ.
തുടർന്ന് ഹാ… എന്ന ഗദ്ഗദത്തോടെ കാലു നക്കാൻ വന്ന കണ്ടൻപൂച്ചയെ ” പോ.. പുച്ചേ .. ഇനി നീ എന്റെ കാലേക്കടിച്ചിട്ട് ആന്റി റാബിസ് കുത്തി വയ്ക്കാൻ വയ്യാഞ്ഞിട്ടാ ന്നു “
പറഞ്ഞ് തട്ടി മാറ്റി തല ചൊറിഞ്ഞു , പിന്നെ തലയിലെ മകുടത്തിലെ മയിൽ പീലി എനിക്കു നേരെ നീട്ടി..
അത് മേടിച്ച് ഞാൻ സന്തോഷത്തോടെ, ആനന്ദാശ്രു പൊഴിച്ച് പീലി നെഞ്ചിൽ ചേർത്ത് ചിരിച്ചു.
അര നിമിഷം കഴിഞ്ഞ് ” “ഇങ്ങോട്ടെട് പെണ്ണേ എന്റെ പീലി, മകുടം ശരിക്കാൻ വേണ്ടി ഊരിയതാ,
(തുടർന്ന് എന്റെ നിറഞ്ഞ കണ്ണുകൾ നോക്കി )
ങേ … ദാണ്ടത് നെഞ്ചത്ത് വച്ച് മാക്കുമാക്കാ കരയുന്നോ ?”ന്ന് കൗതുകത്തോടെ ചോദിച്ചു.
ഞാൻ പറഞ്ഞു.
” ഭക്തിയാ… കണ്ണാ…. ഭക്തി…. : ഞാൻ തേങ്ങി..
അതിന് മറുപടിയായി മേലേപ്പറമ്പ് ആൺവീട്ട് സിനിമയിൽ മീനച്ചേച്ചി പറയും പോലെ
“തലക്ക് സുഖമില്ലെങ്കിലേ വല്ല പ്രാന്താശു ത്രീലും പൊക്കോണം , വല്ലോന്റെം മുതലെടുത്ത് നെഞ്ഞേ ചേർത്ത് നെലവിളിച്ചിട്ട് , ഹല്ല പിന്നെ ഭക്തി യത്രേ ” ന്നും പറഞ്ഞ് എന്റെ കയ്യിൽ നിന്ന് മയിൽപ്പീലി വേടിക്കുവാനാഞ്ഞെങ്കിലും.. ങും എന്നൊന്ന് മൂളി ഇടപ്പിൽ നിന്നും മറ്റൊരു പീലിയെടുത്ത് തലയിൽ വച്ചു.
“
ശരി… ഞാൻ നിർത്തി
ജന്മദിനാശംസകൾ പറയാനാ വന്നത്.. ന്നും പറഞ്ഞ് ഞാനൊന്നൂടെ
ഹാപ്പി ബർത്ത്ഡേ പറഞ്ഞു..
ഓ… താങ്ക് യൂ .. പായസമൊന്നുമില്ലേ … എന്നെ നോക്കി ചിരിച്ചു കൊണ്ട് കണ്ണൻ ചോദിച്ചു.
വെണ്ണയുണ്ട് എടുക്കട്ടേ ന്ന് ചോദിച്ചപ്പോ, വയറിൽ തടവി ഹയ്യോ… വേണ്ടായേ…ന്ന് പറഞ്ഞ് പെട്ടെന്ന് പൊട്ടിച്ചിരിച്ചു.. തൽക്ഷണം
എങ്ങു നിന്നോ മഞ്ഞാടി മണികൾ വാരിയെറിഞ്ഞ പോലെ … ഓടിയകലുന്ന
ചിലമ്പൊലിയൊച്ച …
ഞാൻ ഞെട്ടിയുണർന്നു…
സമയം നാലരയാകുന്നു..