ശിവൻ മണ്ണയം*

ഒരു കുഞ്ഞിന് ജന്മംനൽകാൻ കഴിയാത്ത ഭാഗ്യഹീനയായി, പരിഹാസങ്ങളുടെയും, കുത്തുവാക്കുകളുടെയും നടുക്ക് ,ജീവിതം ജീവിച്ച് തീർക്കാൻ തുടങ്ങിയിട്ട് ഇത് പത്താംവർഷം!
ഞാനിപ്പോ നഗരത്തിലെ പ്രശസ്തമായ ഒരു ഫെർട്ടിലിറ്റി ക്ലിനിക്കിലാണ്.ഉറ്റസുഹൃത്തായ സാന്ദ്രയുടെ നിർബന്ധ പ്രകാരമാണ് ഞാനിവിടെ വന്നത്. ഡോക്ടർമാരെ കണ്ട് കണ്ട് മടുത്ത് എല്ലാംവസാനിപ്പിച്ചതാണ്. പക്ഷേ ഇവിടത്തെ ഡോക്ടർ പ്രഗത്ഭനാണത്രേ.. എൻ്റെ ജീവിതത്തിലേക്ക് പ്രകാശം കൊണ്ടുവരാൻ ഈ ഡോക്ടർക്കു കഴിയുമെന്ന് സാന്ദ്ര ഉറച്ചു വിശ്വസിക്കുന്നു. അവളുടെ വിശ്വാസം എന്നെ രക്ഷിക്കട്ടെ!

ഹോസ്പിറ്റലിൽ എന്നെപ്പോലെ കുറച്ച് സ്ത്രീകളെ കണ്ടു, ഒരമ്മയാകാനുള്ള അതിയായ ആഗ്രവും പേറി നടക്കുന്നവർ, ഒരുപാട് ആശുപത്രികൾ കയറിയിറങ്ങിയ ശേഷം ഒരവസാന അഭയകേന്ദ്രമെന്നോണം ഇങ്ങോട്ടേക്ക് ഓടി വന്നവർ. 22വയസുള്ള ഒരു പെൺകുട്ടിയെയും 50 വയസുള്ള മദ്ധ്യവയസ്കയെയും അവരുടെ കൂട്ടത്തിൽ ഞാൻ കണ്ടു. നാട്ടുകാരുടെയും ബന്ധുക്കളുടെയും കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും വർഷങ്ങളായി ഏറ്റുവാങ്ങുന്നത് കൊണ്ടാകാം ആ മുഖങ്ങളിൽ നിർവികാരതയും ഒരുതരം മരവിപ്പുമാണ് ഞാൻ കണ്ടത്.

പക്ഷേ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരു തരിവെട്ടം ബാക്കിയുണ്ടായിരുന്നു. അവരിൽ ഞാൻ എന്നെ തന്നെ ദർശിച്ചപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി. അപ്പോൾ സാന്ദ്ര അമ്പരപ്പോടെ ചോദിച്ചു:
ങേ… എന്താ മേഘേ… എന്തിനാ കരയുന്നത് …?
കണ്ണ് തുടച്ചു കൊണ്ട് ഒരു കള്ളം പറഞ്ഞു: കരഞ്ഞതല്ല സാന്ദ്രേ… കണ്ണിലൊരു പൊടി വീണതാ..
അതവൾക്ക് വിശ്വാസമായില്ല: നീ കാര്യം പറ മേഘേ..

ഡോക്ടറെ കാണാൻ ഇവിടെ കാത്തിരിക്കുന്ന സ്ത്രീകളെ കണ്ടപ്പോ, അവരുടെ മുഖത്തെ നിരാശയും നിർവികാരതയും കണ്ടപ്പോ… ജീവിതത്തിൽ എത്രമാത്രം സങ്കടം അവർ അനുഭവിച്ചിരിക്കണം, എത്രമാത്രം അവർ കരഞ്ഞിരിക്കണം… ആത്മഹത്യയെ കുറിച്ചു പോലും അവർ ചിന്തിച്ചിരിക്കണം… മനസമാധാനത്തോടെ ഒരു രാത്രിയെങ്കിലും ഉറങ്ങാൻ അവർക്ക് സാധിച്ചിരിക്കുമോ… അവരിൽ ഞാൻ എന്നെ തന്നെയാണ് കണ്ടത്.. അവരുടെ മുഖത്ത് ഖനീഭവിച്ചു കിടന്നത് എന്റെ സങ്കടങ്ങൾ തന്നെയാണ്.. പെട്ടെന്ന് അതൊന്ന് അറിയാതെ പെയ്തു പോയി .. ഞാൻ വിതുമ്പി.

