സുദർശൻ കാർത്തികപ്പറമ്പിൽ*

പൊൻ മുരളീരവമല്ലോ,കേൾപ്പൂ,
എൻ ഹൃദയത്തിൻ വൃന്ദാവനിയിൽ!
നീലോൽപലദലനേത്രൻ കൃഷ്ണൻ,
ചാലേ കളിയാടുന്നവിടത്തിൽ!
ആ മണിമഞ്ജുളഗാനംകേട്ടുൾ-
കാമനയൊന്നായ് മായുകയല്ലീ!
ആ വിധുമോഹന നൃത്തംകണ്ടെൻ,
ഭാവന പൂവിട്ടെത്തുകയല്ലീ!
നീരദനീലിമയോലും പൂമെയ്
ഓരുന്നകമിഴിയാൽ ഞാനേവം
ആരുണ്ടറിവൂ,കൃഷ്ണാ നിൻപൊരുൾ
പാരിലപാരസ്‌മൃതികൾ തൂകി!
ജ്ഞാനത്തേൻകനിയായെൻ മനസ്സിൽ,
സ്നാനം ചെയ്യുമനശ്വരരൂപൻ
സ്നേഹത്തിൻ സുഖശ്രുതികൾ മീട്ടി,
ദേഹിക്കാനന്ദക്കുളിർ ചൊരിവൂ!
നീയാകുന്നനുരാഗപ്പൂമഴ,
നീയാകുന്നനുഗാനത്തേന്മഴ!
നീയൊന്നല്ലി,സമസ്തവുമോമൽ-
കായാമ്പൂവഴകെഴുമെൻ കൃഷ്ണാ!
നിർമ്മമചിന്താ തൽപ്പമൊരുക്കി,
ധർമ്മത്തിൻ ശംഖൊലികൾ മുഴക്കി,
നിർവാണപ്പൂഞ്ചിറകുവിരുത്തി,
നിർദ്വൈതാമല കേശവനെത്തേ,
പൊൻ മുരളീരവമല്ലോകേൾപ്പൂ,
എൻ ഹൃദയത്തിൻ വൃന്ദാവനിയിൽ!
നന്മകൾ തന്നണിവാകപ്പൂവായ്,
ജന്മമുണർന്നുരുവാർന്നൂ,മുഗ്‌ധം!

By ivayana