രചന : ഗീത മന്ദസ്മിത✍
ഒരുമയിൽപ്പീലിയെൻ മനസ്സിനുള്ളിൽ
ഒരുപാടു നാളായൊളിച്ചിരിപ്പൂ
കണ്ടതില്ലാരുമതിൻ നീലവർണ്ണം
അറിഞ്ഞില്ലതിൻ മൃദുസ്പർശമാരും
ചൊല്ലിയില്ലാരോടുമിതു വരേക്കും
ആ മയിൽപ്പീലിതൻ കഥയൊന്നുമേ
നിനക്കാത്ത നേരത്തൊരുനാളിലെന്നോ
പറന്നെത്തിയെന്നോടു ചേർന്നിരുന്നു
നീലക്കാർവർണ്ണനെനിക്കായി നൽകി
നീലാഞ്ജനം തോൽക്കും ഈ വർണ്ണരാജി
നീരദം വാനിലണയുന്ന നേരം
നേരാണിവളങ്ങു നൃത്തം തുടങ്ങും
മയിലല്ല, മയിലിന്റെ പീലിയെന്നാലും
മനതാരിലവൾ നൃത്തമാടിടുന്നിന്നും
ഒരുനാളിലോതാം നിനക്കായി ഞാനും
ഈ മയിൽപ്പീലിതൻ സന്ദേശകാവ്യം
അതുവരേയീപ്പീലി എന്നുള്ളിലായി
ഭദ്രമായ് ഞാനങ്ങു കാത്തുവെച്ചീടാം
സൂര്യചന്ദ്രന്മാരണയാത്ത നാളിൽ
ആരാരുമറിയാതെ നൽകാം നിനക്കായ്