ഇങ്ങനെ മേഘയെ ഞാൻ കണ്ടിട്ടേയില്ല. മേഘ കരയുന്നത് കാണാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അതെനിക്ക് സഹിക്കില്ല..
കളിച്ച് ചിരിച്ച് തമാശകൾ പറഞ്ഞു നടക്കുന്ന മേഘ, ആ മേഘയേ എല്ലാവരും കണ്ടിട്ടുള്ളൂ … ആ മേഘയേ എല്ലാവർക്കും അറിയൂ.. പക്ഷേ എന്റെ ഉള്ളിന്റെയുള്ളിൽ മറ്റൊരു മേഘയുണ്ട്.. ഏകാന്തതകളിൽ ഒറ്റക്കിരുന്ന് കരയുന്ന മേഘ… താരാട്ടുപാട്ടുകൾ കേൾക്കുമ്പോൾ ഹൃദയം നീറി നീറി പുകയുന്ന മേഘ… വാങ്ങിക്കൂട്ടിയ കുഞ്ഞുടുപ്പുകളെ കെട്ടിപ്പിടിച്ച് കിടന്ന് അവയെ കണ്ണീര് കൊണ്ട് നനക്കുന്ന മേഘ…

നിന്റെ സങ്കടങ്ങൾ എന്നോട് ഷെയർ ചെയ്യാമായിരുന്നു … സാന്ദ്ര കുറ്റപ്പെടുത്തി.
എന്തിന് നിന്നെക്കൂടി ..
അതല്ല മേഘേ… ഷെയർ ചെയ്താൽ സങ്കടം പകുതി കണ്ട് കുറയും. എല്ലാം ശരിയാകും മേഘേ .ഈ ഹോസ്പിറ്റലിലേക്ക് നിന്നെ കൊണ്ട് വന്നത് ഞാനല്ല, ദൈവമാണ്.ഒരു വർഷത്തിനകം നിന്റെ മടിയിൽ ഒരു കുഞ്ഞുവാവ കിടന്ന് ചിരിക്കും.. നീ നോക്കിക്കോ..
എത്ര ഡോക്ടർമാരെ കണ്ടതാ …

നീ കണ്ട ഡോക്ടർമാരല്ല ഇവിടെ, ഇത് വേറെ ലെവൽ.ഒരു പോസിറ്റീവ് റിസൾട്ട് നിനക്കിവർ തരും.
അവളുടെ വാക്കുകൾ കേൾക്കുമ്പോൾ, എന്നിലേക്ക് ഒരു പുതിയ പ്രതീക്ഷയുടെ കുളിര് പടരുന്നത് പോലെ …
സാന്ദ്ര തുടർന്നു:സങ്കടങ്ങളോട് പോടാ പോ.. എന്ന് പറഞ്ഞിട്ട് ഒന്ന് ചിരിക്ക് മേഘേ .. അല്ലാ, എന്താ മനു ഹോസ്പിറ്റലിലേക്ക് വരാഞ്ഞത്?

അത്… മനുവിന്റെ ഓഫീസ് ഒത്തിരി ദൂരെയല്ലേ.. വരുമെന്ന് പറഞ്ഞതാ..ലേറ്റായി പോയി കാണും…
അങ്ങനെ സാന്ദ്രയോട് പറഞ്ഞെങ്കിലും മനു വരില്ലെന്ന് എനിക്കറിയാമായിരുന്നു. ഹോസ്പിറ്റലിലേക്ക് പോകുന്ന വിവരം ഞാനവനോട് പറഞ്ഞിരുന്നില്ലല്ലോ. ആശുപത്രികൾ കയറിയിറങ്ങി അവൻ ശരിക്കും മടുത്തിരുന്നു. ഒരു ദിവസം ,ഏതോ ഒരു ഡോക്ടറെ കണ്ടു മടങ്ങി വന്ന ശേഷം അവൻ പറഞ്ഞു:

ശരിക്കും മടുത്തു , എത്ര വർഷമായി ഈ അലച്ചില് തുടങ്ങിയിട്ട് … ഇനി വയ്യ..
മനുവിന് ഒരു കുഞ്ഞ് വേണ്ടേ..? ഞാൻ ചോദിച്ചു.
വേണ്ടെന്ന് ആരു പറഞ്ഞു. എനിക്കിനി ആശുപത്രി കയറി നടക്കാൻ വയ്യ.. ദൈവം തരുന്നെങ്കിൽ തരട്ടെ..
ഡോക്ടറെ കാണാതെങ്ങനാ?നമ്മളെ പോലുള്ളവർക്ക് ഡോക്ടർമാരല്ലേ ദൈവങ്ങൾ?
അവൻ പെട്ടെന്ന് പറഞ്ഞു:ഡോക്ടറെ കാണാൻ ഇനി നീ പോയാൽ മതി. ഞാൻ വരുന്നില്ല, നിനക്കല്ലേ കുഴപ്പം…

നിനക്കല്ലേ കുഴപ്പം… ആ വാക്കുകൾ കേട്ടപ്പോൾ ഞാനാകെ തകർന്നു പോയി.
അതുവരെ അടക്കി വച്ചിരുന്ന സങ്കടങ്ങൾ ഒരു നിലവിളിയായി പുറത്തേക്ക് ചാടി.
മനുവിൻ്റെ വായിൽ നിന്ന് അങ്ങനെയൊരു വാക്ക് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല … നിനക്കല്ലേ കുഴപ്പം… ആരും തകർന്നു പോകും… എത്ര ശ്രമിച്ചിട്ടും, എത്ര അടക്കിപ്പിടിച്ചിട്ടും കരഞ്ഞുപോയി…..
പറഞ്ഞ വാക്കുകളെ ഓർത്ത് മനുവിന് കുറ്റബോധം തോന്നിയിരിക്കണം.അവൻ വന്ന് എന്നെ ചേർത്തു പിടിച്ചു.

ഞാൻ കുതറി:എന്നെ തൊടണ്ട … ഞാൻ കഴിവില്ലാത്തവളല്ലേ … ഒരു കുഞ്ഞിനെ പ്രസവിക്കാൻ … മനു എന്നെ ഡിവോഴ്സ് ചെയ്തോളൂ …
എന്തൊക്കെയാ മേഘാ നീയീ പറയുന്നത് … ഞാൻ അറിയാതെ എന്തോ പറഞ്ഞു പോയി… അതിനാണോ നീ…
അറിയാതെ പറഞ്ഞതല്ല … ഉള്ളിൽ കിടന്നത് പുറത്ത് ചാടിയതാ…
ഇങ്ങനെ എഴുതാപ്പുറം വായിക്കരുത്. എന്റെ വായിൽ നിന്ന് ഒരബദ്ധം വീണു പോയി. അതിന് ഞാൻ കാലുപിടിച്ച് മാപ്പ് പറഞ്ഞേക്കാം..

ഹൃദയത്തിൽ കുത്തിനോവിച്ചിട്ട്… അതിന്റെ വേദന മാപ്പ് പറഞ്ഞാൽ മാറുമോ?
നിനക്ക് ഡിവോഴ്സ് വേണം അല്ലേ.. എങ്കിൽ കേട്ടോ ,നിന്നെ ഞാൻ കെട്ടിയ തേ ഡിവോഴ്സ് ചെയ്യാൻ വേണ്ടിയല്ല… നിന്റെ കഴുത്തിലെ താലിയറണമെങ്കിൽ ഈ മനു ചാകണം…
മനുവിന്റെ ആ വാക്കുകൾ കേട്ടപ്പോൾ മനസിലെ ദേഷ്യമെല്ലാം ആറിത്തണുത്തു.കുട്ടികളില്ലാത്തതിൽ എന്നേപ്പോലെ വേദന അവനു മുണ്ടായിരുന്നല്ലോ.
ഞാൻ പറഞ്ഞു:കുറ്റപ്പെടുത്തലുകൾ കേട്ടു മടുത്തു മനൂ.. മനുവിന്റെ ഭാഗത്ത് നിന്ന് കൂടി അത് കേട്ടപ്പോൾ…. സഹിക്കാൻ പറ്റിയില്ല…

കുറ്റപ്പെടുത്തിയതല്ല മേഘേ… ആശുപത്രികൾ കേറി മടുത്തതിന്റെ നിരാശയിൽ അങ്ങനെ അറിയാതെ പറഞ്ഞു പോയി. ഒരായിരം മാപ്പ്.
മനുവിനോട് ഞാൻ ക്ഷമിച്ചെങ്കിലും പിന്നെയൊരു ഡോക്ടറെയും കാണാൻ ഞാൻ പോയില്ല. മനു ഒരു പാട് തവണ നിർബന്ധിച്ചു. പോകാൻ തോന്നിയില്ല. ദൈവവിശ്വാസവും അവസാനിപ്പിച്ചു.പിന്നെയിതു വരെ ഒരമ്പലത്തിലും പോയിട്ടില്ല. “നിന്റെ കുഴപ്പമാണ്… “മനുവിന്റെ അമ്മയും ബന്ധുക്കളും പലതവണ പറഞ്ഞ് വേദനിപ്പിച്ച് രസിച്ച കുത്തുവാക്ക്! അത് മനസിൽ കിടന്ന് പൊള്ളിച്ചുകൊണ്ടേയിരുന്നു. പക്ഷേ അതെല്ലാം മറന്ന് കളിയും ചിരിയുമായി ഓടിനടന്നു. മനുവും അങ്ങനെ തന്നെ.

അവനും വല്ലാത്ത സങ്കടമുണ്ടായിരുന്നു.എന്താ കുഞ്ഞുങ്ങളാകാത്തത്, എന്ന സുഹൃത്തുക്കളുടെ ചോദ്യത്തിന് മുന്നിൽ അവൻ പതറിപ്പോകുന്നത് പലതവണ കണ്ടിട്ടുണ്ട്.ഒരു ദിവസം അവൻ പറഞ്ഞു:
നീ എന്റെ മോള് .. ഞാൻ നിന്റെ മോൻ… നമുക്കെന്തിനാ ഇനി വേറൊരു കുഞ്ഞ്..?
അത് പറയുമ്പോഴും അവന്റെ മുഖത്ത് ഒരു സങ്കടം ഞാൻ കണ്ടു.
മേഘ, നീയാ സ്ത്രീയെ കണ്ടോ?
സാന്ദ്രയുടെ വാക്കുകൾ എന്നെ ഓർമ്മകളിൽ നിന്നുണർത്തി.ഡോക്ടറെ കാണാൻ കാത്തിരിക്കുന്ന മധ്യവയസ്കയെ ചൂണ്ടിയാണ് സാന്ദ്രയത് പറഞ്ഞത്.
ആ കണ്ടു… ഞാൻ പറഞ്ഞു.

അവർക്കേ 55 വയസായി.എത്രയോ വർഷമായി അവർ ഹോസ്പിറ്റലുകൾ കയറിയിറങ്ങുകയായിരിക്കും ഒരു കുഞ്ഞിനു വേണ്ടി… ഈ വയസിലും അവർ പ്രതീക്ഷ കൈവിട്ടിട്ടില്ല. പ്രതീക്ഷകൾ… അതാണ് ജീവിതത്തെ ചൈതന്യമുള്ളതാക്കി തീർക്കുന്നത് … അതിന്റെ വെളിച്ചമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. പ്രതീക്ഷകൾ നഷ്ടപ്പെടുന്നിടത്ത് വച്ച് നമ്മൾ ഇല്ലാതാകുന്നു.പിന്നെ ജീവിക്കുന്ന ശവമായി അങ്ങനെ … പ്രതീക്ഷകളെ കൈവിടരുത് മേഘേ…

തുടർച്ചയായി തിരിച്ചടികൾ നേരിടുമ്പോൾ പ്രതീക്ഷകൾ മുരടിച്ചു പോകും സാന്ദ്രേ… നിനക്കറിയാമോ മനുവിന്റെ വീട്ടിലേക്ക് ഞാൻ പോയിട്ട് നാലു വർഷത്തോളമായി…
അതെനിക്കറിയാം..പക്ഷേ അതിന്റെ കാരണം നീയിതുവരെ പറഞ്ഞിട്ടില്ല ..
ഒരു പെണ്ണിനും സഹിക്കാൻ പറ്റാത്ത അനുഭവങ്ങൾ എനിക്കവിടെ നിന്നുണ്ടായി… അതിനെ കുറിച്ച് ഞാൻ പറയാം … ഞാൻ പറഞ്ഞു തുടങ്ങി:കല്യാണം കഴിഞ്ഞ ആദ്യവർഷങ്ങളിൽ മനുവിന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊക്കെ എന്നോട് വല്യ സ്നേഹമായിരുന്നു. പക്ഷേ ഒരു വർഷം കഴിഞ്ഞിട്ടും വിശേഷമൊന്നും ആകാതിരുന്നപ്പോൾ അവർ അസ്വസ്ഥരാകാൻ തുടങ്ങി. പതിയെ പതിയെ അവർ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. ഞാനും മനുവും ആദ്യ ഘട്ടത്തിലൊക്കെ ചോദ്യങ്ങളെ ചിരിച്ചു കൊണ്ടാണ് നേരിട്ടത്. പക്ഷേ വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ചോദ്യം ചെയ്യൽ തുടർന്നുകൊണ്ടിരുന്നപ്പോൾ ഞങ്ങളും അസ്വസ്ഥരായി .. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും.. ഹൊ!

ഈ മലയാളികൾ സാഡിസ്റ്റുകളാണ് .. സാന്ദ്ര പറഞ്ഞു: മറ്റുള്ളവരെ കുത്തിനോവിച്ചുകൊണ്ടിരിക്കുന്നത് അവർക്കൊരു രസമാണ്.. വേദനിപ്പിക്കുന്ന ചോദ്യങ്ങൾ അവർ ആവർത്തിച്ച് ചോദിച്ചു കൊണ്ടേയിരിക്കും.. എന്നിട്ട് സഹതാപം അഭിനയിച്ച് ഉള്ളിൽ ചിരിക്കും.. വകതിരിവ് കെട്ടവർഗ്ഗം …
ഞാൻ തുടർന്നു:ഒരു ദിവസം മനുവിന്റെ വീട്ടിൽ ഒരു പൂജ നടക്കുകയായിരുന്നു. ഞാനും മനുവും അവിടേക്ക് നേരത്തെ ചെന്നു. എന്നെ കണ്ടതും മനുവിന്റെ അമ്മയുടെ മുഖം ഇരുണ്ടു. അവർ പറഞ്ഞു ,എല്ലാവരും കേൾക്കെ, ഒരു പൂജ നടക്കുകയാണ് മനൂ.. ഇവിടെ മച്ചിപ്പെണ്ണുങ്ങൾ നിന്നാൽ ശരിയാവില്ല … പൂജക്ക് ഫലം കിട്ടില്ല. നീയീ അശ്രീകരത്തെ പറഞ്ഞയക്ക് എന്ന് …
അവർ ഒരു സ്ത്രീ തന്നെയാണോ? കഷ്ടം! സാന്ദ്രക്ക് ദേഷ്യം വന്നു.

അപമാനവും സങ്കടവും കൊണ്ട് ഞാൻ നിന്ന് ഉരുകിപ്പോയി … ഭൂമി പിളർന്ന് താഴേക്ക് പോയെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി. അന്ന് ഇറങ്ങിയതാണ് ആ വീടിന്റെ പടി.പിന്നെയിതു വരെ അത് ചവുട്ടിയിട്ടില്ല …
ദാ നിന്റെ പേര് വിളിച്ചു .കണ്ണീര് തുടക്ക് മേഘ.. ഇനി നിനക്ക് കരയേണ്ടി വരില്ല. ഈ ക്ലിനിക്കിൽ വന്ന എൻ്റെ ഒരു നാട്ടുകാരി.. ഇരുപത് വർഷങ്ങൾക്ക് ശേഷം അവരൊരു അമ്മയായി.. നിൻ്റെ ജീവിതത്തിലും അത് സംഭവിക്കാൻ പോകുന്നു .. പ്രഗത്ഭരായ ഡോക്ടർമാരും അത്യാധുനികമായ ചികിത്സയും നിൻ്റെ കണ്ണീരൊപ്പാൻ കാത്തിരിപ്പുണ്ട് .. ചെല്ല്.. ചെന്ന് ഡോക്ടറെ കാണ്..
ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന അപമാനവും സങ്കടവുമൊക്കെ തീരാൻ പോകുന്നു എന്ന ചിന്ത എന്നിലും വന്ന് തുടങ്ങിയിരുന്നു. മനസിലേക്ക് ഒരാശ്വാസവും വിശ്വാസവുമൊക്കെ നിറഞ്ഞതുപോലെ.

ഡോക്ടറുടെ റൂമിലേക്ക് നടക്കുമ്പോൾ പുതിയ പ്രതീക്ഷകൾ എന്നിലേക്ക് നിറയുകയായിരുന്നു. എവിടെയോ ഒരു കുഞ്ഞിന്റെ ചിരി ഞാൻ കേട്ടു.
അവൻ പറയുകയാണ്: അമ്മേ.. എത്ര നാളായി ഞാൻ കാത്തിരിക്കുന്നു .. എന്നാണ് എന്നെ ഭൂമിയിലേക്ക് കൂട്ടിക്കൊണ്ട് പോവുക ..?
ഞാൻ മനസ്സിൽ അവനോട് പറഞ്ഞു: ഇനി അധികനാൾ കാത്തിരിക്കണ്ട മോനേ… എത്രയും പെട്ടെന്ന് തന്നെ അമ്മ മോനെ ഇവിടേക്ക് കൊണ്ടുവരും… എത്രയും പെട്ടെന്ന് …
ഒരു സ്വപ്നത്തിലെന്നവണ്ണം ഞാൻ ഡോക്ടറുടെ റൂമിലേക്ക് കയറി.

ശിവൻ മണ്ണയം

By ivayana